മാതോത്ത് പൊയിൽ കോളനി കുട്ടികളും ഓൺലൈൻ പഠനാനുഭവത്തിലേക്ക്

0

വയനാട്: കഴിഞ്ഞ 2 വർഷത്തെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ അനുഭവിച്ച ജില്ലയിലെ പ്രദേശങ്ങളിലൊന്നാണ് പനമരം ഗ്രാമ പഞ്ചായത്തിലെ മാതോത്ത് പൊയിൽ കോളനി. പനമരം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കോളനി നിവാസികളുടെ കൈവശമുള്ള നെൽപാടം കുറെ വർഷങ്ങളായി തരിശായി കിടക്കുകയായിരുന്നു. പ്രസ്തുത വയലിൽ കൃഷിയിറക്കുന്നതിന് ശാസ്ത്രസാഹിത്യ പരിഷത്ത് കോളനി കാർക്ക് കൈത്താങ്ങായി പ്രവർത്തിച്ചു. അതിന്റെ ഫലമായി പന്ത്രണ്ട് ഏക്കറോളം വരുന്ന പാടത്ത് നെൽക്ഷിചെയ്തു. മോശമല്ലാത്ത വിളവ് ലഭിക്കുകയും ചെയ്തു.
ഇതോടൊപ്പം കോളനിയിലെ മറ്റു പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനു വേണ്ടി പരിഷത്ത് കർമപരിപാടികൾ ആവിഷ്കരിച്ചു. സ്വയം തൊഴിൽ സംരംഭം, കോളനിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തൽ എന്നിവ രൂപം നൽകിയ പരിപാടികളിൽ ചിലതാണ്.
കുട്ടികൾക്ക് സ്കൂൾ സമയം കഴിഞ്ഞ് ഒരുമിച്ചിരുന്ന് പഠിക്കുന്നതിന് പഠനകേന്ദ്രം ഒരുക്കി. കോളനിയിൽ തന്നെ താമസിക്കുന്ന ബിരുദത്തിന് പഠിക്കുന്ന വിനീതയെ കുട്ടികൾക്ക് പരിഹാര ബോധനത്തിന് മെന്റർ ടീച്ചറായി നിയമിച്ചു. കൂടാതെ പരിഷത്ത് പ്രവർത്തകരായ അധ്യാപകർ ഇടക്കിടയ്ക്ക് കോളനി സന്ദർശിച്ച് വിവിധ വിഷയങ്ങൾ പഠിക്കാനാവശ്യമായ സഹായം നൽകി.
ഇപ്പോൾ കോളനിയിലെ വിദ്യാർത്ഥികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ ക്ലാസ്സ് അനുഭവിക്കാനും സൗകര്യമൊരുക്കി. പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന ഹ്യൂം സെന്ററും ശസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് പുതിയ ടി.വി. ഇന്നലെ കോളനിയിൽ സ്ഥാപിച്ചു. മലനാട് ചാനൽ കേബിൾ കണക്ഷൻ നൽകി. പഠന കേന്ദ്രത്തിൽ മാസ വരിസംഖ്യ ഇടാക്കാതെയാണ് മലനാട് ചാനൽ കണക്ഷൻ നൽകുന്നത്. ഹ്യൂം സെൻറർ ഡയറക്ടർ പി കെ വിഷണദാസ്, കേന്ദ്ര നിർവ്വാഹക സമിതിയംഗങ്ങളായ ഡോ. സുമ, പ്രൊഫ. ബാലഗോപാലൻ, ജില്ലാ സെക്രട്ടറി എം കെ ദേവസ്യ, കെ ടി ശ്രീവൽസൻ, പി കുഞ്ഞികൃഷ്ണൻ, ശൈലേഷ് എന്നിവരുടെ ശ്രമഫലമായാണ് ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *