മുണ്ടത്തടം ക്വാറിയുടെ പരിസ്ഥിതികാനുമതി റദ്ദാക്കണം

0

കാഞ്ഞങ്ങാട്‌: മുണ്ടത്തടം ക്വാറിക്ക് ജില്ലാ കലക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാ പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി (DEIAA) നല്കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ നടന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ഖനന പ്രദേശത്ത് പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിൽ ഖനന പ്രദേശത്തിന്റെ പാരിസ്ഥിതിക വിലയിരുത്തലും പ്രകൃതിദുരന്ത സാദ്ധ്യതയും ശരിയായ രീതിയിൽ നിർവ്വഹിച്ചിട്ടില്ലെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. സ്ഥലത്തിന്റെ ഉയരവും കുത്തനെയുള്ള ചെരിവും ഈ പ്രദേശത്തെ ഖനനത്തിന് അനുയോജ്യ മല്ലാത്ത ദുരന്ത സാദ്ധ്യത ഏറിയ പ്രദേശമാക്കി മാറ്റുന്നു. ജൈവ വൈവിദ്ധ്യമേറിയ സസ്യാവരണം നഷ്ടപ്പെടുന്നത് കനത്ത മണ്ണൊലിപ്പിനിടയാക്കുകയും പ്രദേശത്തെ ചൂടും വരൾച്ചാ സാദ്ധ്യതയും വർദ്ധിപ്പിക്കുകയും ചെയ്യും. 70 ഏക്കര്‍ വരുന്ന ക്വാറി പ്രദേശത്തു നിന്നും മൂന്ന് അരുവികൾ ഉൽഭവിക്കുന്നുണ്ട്. ഇതിൽ ഖനന സ്ഥലത്ത് നിന്നും പുറപ്പെടുന്ന ചാലിന്റെ ഒഴുക്കിനെ മണ്ണും ഖനനാവശിഷ്ടങ്ങളുമിട്ട് തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ അരുവികൾ ക്വാറിക്ക് തൊട്ട് താഴെയുള്ള മാളൂർക്കയത്തിലെ നാല്പതോളം കുടുംബങ്ങളടെ കുടിവെള്ള സ്രോതസ്സും തേജസ്വിനിപ്പുഴയുടെ കൈവഴിയായ പരപ്പച്ചാലിലെ നീരൊഴുക്ക് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവ യുമാണ്. ഖനനം തുടങ്ങിയതിന് ശേഷം ഈ അരുവികൾ വേനൽക്കാലത്ത് പൂർണ്ണമായും വററുന്നതിനാൽ പ്രദേശത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നു. ജില്ലാതല സമിതി പാരിസ്ഥിക അനുമതി നല്കിയ ഇരുപതോളം വരുന്ന ക്വാറികളുടെ പാരിസ്ഥിതിക വിലയിരുത്തലുകളും അപര്യാപ്തമാണെന്നും കരുതുന്നതിനാൽ അവയ്ക്ക് നല്കിയ പാരിസ്ഥിതിക അനുമതി പുന:പരിശോധിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *