വിദ്യാഭ്യാസത്തിനെ രക്ഷിക്കാനാകുന്നത് ജനകീയ ഇടപെടലിനു മാത്രം: കാർത്തികേയൻ നായർ

0

vidhyabhyasanayam

ചരിത്രത്തിലുടനീളം വിദ്യാഭ്യാസം സ്വാഭാവികമായി ഭരണകൂടതാല്പര്യങ്ങളാണ് സംരക്ഷിച്ചിട്ടുള്ളതെന്നും, അതിനെന്തെങ്കിലും വ്യത്യാസം വരുത്താൻ സാധിക്കുന്നത് ജനകീയ ഇടപെടലുകള്‍ക്ക് മാത്രമാണെന്നും, കാർത്തികേയൻ നായർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അവകാശ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്സ് ക്ലബ് ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തെപ്പറ്റിയായിരുന്നുസെമിനാർ. എക്കാലത്തും ഫാസിസ്റ്റുകൾ താന്താങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ഇന്ത്യയിലും അത് വ്യത്യസ്തമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോഷിജേക്കബ് അധ്യക്ഷതവഹിച്ചു. 2016ൽ അവതരിപ്പിച്ചിരിക്കുന്ന കേന്ദ്രവിദ്യാഭ്യാസനയം നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തെ മുഴുവൻ തള്ളിക്കളയുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിഷയാവതാരകനായ നാരായണൻ വട്ടോളി ഇന്ത്യാ ചരിത്രത്തിലെ ബ്രാഹ്മണാധിപത്യപരമായ കാലഘട്ടത്തിന്റെ ആശയങ്ങളും ആഗോള കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ ലാഭതാല്പര്യങ്ങൾക്കിണങ്ങുന്ന ആശയങ്ങളും കൂട്ടിച്ചേർത്തുകൊണ്ടുള്ള പദ്ധതിയാണ് ഗവൺമെന്റ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. തുടർന്ന് സംസാരിച്ച AKPCTA സംസ്ഥാന പ്രസിഡന്റ് ഒലീന ഇന്ത്യൻ വിദ്യാഭ്യാസം ആഗോള മൂലധനത്തിന് തുറന്നുവയ്ക്കുന്നതിനുവേണ്ടിയുള്ള ടൂളാണ് വർഗീയത എന്ന് അഭിപ്രായപ്പെട്ടു. ഏറ്റവും സ്വതന്ത്രമായി നടക്കേണ്ടുന്ന ഗവേഷണങ്ങൾക്കുപോലും മൂക്കുകയറിടാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. യൂത്ത് കോൺഗ്രസ് ദേശീയസെക്രട്ടറിയായ മാത്യുകുഴൽനാടൻ വിദ്യാഭ്യാസത്തിനെ കേവലം ഒരു കച്ചവടച്ചരക്കാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നു പറഞ്ഞു. വിദ്യാഭ്യാസ ലോണുകൾ ഇന്ന് ഭീതിദമായ അവസ്ഥയിലേക്കാണ് എത്തുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച പി.കെ.വേണുഗോപാൽ അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസനയം മുന്നോട്ട് വയ്ക്കുന്ന അരാഷ്ട്രീയവൽക്കരണത്തിന്റെ സങ്കല്പങ്ങളെ വിമർശിച്ച അദ്ദേഹം രാഷ്ട്രീയം നിരോധിച്ച കാമ്പസുകളില്‍ കുറ്റവൽക്കരണമേറുകയാണെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാട്ടി. രാഹുൽ (SF1), റഹിം (AISF) എന്നിവർ പുതിയ വിദ്യാഭ്യാസനയത്തെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed