ശാസ്ത്രം ആക്രമിക്കപ്പെടുന്നതിനെതിരെ മാർച്ച് ഫോർ സയൻസ്

0

 

 

തൃശ്ശൂർ: ആഗോളതലത്തിലും ദേശീയതലത്തിലും നടക്കുന്ന ശാസ്ത്രവിരുദ്ധതയ്ക്കെതിരെ, ശാസ്ത്രജ്ഞരുടെ സാർവദേശീയ വേദി ആഹ്വാനം ചെയ്ത മാർച്ച് ഫോർ സയൻസ് തൃശ്ശൂരിൽ നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സംഘാടകസമിതിയാണ് മാർച്ചിന് നേതൃത്വം നൽകിത്. ശാസ്ത്രജ്ഞരും അധ്യാപകരും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളും അണിനിരന്ന മാർച്ച് സാഹിത്യ അക്കാദമി പരിസരത്ത് നിന്ന് ആരംഭിച്ച് സ്വരാജ് റൗണ്ട് ചുറ്റി തെക്കേ ഗോപുരനടയിൽ സമാപിച്ചു. പത്മ പുരസ്കാര ജേതാക്കളടക്കം പ്രഗത്ഭരായ ശാസ്ത്രജ്ഞരും പ്രൊഫസർമാരും സർവകലാശാല വൈസ് ചാൻസലർമാരുമടങ്ങുന്ന ശാസ്ത്രസമൂഹമാണ് ഇന്ത്യയിലെമ്പാടും സയൻസ് മാർച്ചിന് ആഹ്വാനം ചെയ്തത്. നേരത്തെ, സാഹിത്യ അക്കാദമി ഹാളിൽ ശാസ്ത്രസെമിനാർ നടന്നു. കേരള കാർഷിക സർവ്വകലാശാല വിജ്ഞാനവ്യാപന വിഭാഗം മേധാവി ഡോ.ജിജു.പി.അലക്സ് സെമിനാർ ഉദ്ഘാടനം ചെയ്തു. സൃഷ്ടിവാദവും പരിണാമസിദ്ധാന്തവും ഒരേസമയം കുട്ടികളെ പഠിപ്പിക്കണം എന്ന് അമേരിക്കയിൽ അനുശാസിക്കപ്പെടുമ്പോൾ ഇന്ത്യയിൽ പരിണാമസിദ്ധാന്തം പാഠപുസ്തകത്തിൽ നിന്ന് തന്നെ നീക്കം ചെയ്യണമെന്ന് ഉത്തരവാദപ്പെട്ടവരിൽ നിന്ന് തന്നെ അഭിപ്രായം ഉയരുന്നു. രണ്ടും ശാസ്ത്രവിരുദ്ധ നീക്കങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രാഭിമുഖ്യമുള്ള നെഹ്റൂവിയൻ കാഴ്ചപ്പാടിനോട് നേരെ എതിരാണ് നിലവിലെ ഇന്ത്യൻ ശാസ്ത്രരംഗം. പൊതുമേഖലയിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ ശ്രമം നടക്കേണ്ടതുണ്ട്. കാലാവസ്ഥാമാറ്റവും ആഗോളതാപനവും തുടങ്ങിയ ശാസ്ത്രസത്യങ്ങൾ കെട്ടുകഥയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് പറയുമ്പോൾ ഇന്ത്യയിൽ ഐതിഹ്യകഥകൾ ശാസ്ത്രമാണെന്ന് സ്ഥാപിച്ചെടുക്കുന്നു. ആഗോള ദേശീയ സാഹചര്യങ്ങൾ ഇന്ന് ശാസ്ത്രത്തിന് എതിരാണ്. ശാസ്ത്രത്തിനു വേണ്ടി തെരുവിലൊരു റാലി നടത്തേണ്ടി വരുന്ന സാഹചര്യം നിർഭാഗ്യകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ കൺവീനറും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ.കെ.ആർ.ജനാർദനൻ അധ്യക്ഷതവഹിച്ചു. പരിഷത്ത് ജെൻഡർ വിഷയസമിതി ജില്ലാ ചെയർപേഴ്സൻ പ്രൊഫ. സി വിമല മുഖ്യപ്രഭാഷണം നടത്തി. പുരുഷമേധാവിത്തവും ലിംഗവിവേചനവും ജാതീയതയും സവർണ്ണ പക്ഷപാതിത്വവും വർണവിവേചനവും ശാസ്ത്രജ്ഞർക്കിടയിലെ അന്ധവിശ്വാസങ്ങളും കൊടികുത്തിവാഴുന്ന ഇടമാണ് ശാസ്ത്രരംഗം എന്ന് അവർ ഉദാഹരണ സഹിതം പറഞ്ഞു. നിലവിലെ ശാസ്ത്രവിരുദ്ധതയോടൊപ്പം ഇതും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന് പ്രൊഫ. വിമല ചൂണ്ടിക്കാട്ടി . മാർച്ച് ഫോർ സയൻസിന്റെ സംഘാടകസമിതി കൺവീനർ ഡോ. പി.എസ് .ബാബു, വൈസ് പ്രസിഡൻറ് ടി.സത്യനാരായണൻ, പരിഷത്തിന്റെ കല-സംസ്കാരം സംസ്ഥാന കൺവീനർ സി. റിസ്വാൻ, ബ്രേക് ത്രു സയൻസ് സൊസൈറ്റി ജില്ലാ ചാപ്റ്റർ അംഗങ്ങളായ ജി.നാരായണൻ, എ.എം.സുരേഷ്, നന്ദഗോപൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *