ശാസ്ത്രാമൃതം പദ്ധതിക്ക് കാക്കൂരില്‍ തുടക്കമായി

0

കാക്കൂര്‍: യുറീക്ക അമ്പതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ 10 പ്രൈമറി സ്കൂളെ ഉൾപ്പെടുത്തിക്കൊണ്ട് സർഗ്ഗാത്മക വിദ്യാഭ്യാസ പരിപാടിയായ “ശാസ്ത്രാമൃതം” പദ്ധതിക്ക് തുടക്കമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് എന്നിവരെ ഉൾപ്പെടുത്തി പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘാടക സമിതിയും അക്കാദമിക് കൗൺസിലും രൂപീകരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ആദ്യ പരിപാടിയായ “വായനാ വസന്തം” ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ സി എം ഷാജി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറൽ കൺവീനർ ദിനേശ് നടുവല്ലൂർ, അക്കാദമിക് കൗൺസിൽ കൺവീനർ യു മൊയ്തീൻ, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഇളവനി അശോകൻ, ചേളന്നൂർ മേഖലാ പ്രസിഡണ്ട് സി ശിവാനന്ദൻ, യുറീക്ക പത്രാധിപസമിതി അംഗങ്ങളായ ജനു, എൻ പി സിന്ധു, ഷിനോജ് രാജ്, നാസർ എന്നിവർ സംസാരിച്ചു.
എൽ പി വിഭാഗത്തിൽ പി സി പാലം എ യു പി സ്‌കൂളിലെ ആത്മീക പി എൽ ഒന്നാംസ്ഥാനവും പുന്നശ്ശേരി സൗത്ത് എ എം എൽ പി സ്കൂളിലെ ശ്രീരാഗ് പി ബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ പി സി പാലം എ യു പി സ്‌കൂളിലെ ജന്ന റയ്യാൻ ഒന്നാം സ്ഥാനവും നൈസാം ഫാറൂഖ് രണ്ടാം സ്ഥാനവും നേടി. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് സമ്മാനദാനവും നടത്തി.
“ബഹിരാകാശ ശാസ്ത്രം അൻപത് വർഷം പിന്നിടുമ്പോൾ” എന്ന പ്രമേയത്തെ ആസ്പദമാക്കി ചന്ദ്രദിന പരിപാടി സ്കൂൾ തലങ്ങളിൽ ജൂലൈ 24നും പഞ്ചായത്ത് തല പരിപാടി 26നും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed