പാല :- നവോത്ഥാന ചിന്തകൾക്ക് ശക്തി പകരുന്നതിനും, ശാസ്ത്രബോധം ജനങ്ങളിലെത്തിക്കുന്നതിനും, ജില്ലാതല പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പഴയകാല പ്രവർത്തകരുടെ ഊർജം ആവേശം നൽകുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധൻ അഭിപ്രായപ്പെട്ടു.കോട്ടയം ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പാലാ മേഖലയിലെ പഴയ കാല പ്രവർത്തകരുടെ കൂട്ടായ്മയായ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 26ന് ഭരണങ്ങാനം ഓശാന മൗണ്ടിൽ വച്ച് പാല മേഖലയിലെ 1975 മുതൽ 2000 വരെ പ്രവർത്തിച്ചവരുടെ സംഗമം നടന്നു. തങ്ങൾ പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലെ അനുഭവങ്ങൾ ഉള്ളുതുറന്ന് ഒരോരുത്തരായി പങ്ക് വച്ചപ്പോൾ അത് ഒരു വൈകാരികമായ പുത്തനനുഭവമായി തീർന്നു. അറിവും വിവേകവും പൊതുജന സേവനതാല്‍പര്യവും ഒക്കെ തന്നത് പരിഷത്തായിരുന്നു. ജീവിതത്തേയും, വീക്ഷണത്തേയും മാറ്റിമറിച്ചതും പിൽകാലത്ത് ജീവിതവിജയങ്ങൾ കൈവരിക്കാൻ കഴിഞ്ഞതും പരിഷത്ത് പ്രവർത്തനത്തിൽ നിന്നുള്ള ഊർജമാണെന്ന് മുൻകാല പ്രവർത്തകർ പറയുകയുണ്ടായി. പരിഷത്ത് പ്രവർത്തനങ്ങളെ വിമർശിക്കുകയോ, തള്ളി പറയുകയോ ചെയ്യാതെ ഇന്നും നെഞ്ചിലേറ്റി പുതിയ കാലത്തോടൊപ്പം പരിഷത്തിൽ നിലകൊള്ളുമെന്ന് പ്രത്യാശ നൽകി ക്കൊണ്ടാണ് സൗഹൃദ സംഗമം അവസാനിച്ചത്.സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരൻ, ജില്ലാ പ്രസിഡണ്ട് T S അമൃത നാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ R സനൽ കുമാർ, K A രാജൻ, വേദവ്യാസൻ, വിജു KN, എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് മേഖലാ പ്രസിഡണ്ട് ജയകുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ബാലകൃഷ്ണൻ സ്വാഗതവും, മേഖലാ സെക്രട്ടറി സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *