അറിയാം രോഗങ്ങളെ- ബ്രോഷർ പ്രകാശനം ചെയ്തു

0
‘അറിയാം രോഗങ്ങളെ’ ബ്രോഷർ പ്രകാശനവും മുൻ പ്രസിഡണ്ട് പ്രൊഫ. കെ ശ്രീധരൻ നിർവഹിക്കുന്നു.

കോഴിക്കോട്: രോഗങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ദിനംപ്രതിയെന്നോണം നമ്മുടെ സംശയങ്ങൾ ഏറിവരികയാണ്. രോഗങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും കൃത്യവും ശാസ്ത്രീയവുമായ അറിവുണ്ടാവുകയാണെങ്കിൽ പല രോഗങ്ങളെയും നമുക്ക് ചെറുക്കാൻ കഴിയും. രോഗ ചികിത്സ ആകട്ടെ എളുപ്പവും ഫലപ്രദവുമാകും. അതേ അവസരം രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ഭയവും മുതലെടുത്തുകൊണ്ട് നിരവധി അശാസ്ത്രീയ പ്രവണതകൾ വർധിച്ചുവരികയാണിവിടെ. ഇതിനെല്ലാമുള്ള പരിഹാരമെന്നോണം പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ പുസ്തകമാണ് ‘അറിയാം രോഗങ്ങളെ’.
മെഡിക്കൽ കോളേജിലെയും പ്രശസ്ത സ്ഥാപനങ്ങളിലെയും വിദഗ്ധ ഡോക്ടർമാരുടെയും ഒരു പാനലാണ് പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പരിഷത്തിലെ ജനകീയ ആരോഗ്യപ്രവർത്തകരും ഇതിൽ പങ്കാളികളാവുന്നു. 120 ഓളം ചോദ്യങ്ങളിലൂടെയും അവയുടെ ഉത്തരങ്ങളിലൂടെയും എല്ലാ സമകാലീന രോഗങ്ങളെയും കുറിച്ചുള്ള ആധുനിക വിവരം സാധാരണക്കാർക്ക് ലഭ്യമാക്കുന്നു. 2021 ഏപ്രിലിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ വിൽപനയും ബ്രോഷർ പ്രകാശനവും മുൻ പ്രസിഡണ്ട് പ്രൊഫ. കെ ശ്രീധരൻ നിർവഹിച്ചു. ജനിതക കാരണങ്ങളാലുള്ളതൊഴികെ മിക്ക രോഗങ്ങളുടെയും ഉറവിടം സാമൂഹികം ആണെന്നും അതിനാൽ അവയ്ക്ക് പരിഹാരം കാണേണ്ടത് സാമൂഹ്യ തലത്തിൽ തന്നെ ആയിരിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിന്ധു കുരുടത്ത് ആദ്യ വരിസംഖ്യ നൽകി.
കോഴിക്കോട് സർവ്വകലാശാല ലൈഫ് സയൻസ് മേധാവി ഡോ. ബി എസ് ഹരികുമാർ അധ്യക്ഷനായി. ഡോ. മിഥുൻ സിദ്ധാർത്ഥൻ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് കോവിഡ് ഉയർത്തുന്ന മാനസിക വിഷമങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. 800 രൂപ മുഖവിലയുള്ള പുസ്തകം 500 രൂപ പ്രീ പബ്ലിക്കേഷൻ വിലക്കാണ് ഇപ്പോൾ നൽകുന്നത്. പുസ്തകം വിറ്റുകിട്ടുന്ന മുഴുവൻ തുകയും കോഴിക്കോട് പരിഷത്ത് ഭവൻ പുനർ നിർമ്മാണത്തിന് വേണ്ടിയാണ് ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *