കൂടുതൽ കരുത്താർജിക്കുക
ആഗസ്റ്റ് 13ലെ മാസിക കാമ്പയിന്‍ പ്രവർത്തനത്തിന് ഇറങ്ങിയ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഒരുലക്ഷം മാസികയുടെ പ്രചാരണമാണ് നാം ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ആ ലക്ഷ്യത്തിലെത്തിച്ചേരാൻ ഇനിയും ബഹുദൂരം മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്. മാസിക പ്രചാരണം ഒരു സംഘടനാ പ്രവർത്തനം കൂടിയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരിസരരംഗത്തും വികസനരംഗത്തും നമ്മൾ തീരുമാനിച്ച പ്രവർത്തനങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരിക്കും എന്ന് കരുതുന്നു.
നെൽവയൽ-തണ്ണീർത്തട ഡാറ്റാബേസ് ഉടൻ പ്രസിദ്ധീകരിക്കണമെന്നും വനനിയന്ത്രണത്തിൽ വരുത്തിയിട്ടുള്ള ഇളവുകൾ പിൻവലിച്ച് പാറഖനനം പൊതു നിയന്ത്രണത്തിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് എംഎൽഎമാർക്കുള്ള നിവേദനം പൊതുശ്രദ്ധ പിടിച്ചുപറ്റും വിധം നൽകാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യണം. എല്ലാ എംഎൽഎമാരെയും നേരിൽ കണ്ട് നിവേദനം കൊടുക്കാനുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്യേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ജില്ലകളിലെ എത്തിച്ചിട്ടുള്ള പോസ്റ്ററുകൾ ഇതിനകം പ്രചരിപ്പിച്ചു കഴിഞ്ഞിരിക്കുമല്ലോ.
മറ്റൊന്ന് വികസന ശിൽപശാലയാണ്. രണ്ടു വർഷങ്ങൾക്കു മുമ്പ് വ്യത്യസ്ത സ്ഥലങ്ങളിലായി നാം നടത്തിയ വികസന കോൺഗ്രസിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന നിർദ്ദേശങ്ങളും വികസനത്തിന്റെ സ്വഭാവത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വിലയിരുത്തി പരിസ്ഥിതി സൗഹൃദപരവും ദരിദ്രപക്ഷപാതിത്വപരവുമായ സുസ്ഥിരവികസനം സാമൂഹ്യ ചർച്ചക്ക് വിധേയമാക്കുക എന്നതാണ് നാം ലക്ഷ്യമിടുന്നത്. അതിനായുള്ള ആദ്യ ശിൽപ്പശാല സെപ്റ്റംബർ 1,2 തീയതികളിൽ കൊല്ലത്ത് വച്ച് നടക്കും. നമ്മുടെ 100 മുൻനിര പ്രവർത്തകരാണ് ശിൽപ്പശാലയിൽ പങ്കെടുക്കേണ്ടത്. തുടർന്ന് നടക്കേണ്ട സംവാദയാത്ര ഫലപ്രദമാകണമെങ്കിൽ ശിൽപ്പശാലയിലെ പങ്കാളിത്തം അനിവാര്യമാണ്.
യുപിയിലെ ഗൊരഖ്പുരിൽ നടന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മരണം നമ്മെ ഏറെ വേദനിപ്പിക്കുന്നു. ആരോഗ്യരംഗം ഇത്രയും പുരോഗമിച്ച ഈ കാലഘട്ടത്തിൽ കാരണം എന്തുതന്നെയായാലും ഒരിക്കലും സംഭവിച്ചു കൂടാൻ പാടില്ലാത്തതായിരുന്നു ഈ ദുരന്തം. ഹതഭാഗ്യരായ ഈ പിഞ്ചു കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നിർത്തുന്നു.
സ്നേഹത്തോടെ
ടി.കെ മീരാഭായ്