അംഗത്വ പ്രവര്‍ത്തനം രണ്ടാംഘട്ടം വിജയിപ്പിക്കുക

0

ഏത് സംഘടനയുടെയും അടിസ്ഥാന പ്രവര്‍ത്തനമാണ് സംഘടനയിലേക്ക് അംഗങ്ങളെ ചേര്‍ക്കുന്ന പ്രവര്‍ത്തനം. സംഘടനയുടെ മന്നോട്ടുളള വളര്‍ച്ചയുടെ മുന്നുപാധികൂടിയാണത്. ഓരോ സംഘടനയും സമൂഹത്തില്‍ നിര്‍വഹിക്കുന്ന ദൗത്യവും പ്രവര്‍ത്തന രീതിയുമാണ് അതിലെ അംഗങ്ങള്‍ ആരൊക്കെ എന്ന് തീരുമാനിക്കാന്‍ അടിസ്ഥാനമാകേണ്ടത്. അതിനനുസൃതമായ അംഗത്വ ചേരുവയല്ലയെങ്കില്‍ ലക്ഷ്യബോധമുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്യാമെന്നല്ലാതെ അത് നിര്‍വഹിക്കാന്‍ സാധിക്കയില്ല.
എന്നാല്‍ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി നമ്മുടെ അംഗത്വ ചേരുവയിലെ ഈ വൈവിധ്യം നഷ്ടമാകുകയാണ്. ആദ്യകാലത്ത് സംഘടനയില്‍ വന്നവരൊഴിച്ച് ശാസ്‌ത്രരംഗത്ത് പ്രവര്‍ത്തിച്ച് അനുഭവവും വിജ്ഞാനവും ഉള്ളവര്‍ സംഘടനയില്‍ ഇന്ന് വേണ്ടത്രയില്ല. ശാസ്‌ത്ര പ്രചാരകരുടെയും സര്‍ഗശേഷിയുള്ളവരുടെയും എണ്ണവും കുറവ് തന്നെ. അതിന്റെ കുറവ് പരിഹരിക്കുന്നത് പലപ്പോഴും സംഘടനക്ക് പുറത്തുള്ളവരെ ക്ഷണിതാക്കളായി നമ്മുടെ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിച്ചാണ്. എന്നാല്‍ ദീര്‍ഘകാലം ഈവിധം സഹകരിച്ചവര്‍ പോലും സംഘടനയില്‍ അംഗമായിട്ടില്ല എന്നത് പലയിടത്തും കാണാന്‍കഴിയും. സന്നദ്ധപ്രവര്‍ത്തകരും ഏതാനും സംഘാടകരും എന്ന സ്ഥിതിയിലേക്ക് സംഘടന മാറുന്നതിലേക്കാണത് നയിക്കുക. മാസികാ പ്രവര്‍ത്തനം, പുസ്തക പ്രചാരണം, കലാജാഥാസ്വീകരണം, പ്രതിഷേധ പരിപാടികള്‍… ഇവയൊക്കെ മാത്രമേ അത്തരമൊരു സംഘടനക്ക് ചെയ്യാനാവൂ. അവ വളരെ പ്രധാനവുമാണ്. പക്ഷേ നാം ലക്ഷ്യം വെക്കുന്നതിലെ വളരെ ചെറിയൊരളവേ അതിലൂടെ ലഭിക്കൂ.
അധ്യാപകര്‍ ഒരു കാലത്ത് നമ്മുടെ ശക്തിയായിരുന്നു. വലിയ ശിഷ്യഗണത്തെ ശാസ്‌ത്രബോധമ്മുള്ളവരുടെ നിരയിലേക്ക് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയും. മറ്റൊന്ന് നമ്മുടെ സംഘടനയില്‍ സജീവരായ യുവാക്കള്‍ വളരെ പരിമിതമാണെന്നതാണ്. എണ്‍പതുകളില്‍ പരിഷത്ത് പ്രവര്‍ത്തകരിലേറെയും യുവാക്കളായിരുന്നു. അല്പമെങ്കിലും ഇക്കാര്യത്തില്‍ പുരോഗതിയുണ്ടായത് യുവസമിതി പ്രവര്‍ത്തനത്തിലൂടെയാണ്. എന്നാല്‍ അവരെ തന്നെ പൂര്‍ണമായി സംഘടനയിലേക്കാകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ കഴിയാത്തവരെയും സംഘടനയിലേക്കാകര്‍ഷിക്കേണ്ടേ? സംഘടനയില്‍ ലിംഗസമത്വബോധം ബോധപൂര്‍വ്വം കൊണ്ടുവരാന്‍ ശ്രമിക്കുന്ന സംഘടനയാണ് നമ്മുടേത്. പ്രവര്‍ത്തനത്തില്‍ മാത്രമല്ല അംഗത്വചേരുവയിലും പ്രവര്‍ത്തകനിരയിലും അത് ദൃശ്യമാകണം. കേരളത്തില്‍ പെണ്‍കുട്ടികളും സ്‌ത്രീജനങ്ങളും വലിയ തോതില്‍ പൊതു പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരാകുന്നുണ്ട്. എന്നിട്ടുമെന്തേ പരിഷത്തില്‍ അത് ദൃശ്യമാകുന്നില്ല എന്ന് പലരും ചോദിക്കുന്നു. നാം കഴിഞ്ഞ വര്‍ഷം കൊണ്ടു വന്ന ഭരണഘടനാ ഭേദഗതി ഈ സ്ഥിതി മാറ്റാന്‍ ലക്ഷ്യമിട്ട പ്രധാന ചുവടുവയ്പായിരുന്നു. എന്നാല്‍ അത് കൊണ്ടു മാത്രമായില്ല. നമ്മുടെ സംഘടനയില്‍ സജീവരായ വനിതാ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. അതിന് സന്നദ്ധരായവരെ സംഘടനയിലേക്ക് നിര്‍ബന്ധമായും കൊണ്ടുവരണം. സമൂഹത്തിലെ ഏറ്റവുംഅടിസ്ഥാന വിഭാഗങ്ങളെയാണ് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ, നിലപാടുകളുടെ ഗുണഭോക്താക്കളായി നാം മുഖ്യമായും കാണുന്നത്. എന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനുള്ള പരിമിതി ആ വിഭാഗങ്ങളില്‍ നിന്നുള്ള പ്രാതി നിധ്യം സംഘടനയില്‍ വേണ്ടുവോളമില്ല എന്നതാണ്. അതിനാല്‍ പ്രാന്തവത്കരിക്കപ്പെടുന്ന ജീവിതമേഖലകളില്‍ നിന്ന്, വിഭാഗങ്ങളില്‍ നിന്ന് നാം പ്രവര്‍ത്തകരെ ബോധപൂര്‍വ്വം അംഗങ്ങളാക്കാന്‍ ശ്രമിക്കണം.
ഇന്ന് നമ്മുടെ അംഗത്വ പ്രവര്‍ത്തനം നടത്താനുള്ള ചുമതല യൂണിറ്റുകള്‍ക്കാണ്. എണ്ണമെടുത്താല്‍ ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലും നഗരസഭകളിലും പരിഷത്ത് യൂണിറ്റുകളുണ്ട്. എന്നാല്‍ കേരളത്തില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും പരിഷത്ത് പ്രവര്‍ത്തനം എത്തുന്നു എന്ന് ഇത്കൊണ്ട് അര്‍ത്ഥമാകുന്നില്ല. പരിഷത്തിന്റെ റോള്‍ മനസ്സിലാക്കി ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന യൂണിറ്റുകള്‍ ചെറിയ ശതമാനമേ വരൂ. ഏറെയും മേഖലാ- ജില്ലാ കമ്മിറ്റികളുടെ സമ്മര്‍ദ്ദഫലമായി അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ നീക്കുന്നവയാണ്. ഇതില്‍ ഏറ്റവും ദുര്‍ബലമായി നടക്കുന്നത് പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന പ്രവര്‍ത്തനമാണ്. യൂണിറ്റ് ഭാരവാഹികളുടെ സൗഹൃദ വൃത്തത്തിനപ്പുറത്തേക്ക് ഈ അംഗത്വ പ്രവര്‍ത്തനം പലപ്പോഴും മുമ്പോട്ട് പോകാറില്ല. സംഘടനയെ സ്വാംശീകരിച്ച മേഖലാതലം മുതലുള്ള പ്രവര്‍ത്തകരാകട്ടെ മറ്റ് കൃത്യാന്തര ബാഹുല്യത്താല്‍ ഈ പ്രവര്‍ത്തനം യൂണിറ്റുകളുടെ പ്രവര്‍ത്തനമായി മാത്രം കണ്ട് അതില്‍ പങ്കാളികളാകാറുമില്ല.
യഥാര്‍ത്ഥത്തില്‍ പരിഷത്തുമായി സഹകരിക്കാനാഗ്രഹിക്കുന്ന, തങ്ങളുടെ കഴിവുകള്‍ പരിഷത്തിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുന്നവര്‍ ഏറെപ്പേര്‍ നമ്മുടെ നാട്ടിലുണ്ട്. പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള സമയം തീരുമ്പോഴേയ്ക്കും ഒരു യൂണിറ്റില്‍ ചുരുങ്ങിയത് 100 അംഗങ്ങളെയെങ്കിലും ചേര്‍ക്കാന്‍ നമുക്ക ‌കഴിയണം
അംഗത്വം ചേര്‍ക്കല്‍ അനുഭവങ്ങള്‍ പങ്കിടുമല്ലോ?

സ്നേഹാന്വേഷണങ്ങളോടെ,
മീരാ ഭായ് ടി.കെ

Leave a Reply

Your email address will not be published. Required fields are marked *