കർഷക സമരത്തിന് ഐക്യദാർഢ്യം
വയനാട്: കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പുൽപ്പള്ളി ടൗണിൽ പ്രകടനവും ധർണ്ണയും നടത്തി.
കർഷക ബില്ലുകൾ നടപ്പായാൽ കാർഷിക മേഖല തകരുകയും റേഷൻ കടകൾ വരെ അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യുമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ മേഖല പ്രസിഡന്റ് വി എസ് ചാക്കോ പറഞ്ഞു. നാടിനെ പട്ടിണിയിലാക്കുന്ന, കർഷകരെ കോർപ്പറേറ്റുകൾക്കു മുന്നിൽ അടിയറ വെയ്ക്കുന്ന കർഷക ബില്ലുകൾ പിൻവലിച്ച് കാർഷിക മേഖലയെ രക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ സി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജോസ് ചെറിയാൻ, എം എം ടോമി, എൻ സത്യനന്ദൻ, സി ജി ജയപ്രകാശ്, ഒ കെ പീറ്റർ, പി യു മർക്കോസ് തുടങ്ങിയവർ നേതൃത്വം നല്‍കി.
കൊല്ലം: ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യമേകിക്കൊണ്ട് കൊട്ടാരക്കര – വെട്ടിക്കവല മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര പട്ടണത്തിൽ ജാഥ നടത്തി.
കാർഷിക ഉപകരണങ്ങളും കറ്റക്കെട്ടും പ്ലക്കാർഡുകളും ജാഥയെ ശ്രദ്ധേയമാക്കി. കച്ചേരിമുക്കിൽ സമാപിച്ച റാലിയെ മേഖലാ സെക്രട്ടറി കെ ശശികുമാർ, പ്രസിഡന്റ് ബി രാജശേഖരൻ നായർ, എം ശശിധരൻ പിള്ള, ആർ പ്രഭാകരൻ പിള്ള എന്നിവർ അഭിസംബോധന ചെയ്തു.
കോട്ടയം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈരാറ്റുപേട്ടയിൽ നടത്തിവരുന്ന അനിശ്ചിതകാല സായാഹ്ന സത്യാഗ്രഹത്തിന്റെ ഇരുപത്തിരണ്ടാം ദിവസം പരിഷത്ത് പ്രവർത്തകർ സമരകേന്ദ്രത്തിൽ അനുഭാവ സത്യാഗ്രഹം നടത്തി. കെ എം ജെ പയസ് അദ്ധ്യക്ഷത വഹിച്ചു.
നിർവ്വാഹകസമിതി അംഗം ജോജി കൂട്ടുമ്മേൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ എ രാജൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, വി എം അബ്ദുള്ളാഖാൻ, എബി പൂണ്ടിക്കുളം എന്നിവർ സംസാരിച്ചു.
കൊല്ലം: കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുഖത്തല മേഖലയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയിൽ മുൻ നിർവാഹക സമിതിയംഗം കൊട്ടിയം രാജേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം ബി വേണു, മുരളിധരൻ പിള്ള, മേഖലാ സെക്രട്ടറി ഷീലാ ബൈജു എന്നിവർ സംസാരിച്ചു.