ജനറല്‍ സെക്രട്ടറിയുടെ കത്ത്
സ്കൂള്‍ കലോത്സവം ആര്‍ക്കുവേണ്ടി?
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാരകലാമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളാ സ്കൂള്‍ കലോത്സവം തൃശ്ശൂരില്‍ സമാപിച്ചിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. കലാപ്രതിഭ, കലാതിലകപട്ടങ്ങള്‍ നിര്‍ത്തലാക്കിയതിനു ശേഷം 117.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കപ്പാണ് കലോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. കലാമേള നടക്കുന്ന സമയത്തല്ലാതെ ഈ കപ്പ് ആരും കാണുന്നില്ല. ഞങ്ങള്‍ക്ക് കിട്ടി എന്നു പറയുകയല്ലാതെ പ്രദര്‍ശിപ്പിക്കാന്‍ പോലും കഴിയാത്ത സമ്മാനം കൊണ്ട് ആര്‍ക്കെന്തു കാര്യം? സൂക്ഷിക്കാനും മേള നടക്കുന്ന കേന്ദ്രത്തിലേക്ക് വലിയ അകമ്പടിയോെട കപ്പ് കൊണ്ടുവരുന്നതിനും വേണ്ടി വരുന്ന ചിലവ് വേറെ. കപ്പ് ലക്ഷ്യമിട്ടുകൊണ്ട് ജില്ലകളില്‍ നിന്നു തന്നെ അപ്പീലുകള്‍ കൂടുതല്‍ അനുവദിക്കുന്ന പ്രവണതയുണ്ടെന്നും പറയപ്പെടുന്നു. പങ്കാളികളുടെ എണ്ണം നോക്കിയാല്‍ ഇത് ശരിയാണെന്ന് തന്നെ തോന്നിപ്പോകും.
ഈ വര്‍ഷം പുതുക്കിയ മാനുവല്‍ പ്രകാരമാണ് കലോത്സവം നടത്തിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ വേര്‍തിരിക്കുന്നില്ലായെന്നുള്ളതും എ ഗ്രേഡ് കിട്ടിയ മുഴുവന്‍ കുട്ടികള്‍ക്കും സാംസ്കാരിക സ്കോളര്‍ഷിപ്പെന്ന നിലയില്‍ നിശ്ചിത തുക സമ്മാനമായി നല്‍കിയതും പല മത്സര ഇനങ്ങളും പൊതുവിഭാഗത്തിലേക്കു മാറിയതും മേള 5 ദിവസം കൊണ്ട് നടത്തിയതുമെല്ലാം ഈ കലോത്സവത്തിന്റെ പ്രത്യേകതകളാണ്.
എന്നാല്‍ അപ്പ്ീലുകള്‍ക്ക് ഒരു കുറവുമുണ്ടായില്ല. ഡി.ഡി. ഇ. മാര്‍ ജില്ലകളില്‍ നിന്നും അനുവദിച്ച അപ്പീലുകളെ കൂടാതെ 4500ഓളം കുട്ടികള്‍ അപ്പീലുകളുമായി മത്സരവേദിയിലെത്തി. അപ്പീലുകള്‍ക്കു ബാലവകാശകമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ അവസ്ഥയുണ്ടായി. അപ്പീല്‍ ഇനത്തില്‍ 44.45 ലക്ഷം രൂപ പിരിഞ്ഞു കിട്ടിയെന്നാണ് കണക്ക്. സ്കൂള്‍, ഉപജില്ല, ജില്ല എന്നിങ്ങനെ 3 ഘട്ടങ്ങള്‍ കഴിഞ്ഞാണ് കുട്ടികള്‍ സംസ്ഥാന തലത്തിലെത്തുന്നത്. 14 ജില്ലകളില്‍ നിന്നായി ഓരോ ഇനത്തിലും പങ്കെടുക്കേണ്ടത് 14 കുട്ടികളോ, ഗ്രൂപ്പുകളോ ആണ്. അതാണ് 40ഉം 45 ഉം എല്ലാമായി ഉയരുന്നത്. പങ്കെടുക്കുന്ന കുട്ടികളുടെ സാമൂഹ്യ സാമ്പത്തികാവസ്ഥ പരിഗണിക്കുമ്പോഴാണ് ഏതു വിഭാഗത്തില്‍ പെടുന്ന കുട്ടികളാണ് കൂടുതലായും തെരഞ്ഞെടുക്കപ്പെടുന്നതെന്ന് ബോധ്യമാവുക. പണമില്ല എന്ന ഒറ്റ കാരണം കൊണ്ടുതന്നെ പ്രതിഭയുള്ളവരില്‍ ഭൂരിഭാഗവും മത്സരവേദിക്കു പുറത്താണ്. കലോത്സവമുണ്ടാക്കുന്ന പിരിമുറുക്കം വേറെ. വേദികളില്‍ നിന്നും വേദികളിലേക്കുള്ള ഓട്ടം, വേഷം കെട്ടി ഊണും ഉറക്കവും ഉപേക്ഷിച്ചു കൊണ്ടുള്ള കാത്തിരിപ്പ്. എല്ലാം ഗ്രേസ് മാര്‍ക്കെന്ന വലിയ സ്വപ്നം എത്തിപ്പിടിക്കാന്‍ വേണ്ടി മാത്രം. എ ഗ്രേഡിന് -30, ബി ഗ്രേഡിന് -24, സി ഗ്രേഡിന് – 18 ഇതോടെ എല്ലാം അവസാനിക്കുന്നു.
കലോത്സവങ്ങള്‍ പരമാവധി കുട്ടികള്‍ക്ക് പങ്കെടുക്കാനുള്ള അവസരമൊരുക്കിക്കൊണ്ട് പഞ്ചായത്തു തലത്തിലൊ, ജില്ലാ തലത്തിലൊ അവസാനിപ്പിച്ച് ഗ്രേസ് മാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വെയ്റ്റേജ് ആയി മാറ്റണമെന്നുള്ള നിര്‍ദേശം പരിഷത്ത് മുമ്പേ മുന്നോട്ട് വച്ചിട്ടുള്ളതാണ്. ഇത്രയധികം മനുഷ്യവിഭവവും സമ്പത്തും വിനിയോഗിച്ച് നടത്തുന്ന ഈ കലാമേളയുടെ ഗുണഭോക്താക്കള്‍ മൊത്തം കുട്ടികളുടെ ഒരു ശതമാനം പോലും വരില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വിജിലന്‍സ് പോലീസിന് ഓഫീസ് തുറന്നു കൊടുത്തു കൊണ്ടും വിധികര്‍ത്താക്കളുടെ ഫോണ്‍ പരിശോധിച്ചും രഹസ്യപോലീസുകാര്‍ പന്തലില്‍ നടന്ന് നിരീക്ഷണം നടത്തിയും എത്രകാലം നമുക്കി കലാമേളകള്‍ മുന്നോട്ടു കൊണ്ടുപോകാനാകും?
കേരള സ്കൂള്‍ കലോത്സവത്തിന്റെ അശാസ്‌ത്രീയതകള്‍ (ഭക്ഷണപ്പുരയില്‍ പത്തായം നിറക്കലും പാലുകാച്ചലുമടക്കം) തുറന്നു കാണിച്ച് കലോത്സവത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അതിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ബാധ്യത അധ്യാപകരും കേരള സമൂഹവും ഏറ്റെടുക്കേണ്ടതുണ്ട്.
ജനോത്സവത്തില്‍ ഇത് ഒരു സംവാദമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിയണം.
സ്നേഹത്തോടെ
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി