ജനറല്‍ സെക്രട്ടറിയുടെ കത്ത്
സുഹൃത്തുക്കളേ,
സംഘടനയ്ക്കകത്ത് പുതിയ ഉണര്‍വും ആവേശവും ഉളവാക്കികൊണ്ട് വികസനക്യാമ്പയിന്റെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ഗ്രന്ഥശാലകള്‍, കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, നാട്ടിന്‍പുറങ്ങള്‍ തുടങ്ങി വ്യത്യസ്തങ്ങളായ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കുവാനും ജനപ്രതിനിധികള്‍, സാമൂഹ്യ-രാഷ്ട്രീയ മേഖലയിലുള്ളവര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംവദിക്കുവാനും സാധിച്ചു. സംവാദങ്ങളും സെമിനാറുകളും ക്ലാസുകളുമെല്ലാം സംഘടിപ്പിച്ച് പല സ്വീകരണകേന്ദ്രങ്ങളെയും നാം മികവുറ്റതാക്കി. ഇപ്പോള്‍ സംഘടനയ്ക്ക് ഉണ്ടായിരിക്കുന്ന ഈ സജീവത തുടര്‍പ്രവര്‍ത്തനങ്ങളിലും നിലനിര്‍ത്താനാകണം. വരും നാളുകള്‍ നമ്മെ സംബ്ബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്
അടിസ്ഥാന സംഘടനാ പ്രവര്‍ത്തനമായ മാസികാ പ്രചാരണത്തില്‍ ഈ വര്‍ഷം നാം ഏറെ പുറകിലാണ്. ജാതീയതയും അന്ധവിശ്വാസങ്ങളും ശാസ്ത്രനിരാസവും സാമൂഹിക അസമത്വങ്ങളും പുരുഷാധിപത്യവുമെല്ലാം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യുക്തിചിന്തയും ശാസ്ത്രബോധവും ജനാധിപത്യബോധവും ലിംഗതുല്യതയുമെല്ലാം നമ്മുടെ കുട്ടികളിലേക്കും പൊതുജനങ്ങളിലേക്കും സന്നിവേശിപ്പിക്കാനുള്ള ശക്തമായ ഉപാധി എന്ന നിലയില്‍ മാസികകളെ കണ്ടാല്‍ മാത്രമേ കാലം ആവശ്യപ്പെടുന്ന രീതിയില്‍ അവയുടെ പ്രചാരണം വര്‍ധിപ്പിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. ഇപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സര്‍ക്കുലേഷനുമായി മാസികകള്‍ നിലനില്‍ക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ നാം അവലംബിച്ചേ മതിയാകൂ. ഡിസംബര്‍ 1 മുതല്‍ 20 വരെ നടത്തുന്ന മാസികാ ക്യാമ്പയിനില്‍ പരമാവധി വരിക്കാരെ കണ്ടെത്താനുള്ള പരിപാടികള്‍ മേഖലാ യൂണിറ്റ് തലങ്ങളില്‍ തയ്യാറാക്കണം. മാസികാപ്രചാരണത്തിന്റെ രാഷ്ട്രീയം നാം ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. കേന്ദ്രനിര്‍വാഹകസമിതി മുതല്‍ യൂണിറ്റ് തലം വരെയുള്ള മുഴുവന്‍ പ്രവര്‍ത്തകരും ഈ പ്രക്രിയയില്‍ പങ്കാളികളാവണം. സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളിലും വിദ്യാലയങ്ങളിലും ക്ലബ്ബുകളിലുമെല്ലാം നമ്മുടെ മാസികകള്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മാസികാ പ്രചാരണം നടക്കാത്ത ഒരു യൂണിറ്റുപോലും ഉണ്ടാകരുതെന്ന് നിര്‍ബന്ധം പിടിക്കണം.
ജനുവരി മാസത്തില്‍ നമ്മള്‍ ജനോത്സവത്തിലേക്ക് പ്രവേശിക്കുകയാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന സാമൂഹ്യനീതി, ലിംഗതുല്യത, ശാസ്ത്രബോധം, യുക്തിചിന്ത തുടങ്ങിയ മൂല്യങ്ങള്‍ കേന്ദ്രപ്രമേയമാക്കികൊണ്ടുള്ള വിവിധയിനം പരിപാടികളാണ് ജനോത്സവത്തിലൂടെ നാം ലക്ഷ്യമിടുന്നത്. അതോടൊപ്പം ജനുവരി 16 മുതല്‍ 30 വരെയുള്ള സമയത്ത് കലാജാഥയും ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
ജനവിരുദ്ധവും ശാസ്ത്രവിരുദ്ധവുമായ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും ചെറുക്കാന്‍ നമുക്ക് കരുത്തേകുന്നത് സാമ്പത്തിക സ്വാശ്രയത്വം ആണ്. ആ തനിമ നിലനിര്‍ത്തുവാന്‍ പുസ്തകപ്രചാരണത്തിനുള്ള വേറിട്ട മാര്‍ഗങ്ങള്‍ ആലോചിക്കണം. മേഖലാ-യൂണിറ്റ് യോഗങ്ങള്‍ ചേര്‍ന്ന് ഓരോ പരിപാടിയുടെയും സൂക്ഷ്മതല ആസൂത്രണം നടത്തുന്നതിലൂടെ മാത്രമേ എല്ലാ പരിപാടികളും വീഴ്ചകൂടാതെ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ.
ശാസ്ത്രബോധത്തിന്റെ വ്യാപനത്തിലൂടെ പുതിയ കേരളത്തെ സൃഷ്ടിച്ചെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിത്.
പാരിഷത്തികാഭിവാദ്യങ്ങളോടെ,
ടി.കെ.മീരാഭായ്
ജനറല്‍ സെക്രട്ടറി