ജലസുരക്ഷയും തണ്ണീര്‍ത്തടസംരക്ഷണവും- സെമിനാര്‍

0
jalasuraksha_mulamthuruthi_hareesh
മുളന്തുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ”ജലസുരക്ഷയും തണ്ണീര്‍ത്തട സംരക്ഷണവും” എന്ന വിഷയത്തില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു.

മുളന്തുരുത്തി : ജലസംഭരണികളായ കുന്നുകളെ സംരക്ഷിക്കുന്നതിന് സമഗ്രമായ ഒരു നിയമനിര്‍മാണം വേണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത് മുളന്തുരുത്തി മേഖലാ പരിസരവിഷയസമിതിയുടെയും പെരുമ്പിള്ളി സൗഹൃദ റെസിഡന്റ്‌സ് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തില്‍ മുളന്തുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ജലസുരക്ഷയും തണ്ണീര്‍ത്തടസംരക്ഷണവുംഎന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസര വിഷയസമിതി ചെയര്‍മാന്‍. വേണു മുളന്തുരുത്തി അധ്യക്ഷനായ യോഗത്തില്‍ സൗഹൃദ റസിഡന്റ്‌സ് അസ്സോസിയേഷന്‍ സെക്രട്ടറി ജോസി വര്‍ക്കി സ്വാഗതവും പരിസരവിഷയസമിതി കണ്‍വീനര്‍ എം..ജോയി നന്ദിയും പറഞ്ഞു. ശക്തമായ ഒരു നിയമം ഉണ്ടായിട്ടുപോലും 2008നു ശേഷം കേരളത്തില്‍ നാല്പതിനായിരം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെട്ടു. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം രൂപംകൊള്ളുന്നത് പരിസ്ഥിതി സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മറ്റ് സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ ജനകീയസമരങ്ങളുടെസമ്മര്‍ദത്തിന്റെ ഫലമായാണ്. അല്ലാതെ സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തതല്ല. കുന്നുകളുടെ നിയമനിര്‍മാണത്തിനും അത്തരത്തിലുള്ള ഇടപെടല്‍ ഉണ്ടാകണം. സ്വന്തം വീട്ടിലെ കുടിവെള്ളമില്ലാതാകുമ്പോള്‍ ആണ് വികസനവാദികള്‍ പരിസ്ഥിതി സ്‌നേഹികളായി മാറുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടനാടന്‍ കുന്നുകള്‍ ജലഗോപുരങ്ങളാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മഴ ലഭിക്കുന്നതിന് പ്രധാന കാരണം പശ്ചിമഘട്ടവും ഇടനാടന്‍ കുന്നുകളുമാണ്. അതുകൊണ്ടുതന്നെ അവ ഇല്ലാതായാല്‍ കേരളത്തിന്റെ ഭൂപ്രകൃതിയില്‍ ഗണ്യമായ മാറ്റമുണ്ടാകും. തണ്ണീര്‍ത്തടങ്ങളെ നനവുള്ളതാക്കി നിലനിര്‍ത്തുന്നതും കിണറുകളില്‍ മഴ ലഭ്യമല്ലാത്ത സമയം വെള്ളം ലഭിക്കുന്നതിന് പ്രധാനകാരണവും കുന്നുകളാണ്. നിയമനിര്‍മാണത്തിനാവശ്യമായ ഇടപെടല്‍ ഗ്രാമസഭകള്‍, പഞ്ചായത്തുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവിടങ്ങളില്‍ നിന്നും ഉയര്‍ന്ന് വരണം. സ്ത്രീപീഡനം, കൊലപാതകം എന്നിവ പോലുള്ള ക്രിമിനല്‍ കുറ്റമാണ് പാടം നികത്തലും കുന്നിടിക്കലും. അതുകൊണ്ടുതന്നെ മറ്റുള്ളവയെ എതിര്‍ക്കുന്നതുപോലെയുള്ള ഇടപെടല്‍ പരിസ്ഥിതി പ്രശ്‌നത്തിലും ഉണ്ടായി വരണം. കേരളത്തില്‍ നിര്‍മാണ മേഖലയില്‍ പ്രത്യേകിച്ച് ഭവനനിര്‍മാണ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ അവശേഷിക്കുന്ന പ്രകൃതി വിഭവങ്ങള്‍ ഇവിടെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. പരിസ്ഥിതി പ്രശ്‌നത്തിന്റെ പ്രധാന ഇരകളായിത്തീരുന്നത് പാവപ്പെട്ടവരാണ്. ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായിട്ടുപോലും കേരളത്തിലെ ജനങ്ങള്‍ വേനല്‍ എത്തുന്നതിനു മുമ്പേ കടുത്ത കുടിവെള്ള ക്ഷാമത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലഭ്യമാകുന്ന ജലവിഭവത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാകണം. വികസിത രാജ്യവും സബ്‌സിഡിയെ എക്കാലവും എതിര്‍ക്കുന്ന രാജ്യമായ അമേരിക്കയില്‍ പോലും കര്‍ഷകര്‍ക്ക് നിക്ഷേപത്തിന്റെ 7 ഇരട്ടി സബ്‌സിഡി നല്‍കുന്നു. നെല്‍വയല്‍ വിലയുള്ള ഇടമാക്കി മാറ്റിയാല്‍ മാത്രമാണ് ഇതിനെ ഈ രീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കൂ. ആവശ്യമായ സബ്‌സിഡികള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നല്‍കണം. താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റ് പ്രാദേശിക കൂട്ടായ്മകള്‍ എന്നിവര്‍ക്ക് തരിശ് കിടക്കുന്ന ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *