തീരദേശപരിപാലന നിയമം ക്ലാസ്സ് സംഘടിപ്പിച്ചു
എറണാകുളം: തീരദേശപരിപാലന നിയമത്തിന്റെ കരടുവിജ്ഞാപനത്തെക്കുറിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയും സ്വതന്ത്രമത്സ്യതൊഴിലാളി ഐക്യവേദിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി യൂണിവേഴ്‌സിറ്റിയുടെ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറില്‍ ഡോ.കെ.വി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മധുസൂദനക്കുറുപ്പിന്റെ വിഷയാവതരണത്തെത്തുടര്‍ന്ന് വിശദമായ ചര്‍ച്ചകളും നടന്നു. തുടര്‍ന്ന് ജില്ലയിലെ തീരദേശമേഖലകളിലെ പരിഷത്ത് പ്രവര്‍ത്തകര്‍ക്കായി പരിഷത്ത് ഭവനില്‍ 24ന് ഒരു പഠനക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വിശാലമായ ഒരു തീരദേശവും മിക്കയിടങ്ങളിലും സജീവമായ യൂണിറ്റുകളുമുള്ളതാണ് എറണാകുളം ജില്ല. ഈ പ്രദേശങ്ങളിലെ മുഖ്യതൊഴില്‍ മത്സ്യബന്ധനവും അതിനോട് ബന്ധപ്പെട്ടതുമാണ്. ഇവര്‍ക്ക് തീരദേശ നിയമങ്ങളെക്കുറിച്ചും കരട് വിജ്ഞാപനത്തിലെ അപാകതകളെക്കുറിച്ചും ബോധവത്ക്കരണം നടത്തേണ്ട ഉത്തരവാദിത്തം ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനുണ്ടെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനക്ലാസ്സ് സംഘടിപ്പിച്ചത്. തീരദേശ മേഖലകളായ തൃപ്പൂണിത്തുറ, എറണാകുളം, വൈപ്പിന്‍, പറവൂര്‍ മേഖലകളില്‍ നിന്ന് പ്രാതിനിധ്യമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഒരു ലഘുലേഖ ഇറക്കാനും തീരദേശവാസികളുടെ ഇടയില്‍ പ്രചാരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായി തീരദേശയാത്രയും സംഘടിപ്പിക്കും.