തുരുത്തിക്കര യൂണിറ്റ് വാർഷികം
ജോജിമാഷ് അനുഭവം പങ്കിടുന്നു
പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികം ഉദ്ഘാടനം ചെയ്യാൻ പോയിരുന്നു. അതിഗംഭീരമായി എന്ന് പറയണം. യൂണിറ്റ് സെക്രട്ടറി സ്നേഹയുടെ വീട്ടുമുറ്റത്ത് പന്തലിട്ടിരിക്കുന്നു. അറുപതിലധികം അംഗങ്ങൾ ഒത്തു ചേർന്നിരിക്കുന്നു. യുവതീയുവാക്കൾ ധാരാളം. പഴയ കാല പരിഷത്ത് പ്രവർത്തകർ ദൂരെ സ്ഥലങ്ങളിൽ ജോലി കിട്ടിപ്പോയവരൊക്കെ യൂണിറ്റ് വാർഷികം പ്രമാണിച്ച് എത്തിച്ചേർന്നിട്ടുണ്ട്. യൂണിറ്റ് പ്രസിഡൻറും സെക്രട്ടറിയും ജോ. സെക്രട്ടറിയും പെൺകുട്ടികളാണ്. യുവ സമിതിയുടേയും ബാലവദിയുടേയും സെക്രട്ടറിമാരും പെൺകുട്ടികൾ തന്നെ എം.എസ്.ബിനിലയും കൃഷ്ണപ്രിയയും. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചത് മൂന്ന് സെക്രട്ടറിമാരും ചേർന്നാണ്. പ്രസിഡൻറ് ഷെജി അദ്ധ്യക്ഷയായിരുന്നു. പന്തലിന് പുറത്ത് പുസ്തകം, സോപ്പ്, ഹോട്ട് ബോക്സ് വില്പ്പനയ്ക്ക് ഒരു ചെറിയ കൗണ്ടർ, കൊടി, പ്ലക്കാർഡുകൾ, ബാനർ. നിർവാഹക സമിതിയംഗം പി.ആർ.രാഘവൻ മാഷ് സംഘടനാ രേഖ അവതരിപ്പിച്ചു.
ഉദ്ഘാടന പ്രസംഗത്തിന് എനിക്ക് നൽകിയിരുന്ന വിഷയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരള നവോത്ഥാനം എന്നായിരുന്നു. ഞാൻ പറഞ്ഞ കാര്യം താഴെപ്പറയുന്നവയാണ്.
1. ഇരുപതാം നൂറ്റാണ്ടിൽ അവസാനിച്ച കേരള നവോത്ഥാന പ്രക്രിയയ്ക്ക് നേരിടാനുണ്ടായിരുന്നത് ജാതി വ്യവസ്ഥയെയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അത് ഫാസിസമായിരിക്കും.
2. ഇന്ന് ഒരേ പ്രശ്നത്തെ വ്യത്യസ്ത തലത്തിൽ വിശകലനം ചെയ്യുന്ന പുരോഗമന സിദ്ധാന്തങ്ങൾ ഉണ്ട്. ഒരേ പ്രശ്നത്തെ വിശകലനം ചെയത് ഭൗതിക വാദിയും സ്ത്രീവാദിയും പരിസ്ഥിതിവാദിയും വിരുദ്ധങ്ങളായ നിലപാടുകളിൽ എത്തിയേക്കാം. അതു കൊണ്ട് വിയോജിപ്പിനെ മാനിക്കുകയും വിയോജിച്ച് കൊണ്ട് ഐക്യപ്പെടാനും കഴിയണം
3. ഭാഷയും ഭക്ഷണവും പുതിയ സമരങ്ങൾക്ക് ആയുധ മായേക്കാം.
4. പുതിയ നവോത്ഥാനം ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോയ ദലിത് മുന്നേറ്റത്തെ ശക്തിപ്പെ ടുത്തുന്നതാകണം.
5.അവസാനമായി അത് ശാസ്ത്രബോധത്തെ പൊതുബോധമായി വികസിപ്പി ക്കുന്നതുമാകണം