തൃശ്ശൂരില്‍ ജനപ്രതിനിധികൾക്ക് സ്വീകരണവും വികസന സംവാദവും
കൊടുങ്ങല്ലൂർ: പ്രാദേശികവികസനത്തെ ഉൽപാദനാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ ബദലായി ഉയർത്തിക്കൊണ്ടുവരാനാകണമെന്ന് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വി ജി ഗോപിനാഥൻ അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ മേഖല സംഘടിപ്പിച്ച തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായുള്ള വികസന സംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് വരൾച്ച, പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങൾ പുതിയ വെല്ലുവിളികൾ നേരിടുന്നതിന് കാർഷിക, വ്യാവസായിക ഉൽപാദനരംഗങ്ങളിൽ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നടപടികളും ഉണ്ടാകേണ്ടതുണ്ട്. ഇതിനായി അക്കാദമികസ്ഥാപനങ്ങളെയും വിദഗ്ധരെയും പഞ്ചായത്തുമായി ബന്ധപ്പെടുത്തണമെന്നും പദ്ധതിരൂപീകരണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ധേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ അധ്യക്ഷയായ യോഗം അഡ്വ.വി ആർ സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജൻ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാധാകൃഷ്ണൻ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷായി അയ്യാരിൽ, വത്സമ്മ ടീച്ചർ, മോനിഷ ലിജി, മാള ബ്ലോക്ക് പഞ്ചായത്തംഗം ഡൊമിനിക് ജോമോൻ തുടങ്ങി എറിയാട്- എടവിലങ്ങ് പഞ്ചായത്ത്, കൊടുങ്ങല്ലൂർ നഗരസഭ എന്നിവിടങ്ങളിലെ 46 ജനപ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. വികസന ഉപസമിതി ചെയർമാൻ കെ കെ വിജയൻ ചർച്ച ക്രോഡീകരിച്ചു.
സി വി ബീന ടീച്ചറുടെ സ്വാഗതഗാനത്തോടെ ആരംഭിച്ച പരിപാടിയ്ക്ക് എ ബി മുഹമ്മദ് സഗീർ, പി എ മുഹമ്മദ് റാഫി, വി മനോജ്, പി പി ജനകൻ, അജിത പാടാരിൽ, എൻ വി ഉണ്ണികൃഷ്ണൻ, കെ എസ് സുനിൽകുമാർ, എം ആർ മഹേഷ്, ടി കെ സഞ്ജയൻ, എം ആർ സുനിൽദത്ത്, കെ എഫ് പ്രിൻസ്, സുനിത മുരളീധരൻ, മിനി അശോകൻ എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ക്ലസ്റ്ററുകളിലായി സംവാദ സദസ്സുകൾ നടത്തി. പ്രാദേശിക വികസനം ശക്തിപ്പെടുത്തുക, ജനകീയാസൂത്രണവും നിർവ്വഹണവും, അധികാര വികേന്ദ്രീകരണം ജനങ്ങളിലേക്ക് തുടങ്ങിയ വിഷയാവതരണങ്ങളായിരുന്നു പ്രധാന അജണ്ട. കാറളം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കാറളം, കാട്ടുർ പഞ്ചായത്ത് പ്രതിനിധികൾ ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്ത പരിപാടി കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. നിർവാഹ സമിതി അംഗം അഡ്വ. കെ പി രവിപ്രകാശ് വിഷയാവതരണം നടത്തി. എം എ ഉല്ലാസ്, കെ എസ് ബാബു എന്നിവർ സംസാരിച്ചു.
പടിയൂർ,പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രതിനിധി സംഗമം പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി ഉദ്ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം കെ കെ അനീഷ് കുമാർ വിഷയാവതരണം നടത്തി. ജില്ലാ ജോ. സെക്രട്ടറി ഒ എൻ അജിത്കുമാർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുടയിൽ നടന്ന വികസന സംവാദ സദസ് മുൻസിപ്പൽ ചെയർ പേർസൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു. ജോസ് ചിറ്റിലപ്പിളളി അദ്ധ്യക്ഷത വഹിച്ചു. വി കെ ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി അഡ്വ. പി പി മോഹൻദാസ്, എ ടി നിരുപ് എന്നിവർ സംസാരിച്ചു.
വടക്കേകാട്: പുന്നയൂർ, വടക്കേകാട്, പുന്നയൂർകുളം എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധിസംഗമം വടക്കേകാട് നാലാംകല്ല് എം ആന്റ് ടി ഓഡിറ്റോറിയത്തിൽ നടന്നു. വിഷയാവതരണത്തിലെ പുതുമയും, ആകർഷകതയും അതിലുപരി എല്ലാവരും പങ്കാളികളായ ചർച്ചയും, സംശയ നിവാരണ അവസരങ്ങളും നല്ല അനുഭവം പങ്കിട്ട് 4 മണിക്കൂറിലേറെ ചെലവിട്ടാണ് അവർ മടങ്ങിയത്. ഇത്തരം അവസരങ്ങൾ ഇനിയുമൊരുക്കണമെന്നും പ്രവർത്തനാസൂത്രണത്തിൽ അത് സഹായകരമാകുമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെടുകയുണ്ടായി. ചാവക്കാട് മേഖലാ പ്രസിഡണ്ട് അഡ്വ. വി എസ് ശിവശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനം വിഷയ സമിതി സംസ്ഥാന കൺവീനർ വി മനോജ് കുമാർ വിഷയാവതരണം നടത്തി. ആന്റണി വാഴപ്പുള്ളി സ്വാഗതവും ടി ബി ജയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.
വടക്കാഞ്ചേരി: വടക്കാഞ്ചേരി മേഖലയിൽ ഊരോക്കാട് യൂണിറ്റിന്റെയും യുവജനസംഘം വായനശാലയുടെയും നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തംഗങ്ങൾക്ക് സ്വീകരണവും വികസന സംവാദവും സംഘടിപ്പിച്ചു.
സംവാദത്തിൽ ജില്ലാ കമ്മിറ്റി അംഗം കെ കെ അനീഷ് കുമാർ ‘ഉല്പാദനാടിസ്ഥിത വികസനം’ എന്ന വിഷയം അവതരിപ്പിച്ചു. തുടർന്ന് പഞ്ചായത്തിൽ ഇനി നടക്കേണ്ട വികസനപ്രവ൪ത്തനങ്ങളെക്കുറിച്ച് ഗൗരവപൂർണ്ണ ച൪ച്ച നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സി വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പോൾസൺ, മേഖലാ പ്രസിഡന്റ് എം ശങ്കരനാരായണൻ, മേഖലാ സെക്രട്ടറി പി സി ശശിധരൻ, എം ഹരീഷ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. വായനശാലാ സെക്രട്ടറി മുരളീധരൻ നന്ദി പറഞ്ഞു. ജനപ്രതിനിധികളും പരിഷത്ത് പ്രവർത്തകരും പൊതുപ്രവ൪ത്തകരും ഉൾപ്പെടെ ഇരുപത്തിയെട്ട് പേ൪ പങ്കെടുത്തു.