തൃശ്ശൂരില്‍ ശാസ്ത്രപ്രഭാഷണ പരമ്പരയ്ക്ക് തുടക്കം
ശാസ്ത്രസാങ്കേതിക മേഖലയിലെ ഗവേഷണത്തിൽ അമേരിക്കൻ സർവ്വകലാശാലകൾ മികച്ച നിലവാരം പുലർത്തുന്നുണ്ടെന്ന് അമേരിക്കയിൽ സേവനം ചെയ്യുന്ന മലയാളി ഡോക്ടർമാരായ ഡോ. മൃദു ഹെർബർട്ട്, ഡോ. ഗോപാൽകുമാർ രാകേഷ് എന്നിവർ പറഞ്ഞു. ശാസ്ത്ര ഗവേഷണ രംഗത്തുള്ള ഈ മികവ് രോഗചികിത്സയിൽ ഗുണപരമായ പല കുതിച്ചു ചാട്ടങ്ങൾക്കും വഴിയൊരുക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും പല പ്രമുഖരും അമേരിക്കൻ ആശുപത്രികളിൽ ചികിത്സ തേടുന്നതിന്റെ കാരണവും ഇതാകാമെന്ന് അവർ അഭിപ്രായപ്പെട്ടു. ആധുനിക ചികിത്സാരംഗവും അമേരിക്കൻ സമൂഹവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച, ഒരു വർഷം നീണ്ടു നിൽക്കുന്ന ശാസ്ത്രപ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇവർ. നിർവീര്യമാക്കപ്പെട്ട പോളിയോ വൈറസിനെ ശരീരത്തിൽ പ്രവേശിപ്പിച്ചുകൊണ്ട് മസ്തിഷ്കത്തിലെ ട്യൂമർ ചികിത്സിച്ച് മാറ്റാമെന്ന് കണ്ടെത്തിയത് അമേരിക്കൻ മെഡിക്കൽ ചികിത്സാരംഗത്തെ ഏറ്റവും പുതിയ ചലനമാണ്. ഇത് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ ഈയിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീ-മെറ്റിലെ ശാസ്ത്രജ്ഞൻ ഡോ. എസ്.എൻ. പോറ്റി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ, വൈസ് പ്രസിഡണ്ട് അഡ്വ. ടി .വി. രാജു, ഡോ. വി.എം. ഇഖ്ബാൽ, ഡോ.ബിന്ദു ഘോഷ് എന്നിവർ സംസാരിച്ചു. നിർധനരായ 25 സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രകേരളം ലഭ്യമാക്കാൻ വേണ്ട വാർഷിക വരിസംഖ്യ ഡോ. മൃദുവും ഡോ.രാകേഷും പരിഷത്ത് ജില്ലാസെക്രട്ടറിയ്ക്ക് കൈമാറി.