തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം
മണലൂർ: 50 വർഷത്തിനകം വേമ്പനാട് കായൽ ചതുപ്പുനിലമായി മാറുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ(CESS) പഠനം തെളിയിക്കുന്നുവെന്ന് കേരള ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. ആർ. അജയകുമാർ വർമ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ലാസമ്മേളനം മണലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നദികളുടെയും നദീതടങ്ങളുടെയും സംരക്ഷണത്തിലെ പോരായ്മകൾ മൂലം മണ്ണൊലിപ്പ് ശക്തമാവുകയും കായലിൽ മണ്ണ് ചെന്ന് ചേരുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ഒലിച്ചെത്തിയ അധികമണ്ണ് സ്വാഭാവികമായി കടലിൽ ഒഴുകിയെത്തുന്നതിന് മനുഷ്യന്റെ അനധികൃത നിർമിതികളും കായൽ നികത്തലും തടസ്സമാകുന്നു. തുടർന്ന് കായൽപ്രദേശം ചതുപ്പുനിലം ആകുന്നതോടെ അവിടത്തെ ആവാസ വ്യവസ്ഥയും മനുഷ്യ ജീവിതവും അവതാളത്തിലാകും. മത്സ്യസമ്പത്ത് നശിക്കുകയും പ്രാന്ത പ്രദേശത്തെ ജല ലഭ്യത കുറയുകയും ചെയ്യും. മനുഷ്യന്റെപ്രകൃതിയിലെ ഇത്തരം അനാവശ്യ ഇടപെടലുകൾ അനി യന്ത്രിതമായി തുടർന്നാൽ വേമ്പനാട്ടുകായലിന്റെ ദുര്യോഗം കേരളത്തിലെ ഇതര കായൽപ്രദേശങ്ങൾക്കും വന്നുചേരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ. എസ്. ജയ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി. കെ. ദേവരാജൻ, കെ.പി.രവിപ്രകാശ്, പരിഷത്ത് ജില്ലാ സെക്രട്ടറി ടി.സത്യനാരായണൻ, ട്രഷറർ ടി.എ. ഷിഹാബുദ്ദീൻ, എം.ആർ.സുനിൽ ദത്ത്, സംഘാടക സമിതി ജനറൽ കൺവീനർ ടി.വി. വിശ്വംഭരൻ, അംബിക സോമൻ, എം.രാഗിണി എന്നിവർ സംസാരിച്ചു. ശാസ്ത്രത്തിനു വേണ്ടി ആഗോളതലത്തിൽ മാർച്ച് നടക്കുന്ന ദിവസമായതിനാൽ (Global March For Science) 300 ഓളം പ്രതിനിധികൾ പങ്കെടുത്ത ശാസ്ത്രജാഥ മണലൂരിൽ സംഘടിപ്പിച്ചു. ഹ്രസ്വ ചിത്ര പ്രദർശനങ്ങളും ഉണ്ടായിരുന്നു.