നാരായണന്‍മാഷ് പറയുന്നു…യുറീക്കയാണു താരം
[author title=”എം.വി.നാരായണന്‍” image=”http://parishadvartha.in/wp-content/uploads/2016/10/Eureka_Narayanan.jpg”]ഗവണ്‍മെന്റ് യു.പി. സ്കൂള്‍ വയക്കര[/author]
.
വര്‍ഷങ്ങളായി എന്റെ സ്‌കൂളില്‍ യുറീക്കയുടെ നൂറിലേറെ കോപ്പികള്‍ വരുത്തുന്നുണ്ട്. അതിലെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തുന്നുമുണ്ട്. കുട്ടികളില്‍ വിജ്ഞാനപരമായും സാഹിത്യപരമായും കലാപരമായും നല്ല മാറ്റങ്ങളുണ്ടാക്കാനും രക്ഷിതാക്കളിലും സമൂഹത്തിലും വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനും ഈ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചു. എല്ലാവര്‍ഷവും കുട്ടികള്‍ വര്‍ധിച്ചുവരുന്ന ഒരു വിദ്യാലയമാണിത്. യുറീക്ക എന്ന മൂന്നക്ഷരം അറിയാത്ത ഒരു രക്ഷിതാവും എന്റെ സ്‌കൂളില്‍ ഉണ്ടാവില്ല.
ഒരു ലക്ഷം രൂപയുടെ അജിത് ഫൗണ്ടേഷന്‍ ഇന്നവേറ്റീവ് ടീച്ചര്‍ അവാര്‍ഡ് നേടാന്‍ എന്നെ സഹായിച്ചതും യുറീക്കയാണ്. ഉപജില്ലയിലെയും ജില്ലയിലെയും മിക്ക ക്വിസ് മത്സരങ്ങളിലും ഇവിടത്തെ കുട്ടികള്‍ ഒന്നാമതെത്തുന്നത് യുറീക്ക തരുന്ന അടിത്തറയിലൂടെയാണ്. സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസ്സിലെ പങ്കാളിത്തം, അക്ഷരമുറ്റം സംസ്ഥാനതല മത്സരത്തില്‍ അഞ്ചാം സ്ഥാനം, മാതൃഭൂമി ക്വിസ്സില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം, കാര്‍ഷിക ക്വിസ്സില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം, ലൈബ്രറി കൗണ്‍സില്‍ വായനാ മത്സരത്തില്‍ നിരവധി തവണ ഒന്നാം സ്ഥാനം, പറശ്ശിനിക്കടവ് സ്‌നേക്ക് പാര്‍ക്കും യുറീക്കയും ഒരുക്കിയ സംസ്ഥാനതല യുറീക്കാ മെഗാക്വിസ്സില്‍ യു.പി വിഭാഗത്തില്‍ 6 ല്‍ 5 സ്ഥാനവും ഇങ്ങനെ നേട്ടങ്ങള്‍ നിരവധിയാണ്. ഞാന്‍ പങ്കെടുക്കുന്ന എല്ലാ കോഴ്‌സുകളിലും മറ്റ് പരിപാടികളിലും യുറീക്ക കൊണ്ടുപോകാറുണ്ട്. യുറീക്കയെപ്പറ്റി പറയാറുണ്ട്. സാധ്യമാവുന്നിടത്തെല്ലാം യുറീക്കയെപ്പറ്റി എഴുതാറുമുണ്ട്. ഞാന്‍ കുട്ടികളെ പഠിപ്പിക്കുന്ന കയ്യടി തന്നെ യുറീക്കാ കയ്യടിയാണ്. യു… റീ… ക്കാ (മൂന്നു കയ്യടി)-(മൂന്നു വിരല്‍ഞൊടി)-(മൂന്നു വായ് ഞൊടി) കുട്ടികളിത് ഒരിക്കലും മറക്കില്ല. ഞാനെഴുതുന്ന പംക്തികളിലും യുറീക്കാ മഹത്വം അറിയിക്കാറുണ്ട്. എന്റെ നാട്ടിലെ എല്‍.പി സ്‌കൂളായ ചേടിച്ചേരി എല്‍.പി സ്‌കൂളിന്റെ മാസികയായ തുമ്പിയില്‍ ‘യുറീക്കയും കുട്ടികളും‘ എന്ന ലേഖനം ഞാനെഴുതി. യുറീക്കക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.