പരിസ്ഥിതി ജനസഭ
കാസര്‍ഗോഡ്: കിഴക്കേമുറി പൊതുജന വായനശാല & ഗ്രന്ഥാലയവുമായി സഹകരിച്ച് പരിസ്ഥിതി ജനസഭ സംഘടിപ്പിച്ചു. പ്രളയക്കെടുതികൾ ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അതിന്റെ കാര്യകാരണബന്ധം ശാസ്ത്രീയമായ അന്വേഷണ പഠനങ്ങളിലൂടെ കണ്ടെത്തുന്നതിനാണ് ജനസഭ ചേർന്നത്. തീവ്രമായ പ്രകൃതി പ്രതിഭാസങ്ങളുടെ കാരണം ആഗോള താപനമാണ്. അതുമൂലമുള്ള ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നതിൽ പ്രകൃതിയുടെ മേലുള്ള അനിയന്ത്രിതമായ മനുഷ്യ ഇടപെടലുകളാണ് കാരണമാകുന്നത് എന്ന് ജനസഭ കണ്ടെത്തി. പ്രകൃതിദത്തമായ നീരൊഴുക്ക് തടസ്സപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളപ്പൊക്കത്തിന് കാരണമായെന്നും സഭ വിലയിരുത്തി. പഠന റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കും. ജനസഭ തൃക്കരിപ്പൂർ എം.എൽ.എ. എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. നിർവ്വാഹക സമിതിയംഗം എ എം ബാലകൃഷ്ണൻ, ജില്ലാ പരിസര വിഷയ സമിതി കൺവീനർ പ്രൊഫ.എം.ഗോപാലൻ എന്നിവർ വിഷയാവതരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി പ്രമീള, കെ പ്രേംരാജ്, കെ കെ രാഘവൻ, എം ചന്ദ്രൻ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ടി തമ്പാൻ സ്വാഗതവും കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.