ജില്ലയിലെ തീരപരിപാലനത്തിന് സമഗ്ര ഇടപെടൽ വേണം – പരിഷത്ത് പഠനം

0

തിരുവനന്തപുരം: ജില്ലയിലെ തീരപ്രദേശങ്ങൾ പരിസ്ഥിതിശോഷണംമൂലം അപകടത്തിലാണെന്നും ഇതു പരിഹരിക്കാൻ സമഗ്ര ഇടപെടൽ വേണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പഠനം.
ജില്ലയിലെ തീരപ്രദേശങ്ങൾ നേരിടുന്ന സവിശേഷ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദേശിക്കുന്നതിനായി പരിഷത്ത് നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രാഥമിക പഠനത്തിലാണ് ഈ വിലയിരുത്തൽ. പരിഷത്ത് ഓണ്‍ലൈൻ ജില്ലാ സമ്മേളനത്തിൽ പരിസ്ഥിതി വിദഗ്ധൻ ഡോ. കെ വി തോമസ്, ജില്ലാ പരിസ്ഥിതി ചെയര്‍മാന്‍ വി ഹരിലാൽ എന്നിവർ പഠന റിപ്പോർട്ട് അവതരിപ്പിച്ചു.
അശാസ്ത്രീയമായ വികസന സമീപനവും നിർമിതികളും കാരണം വലിയൊരളവോളം മണൽത്തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജില്ലയിലെ കടലോര മേഖലയിൽ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും വർധിക്കുന്നു. അതുമൂലം വേലിയേറ്റസമയത്തെ വെള്ളപ്പൊക്കവും കടലാക്രമണവും പല പ്രദേശങ്ങളിലും രൂക്ഷമാവുന്നു. പനത്തുറ, പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പ്, ശംഖുമുഖം, കൊല്ലങ്കോട്, അഞ്ചുതെങ്ങ്, പരുത്തിയൂർ, താഴംപള്ളി, പൂത്തുറ പ്രദേശങ്ങളിൽ കടലാക്രമണ മേഖലകളും പുതുതായി രൂപപ്പെടുന്നതായി പഠനം പറയുന്നു.
തീരസംരക്ഷണത്തിനായി സ്ഥാപിക്കുന്ന നിർമിതികളുടെ പ്രവർത്തനക്ഷമത വേണ്ടുംവണ്ണം വിലയിരുത്താത്തത് ഇവയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു. കാലാവസ്ഥാവ്യതിയാനം ജില്ലയുടെ സമുദ്രവിതാനത്തിലും മാറ്റം വരുത്തുന്നു. ഈ പ്രശ്നങ്ങൾ കൂടുതൽ പഠനത്തിനു വിധേയമാക്കി തീരപരിപാലനത്തിനായി സമഗ്ര സമീപനത്തോടെ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെങ്കിൽ ജില്ലയിൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനായി ഒരു നോഡൽ ഡിപ്പാർട്ടുമെന്റിനെ ചുമതലപ്പെടുത്തണം. വിവിധ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കണം. തീരദേശ നിർമിതികളിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കണം. ആവാസവ്യസ്ഥയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പ്രത്യേക പഠനം നടത്തണമെന്നും നിർദേശമുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള പരിസ്ഥിതി മോണിട്ടറിങ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റിപ്പോർട്ടും ട്രഷറർ വി ജിനുകുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, സംസ്ഥാന ട്രഷറർ സന്തോഷ് ഏറത്ത്, ശാസ്ത്രഗതി എഡിറ്റർ ബി രമേഷ്, ആഡിറ്റർ കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *