പശ്ചാത്തലമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വയലുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയസമീപനം രൂപപ്പെടുത്തണം
പശ്ചാത്തല വികസനത്തിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുന്നത് അഭികാമ്യമോ എന്ന പ്രശ്‌നമാണ് കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. ഇത് കീഴാറ്റൂരിലെ മാത്രമായ സവിശേഷപ്രശ്‌നമല്ല. അവിടെ മാത്രം ഉണ്ടാകുന്ന സംഘര്‍ഷവുമല്ല. കേരളത്തിന്റെ വിവിധപ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി നെല്‍വയലും മറ്റ് തണ്ണീര്‍ത്തടങ്ങളും നികത്തിയിട്ടുണ്ട്. സമാനമായ പല പ്രോജക്ടുകളും ഇനിയും തയ്യാറാകുന്നുമുണ്ട്. അതുകൊണ്ട് കീഴാറ്റൂരില്‍ ഉണ്ടായതുപോലെയുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കീഴാറ്റൂരിലെ പ്രശ്‌നം പരിശോധിക്കുകയും പ്രശ്‌നപരിഹാരത്തിനുള്ള ബദലെന്ന നിലയില്‍ ഫ്‌ളൈ ഓവര്‍ അടക്കമുള്ള നിര്‍മിതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതടക്കം മൂന്ന് അലൈന്‍മെന്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്. ഫ്‌ളൈ ഓവറുകളും പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ പ്രാദേശിക സംഘര്‍ഷങ്ങളും ഫ്‌ളൈ ഓവര്‍ നിര്‍മിച്ച് പരിഹരിക്കാന്‍ കഴിഞ്ഞുവെന്നു വരില്ല. അതായത് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഉണ്ടായേക്കാവുന്ന ഇത്തരം തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി വാര്‍പ്പുമാതൃകയിലുള്ള ഒരു നിര്‍ദ്ദേശമില്ലതന്നെ. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ എങ്ങനെയാണ് പരിഹരിക്കേണ്ടതെന്നതിന് ഒരു പ്രവര്‍ത്തനമാതൃകയുണ്ടാകേണ്ടതുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടു കൊണ്ട് കേരളത്തില്‍ ആറ് ലക്ഷത്തോളം ഹെക്ടര്‍ നെല്‍വയല്‍ നികത്തപ്പെട്ടിട്ടുണ്ട് എന്ന വസ്തുത ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേരളം നേരിടുന്ന ജലക്ഷാമത്തിന്റേയും കാലാവസ്ഥാദുരിതത്തിന്റേയും പരിസ്ഥിതി പ്രശ്‌നങ്ങളുടേയും പശ്ചാത്തലത്തില്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയുള്ള എതു നിര്‍മാണപ്രവര്‍ത്തനങ്ങളും എതിര്‍ക്കപ്പെടുക തന്നെ ചെയ്യും. അത്തരം എതിര്‍പ്പുകള്‍ ശാസ്ത്രദൃഷ്ട്യാ ശരിയുമാണ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തനക്ഷമമായ ഒരു പദ്ധതി ഉണ്ടാവേണ്ടതുണ്ട്. അതാകട്ടെ ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ച് പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതം ഏറ്റവും കുറഞ്ഞ നിര്‍ദ്ദേശം സ്വീകരിക്കുകയെന്നതാവണം. ഇങ്ങനെയൊരു പൊതുസമീപനം രൂപപ്പെടുന്നതിന് കീഴാറ്റൂരിലെ ഇപ്പോഴത്തെ ചര്‍ച്ച കാരണമാകുമെന്ന് പരിഷത്ത് പ്രത്യാശിക്കുന്നു. ആകയാല്‍ തളിപ്പറമ്പ് ബൈപ്പാസുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ അലൈന്‍മെന്റു നിര്‍ദ്ദേശങ്ങളും പരിശോധിച്ച് പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതങ്ങള്‍ ഏറ്റവും കുറച്ചുകൊണ്ട് നടപ്പാക്കാനാവുന്ന അലൈന്‍മെന്റ് നിര്‍ദ്ദേശിക്കാനായി നാറ്റ്പാക്കി(NATPAK)ലെ വിദഗ്ദ്ധരെയും പരിസ്ഥിതി ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തി ഒരു വിദഗ്ധസമിതിയെ നിയോഗിക്കണമെന്നും ഈ സമിതി കണ്ടെത്തുന്ന നിര്‍ദ്ദേശം ബഹുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ നടപ്പാക്കുന്നതിന് മുന്‍കയ്യെടുക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.