പുതിയ സ്വാശ്രയ പ്രസ്ഥാനങ്ങൾ ഉയർന്നു വരണം

0
‘സ്വാശ്രയകിറ്റ്’ ലില്ലി എസ് കർത്തയ്ക്ക് നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി ക്യാമ്പയിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിക്കുന്നു.

പാലക്കാട്: സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ലോകത്തിന് പരിചയപ്പെടുത്തിയ സ്വാശ്രയത്വം എന്ന ആശയവും ഗാന്ധിയും നെഹ്രുവും വിഭാവനം ചെയ്ത ആധുനിക രാഷ്ട്ര സങ്കൽപ്പവും നിലവിൽ അത്യന്തം അപകടകരമായൊരു സ്ഥിതിവിശേഷത്തിൽ എത്തിനിൽക്കുകയാണ്. രാജ്യത്തെ കാർഷിക രംഗവും തൊഴിൽ രംഗവും എക്കാലത്തെയും തകർച്ച നേരിടുന്ന സമയമാണ് ഇതെന്നും നവ കൊളോണിയലിസത്തിന് വഴിയൊരുക്കുന്ന അന്താരാഷ്ട്ര കരാറുകൾക്കും വിഭാഗീയ ചിന്തകൾക്കും ഭരണകൂടം തന്നെയും മുൻകയ്യെടുക്കുന്ന ഈ കാലത്ത് ഗാന്ധിയുടെ സാശ്രയത്വം എന്ന ആശയത്തിന് പ്രസക്തിയേറെയാണെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. അകത്തേത്തറയിൽ പ്രവർത്തിക്കുന്ന ഗാന്ധിയൻ ശബരി ആശ്രമത്തിൽ നടന്ന സ്വാശ്രയ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷത്ത് പ്രൊഡക്ഷൻ സെന്റർ പ്രചരിപ്പിക്കുന്ന ബദലുൽപന്നങ്ങൾ ഉൾക്കൊള്ളുന്ന ‘സ്വാശ്രയകിറ്റ്’ വൈസ് പ്രസിഡന്റ് ലില്ലി എസ് കർത്തയ്ക്ക് നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി ക്യാമ്പയിന്റെ ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നെഹ്റു വിന്റെ 130ാം ജൻമദിനമായ നവംബർ 14 വരെ നീണ്ടുനിൽക്കുന്ന സ്വാശ്രയ ക്യാമ്പയിന്റെ ഭാഗമായി ഭവനസന്ദർശനം, വീട്ടുമുറ്റ ക്ലാസുകൾ, പോസ്റ്റർ പ്രചാരണം, പാനൽ പ്രദർശനം, അയൽപക്ക സംവാദങ്ങൾ, ബദൽ ഉൽപന്ന പ്രചാരണം എന്നിങ്ങനെ വിപുലമായ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
ഓൾ കേരള ഹരിജൻ സേവക് സംഘ് സംസ്ഥാന പ്രസിഡന്റ ് പ്രൊഫ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഐ.ആർ.ടി.സി ഡയറക്ടർ ഡോ. എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രദോഷ് പി, കർഷക സംഘം നേതാവ് ജോസ് മാത്യു, കെ.മനോഹരൻ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് മൂസ, നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഐ.ആർ.ടി.സി രജിസ്ട്രാർ കെ കെ ജനാർദ്ദനൻ സ്വാഗതവും, പരിഷത് പ്രൊഡക്ഷൻ സെന്റർ സെക്രട്ടറി പി വി ജോസഫ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *