പ്രതിരോധ കുത്തിവയ്‌പുകൾ വിജയിപ്പിക്കാൻ ജനകീയ മുന്നേറ്റം ഉണ്ടാവണം – കെ.കെ.ശൈലജ ടീച്ചർ
കണ്ണൂര്‍ : കേരളം ഇന്ത്യക്കാകെ മാതൃകയാകുമ്പോഴും ഡിഫ്‌തീരിയ പോലെയുള്ള രോഗങ്ങൾ തിരിച്ചു വരുന്നത് ഗൗരവമായി കാണണം. സർക്കാർ തലത്തിൽ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ പ്രതിരോധ കുത്തിവയ്‌പുകൾ വിജയിപ്പിക്കുന്നതിനായി ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അഭിപ്രായപ്പെട്ടു.
ഡോക്ടർമാരുടെ ഒഴിവാണ് ആരോഗ്യരംഗത്തെ നിലവിലെ പ്രധാന പ്രശ്നം.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ഡിഫ്തീരിയ രോഗവും പ്രതിരോധവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പകർച്ചവ്യാധികളും പ്രതിരോധ കുത്തിവയ്‌പ്പുകളും എന്ന ലഘുലേഖ പി.ആർ.നായർക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു.
മഞ്ചേരി മെഡിക്കൽ കോളേജ് പീഡിയാട്രിക്സ് വിഭാഗം തലവൻ ഡോ.കെ.മോഹൻദാസ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. പരിഷത്ത് കണ്ണർ ജില്ലാ പ്രസിഡണ്ട് കെ.വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.കെ.സുധീർകുമാർ (മുൻസിപ്പാൽ കൗൺസിലർ), വി.ടി.നാസർ (സംസ്ഥാന ആരോഗ്യ വിഷയസമിതി) എന്നിവർ സംസാരിച്ചു. ‘ഇന്ത്യൻ ഔഷധ മേഖല ഇന്നലെ, ഇന്ന് ‘ എന്ന പുസ്തകം നൽകി കെ.ഹരിദാസൻ മന്ത്രിയെ സ്വീകരിച്ചു.കെ.നാണു മാസ്റ്റർ സ്വാഗതവും എൻ.കെ ജയപ്രസാദ് നന്ദിയും പറഞ്ഞു.