1000 മാതൃകാ ഹൈസ് കൂളുകൾ സൃഷ്ടിക്കും – പ്രൊഫ.സി.രവീന്ദ്ര നാഥ്

0

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സര്‍ക്കാര്‍ അതിന്റെ തുടക്കം എന്ന നിലയില്‍ 1000 മാതൃകാ ഹൈസ്‌കൂളുകളെ സൃഷ്ടിക്കുന്നതിന് ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം കൊണ്ട് 600 എല്‍.പി. സ്‌കൂളുകളെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാക്കുമെന്നും പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുമെന്നതുമാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാനവിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിനു വിധേയമാക്കിക്കൊണ്ട് കെ.ഇ.ആര്‍. ചര്‍ച്ചകള്‍ക്കുള്ള തുടക്കം കുറിക്കും. ജനകീയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും കെ.ഇ.ആര്‍. പരിഷ്‌കരണം നടപ്പിലാക്കുക. ഇത്തരം ജനകീയ കാമ്പയിന്‍ വളര്‍ത്തുന്നതില്‍ പരിഷത്തിന് അനിഷേധ്യമായ സ്ഥാനമുണ്ട്. അത് പൊതുസമൂഹത്തെക്കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പരിഷത്ത് നേതൃത്വം നല്‍കാന്‍ പരിഷത്തിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. രാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ. കെ.എന്‍. ഗണേഷ് സംസാരിച്ചു. ഡോ. ടി.പി. കലാധരന്‍, ഡോ. ആര്‍.വി.ജി. മേനോന്‍, അഡ്വ. എ. സുഹൃത്ത്കുമാര്‍, ഡോ. കെ.പി. അരവിന്ദന്‍, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ നിന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിപുലമായ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ പരിഷത്ത് തീരുമാനിച്ചു. ആഗസ്ത്-സെപ്തംബര്‍ മാസത്തിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ വിദ്യാഭ്യാസ സംഗമങ്ങളും പഞ്ചായത്ത് തലത്തില്‍ വിദ്യാഭ്യാസ സംരക്ഷണ സമിതികളും രൂപപ്പെടുത്തും. പ്രാഥമിക വിദ്യാഭ്യാസരംഗത്ത് മലയാള മാധ്യമത്തിന്റെ ആവശ്യകതയിലൂന്നിയ ശക്തമായ പ്രചരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക കാമ്പയിനുകള്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *