ദേശീയകാഡര്‍ ക്യാമ്പ് സമാപിച്ചു. ”സാക്ഷരത, വിദ്യാഭ്യാസം, ശാസ്‌ത്രബോധം” ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ ആരംഭിക്കും

0

മധ്യപ്രദേശ് : അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ നാലുദിവസം നീണ്ടുനിന്ന ദേശീയ കാഡര്‍ കാമ്പ് ആഗസ്റ്റ് 21 മുതല്‍ 24വരെ പാച്ച്മടിയിലെ (മധ്യപ്രദേശ്) സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റില്‍ വച്ച് നടന്നു. പ്രമുഖ ഹിന്ദി കവിയും, ആക്ടിവിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ( ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി തന്റെ അവാര്‍ഡ് തിരിച്ചുകൊടുത്തു) രാജേഷ് ജോഷി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യം, മതേതരത്വം, ശാസ്ത്രബോധം തുടങ്ങിയവ സംരക്ഷിക്കപ്പെടണമെങ്കില്‍ മാറിയ സാഹചര്യത്തില്‍ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു നിരന്തരപ്രക്രിയയായിരിക്കണമെന്നും സാമൂഹ്യപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. SJRD ഡയറക്ടര്‍ രാംകുമാര്‍ ശര്‍മ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജനകീയ ശാസ്ത്രപ്രസ്ഥാനം (People Science Movement) നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും എന്ന വിഷയത്തില്‍ ഡോ.അമിത് സെന്‍ ഗുപ്ത സംസാരിച്ചു. അവതരണത്തിനുശേഷം ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സംഘടനാശേഷിയും അവ നേരിടുന്ന വെല്ലുവിളികളും മേഖലാടിസ്ഥാനത്തില്‍ ഗ്രൂപ്പുതിരിഞ്ഞ് ചര്‍ച്ച ചെയ്തു.

രണ്ടാം ദിവസം ”India for All and All for Justice” എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ട് നടത്താന്‍ പോകുന്ന കാമ്പയിന്റെ ആവശ്യകതയും കാമ്പയിന്‍ പരിപാടികളും AIPSN എക്സിക്യൂട്ടീവ് അംഗം നരേഷ് േപ്രര്‍ണ അവതരിപ്പിച്ചു. BGVS നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കാമ്പയിന്‍ പരിപാടികളെക്കുുറിച്ചുള്ള BGVS സെക്രട്ടറി ആശാ മിശ്രയുടെ അവതരണമായിരുന്നു തുടര്‍ന്നു നടന്നത്.

മൂന്നാംദിവസം പുതിയ ദേശീയ വിദ്യാഭ്യാസനയം ഉയര്‍ത്തുന്ന ആശങ്കകളും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലികവിദ്യാഭ്യാസ പ്രശ്നങ്ങളും പ്രൊഫ.രാജമാണിക്യം അവതരിപ്പിച്ചു. പുത്തന്‍ സാമ്പത്തിക നയങ്ങളും നയരൂപീകരണവും, പുത്തന്‍ സാമ്പത്തികനയങ്ങളും ആരോഗ്യവും , പുത്തന്‍ സാമ്പത്തികനയങ്ങളും ജന്ററും എന്നീ 3 വിഷയങ്ങള്‍ ഡല്‍ഹി സയന്‍സ്‌ഫോറത്തിലെ ഡോ.ഡി.രഘുനന്ദനന്‍, ഡോ.സത്യജിത്ത് രഥ്, ഡോ.വിനീത ബാലന്‍ എന്നിവര്‍ അവതരിപ്പിച്ചു. അതിനുശേഷം നടന്ന ”Understanding Science” എന്ന വിഷയത്തിലുള്ള ഡോ.സത്യജിത്ത് രഥിന്റെ ക്ലാസ്സ് ഏറെ ആവേശകരമായിരുന്നു. കാര്യകാരണബന്ധത്തോടെ സാമൂഹ്യപ്രശ്നങ്ങളെ സമീപിക്കുവാന്‍ എല്ലാ അംഗങ്ങളെയും പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകതയും അതത്ര എളുപ്പമായ കാര്യമല്ലെന്നുമാണ് തന്റെ ക്ലാസ്സിലൂടെ അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. നാലാംദിവസം ”Science to Reason” എന്ന വിഷയത്തില്‍ അരുന്നാദമിത്ര ക്ലാസ്സെടുത്തു.

പൊതു അവതരണങ്ങള്‍ക്കുശേഷം നടന്ന ഗ്രൂപ്പുചര്‍ച്ചകളും പൊതുചര്‍ച്ചകളും കാര്യങ്ങളില്‍ കൂടുതല്‍ ആശയവ്യക്തത ലഭിക്കാന്‍ കാമ്പംഗങ്ങളെ സഹായിച്ചു. 19 സംസ്ഥാനങ്ങളില്‍നിന്നായി 121 പ്രതിനിധികള്‍ കാമ്പില്‍ പങ്കെടുത്തു. AIPSN ജനറല്‍സെക്രട്ടറി രമേഷ്, ഡോ.ഡി.രഘുനന്ദനന്‍, ടി.ഗംഗാധരന്‍, ഡോ.അമിത്‌സെന്‍ ഗുപ്ത, ആശാമിത്ര തുടങ്ങിയവര്‍ കാമ്പിന് നേതൃത്വം നല്‍കി.

കലാസാഹിത്യ രംഗത്തുനിന്നുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കാവ്യാലാപനവും നൃത്താവിഷ്കാരങ്ങളും കാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇ.ജിനന്‍ കാവ്യാലാപനത്തിന് നേതൃത്വം നല്‍കി. വിവിധ സംസ്ഥാനങ്ങളിലെ ഭാഷ, വേഷം. ജീവിതരീതി, സാമൂഹ്യവ്യവസ്ഥ, ആധുനിക ഇന്ത്യയില്‍ PSM നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും മനസ്സിലാക്കുവാന്‍ കാമ്പിലൂടെ സാധിച്ചു. കാമ്പിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 5 മേളകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനമായി. യുവജനമേള (കേരളം), അധ്യാപക മേള (കര്‍ണാടകം), വനിതാമേള (തമിഴ്‌നാട്), കാര്‍ഷികമേള (പോണ്ടിച്ചേരി), ബാലമേള (തെലുങ്കാന), ശാസ്ത്രസംഗമം (ആന്ധ്രാപ്രദേശ്).

ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് പി.കെ.നാരായണന്‍, ടി.കെ.മീരാഭായ്, ഇ.ജിനന്‍ എന്നിവര്‍ കാമ്പില്‍ പങ്കെടുത്തു. സാക്ഷരത, വിദ്യാഭ്യാസം, ശാസ്ത്രബോധം എന്നീ വിഷയങ്ങളില്‍ ഊന്നിക്കൊണ്ട് നവംബര്‍മാസം മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം കാമ്പില്‍ വച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *