ഫ്രണ്ട്സ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ. വാര്‍ഷികം

0

അജ്മാന്‍: മുന്‍ പരിഷത്ത് പ്രവര്‍ത്തകരുടെ യു.എ.ഇ.യിലെ കൂട്ടായ്മയായ ഫ്രണ്ടസ് ഓഫ് ശാസ്ത്രസാഹിത്യ പരിഷത്ത് പതിമൂന്നാം വാര്‍ഷിക സമ്മേളനം ജൂണ്‍ 29നു അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ നടന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും കേന്ദ്രനിര്‍വാഹകസമിതിയംഗവുമായ ടി.പി.ശ്രീശങ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വരുംതലമുറകള്‍ക്ക് ഉപകാരപ്രദമാവുന്നതും ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാത്തതുമായ സുസ്ഥിരവികസനമാണ് കേരളത്തിനു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പലതും പരിസ്ഥിതിവിരുദ്ധമാണ്. ഏറ്റവുമധികം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ദ്വിതീയമേഖലയായ വ്യവസായത്തിലാണ്. ഇതില്‍ തന്നെ നിര്‍മ്മാണമേഖലയിലാണു കൂടുതലും. ഇതിനുവേണ്ടി പ്രാഥമിക മേഖലയായ കൃഷിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു.
എഫ്.കെ.എസ്.എസ്.പി. പ്രസിഡന്റ് ശ്രീകുമാരി ആന്റണി അധ്യക്ഷത വഹിച്ചു. അജയ് സ്റ്റീഫന്‍ സ്വാഗതം ആശംസിച്ചു. ദേവരാജന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ഫോട്ടോണിക് ശാസ്ത്രജ്ഞന്‍ അജിത് കുമാര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജാസിം മുഹമ്മദ്, യുറീക്ക പത്രാധിപസമിതി അംഗം വിജയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശ്യാം കൃതജ്ഞത പറഞ്ഞു. തുടര്‍ന്ന് പ്രതിനിധി സമ്മേളനത്തില്‍, സംഘടന കോര്‍ഡിനേറ്റര്‍ ഹരിദാസ് റിപ്പോര്‍ട്ടും ട്രഷറര്‍ ജോസഫ് ഫിലിപ്പ് വരവുചെലവു കണക്കും അജയ് സ്റ്റീഫന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും മനോജ് ഭാവിപ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു. ടി.പി.ശ്രീശങ്കര്‍ സംഘടനാരേഖ അവതരിപ്പിച്ച് സംസാരിച്ചു. സിനിമാലോകത്ത് നിലനില്‍ക്കുന്ന പുരുഷമേധാവിത്വരീതിയ്‌ക്കെതിരെ സധൈര്യം നിലപാടെടുത്ത Women in Cinema Collective(WCC)ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്മേലുള്ള ഭേദഗതി പിന്‍വലിക്കണമെന്ന് സമ്മേളനപ്രമേയം ആവശ്യപ്പെട്ടു. University Grants Commission(UGC) പിന്‍വലിക്കാനുള്ള കേന്ദ്രമാനവ വിഭവശേഷിവകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് സമ്മേളനം പ്രമേയം പാസാക്കി. പ്രസിഡന്റ് ശ്രീകുമാരി ആന്റണി, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, കോര്‍ഡിനേറ്റര്‍ ഹരിദാസ്, ജോയിന്റ്‌കോര്‍ഡിനേറ്റര്‍ ധനേഷ്, ട്രഷറര്‍ ഡോ. അനുഷ ശ്രീജിത്ത്
എന്നിവര്‍ ഭാരവാഹികളായുള്ള 25 അംഗനിര്‍വാഹകസമിതിയെയാണു സമ്മേളനം തെരഞ്ഞെടുത്തത്. തുടര്‍ന്ന് അബുദാബിയിലെ കലാകാരികള്‍ ചേര്‍ന്ന് ‘ആസിഫയുടെ സ്വര്‍ഗം‘ എന്ന കവിതയുടെ നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ആസാദിന്റെയും അനുഷയുടെയും ബാലവേദി കൂട്ടുകാരുടെയും പരിഷത് ഗാനാലാപനം ഏറെ ഹൃദ്യമായി. ഈ വര്‍ഷം പ്രധാനമായും ഇവിടത്തെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുക, മിനി ബാല ശാസ്ത്രകോണ്‍ഗ്രസുകള്‍ സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുക, ബാലവേദി കൂട്ടുകാര്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുക, എന്നീ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. കൂടാതെ ഇവിടെയുള്ള പരിഷത്ത് സുഹൃത്തുക്കളുടെ വസതികളി. ഒരു വര്‍ഷം മുഴുവനായി കാര്‍ബണ്‍ ഫുട്പ്രിന്റ് പഠനം നടത്തുക എന്ന ചുമതലകൂടി ഏറ്റെടുത്തുകൊണ്ടാണു സമ്മേളനം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *