ബ്രഹ്മപുരം പദ്ധതി ഉപേക്ഷിക്കുക
എറണാകുളം: ഉറവിട മാലിന്യ നിർമ്മാർജനമെന്ന സർക്കാർ നയത്തിനെതിരെയുള്ള ബ്രഹ്മപുരം വൈദ്യുതോല്പാദന മാലിന്യ നിർമ്മാർജന പദ്ധതി ഉപേക്ഷിക്കണമെന്ന് എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാലിന്യം കുന്നുകൂടുകയും കത്തിക്കുകയും ചെയ്യുന്നത് അന്തരീക്ഷ മലിനീകരണത്തിനു പുറമേ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. ബയോഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് എന്നീ മാർഗ്ഗങ്ങളിലൂടെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കാനും അതുവഴി കാർഷിക മേഖലയെ സഹായിക്കാനും കഴിയുമെന്നിരിക്കെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കുപ്രസിദ്ധിയുള്ള കൊച്ചി കോർപ്പറേഷൻ അപ്രായോഗികമായ വൈദ്യുതോല്പാദന മാലിന്യ നിർമ്മാർജന പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്.
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്ലാദന പദ്ധതികൾ വിജയകരമായതിന് തെളിവില്ലാത്ത സാഹചര്യത്തിൽ ബ്രഹ്മപുരം പദ്ധതി ഉപേക്ഷിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേർന്ന ജില്ലാ വാർഷിക സമ്മേളനം കേന്ദ്ര നിർവ്വാഹക സമിതിയംഗം കെ കെ കൃഷ്ണകമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി എ വിജയകമാർ അധൃക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജുന, നിർവ്വാഹക സമിതിയംഗം രമേഷ് കുമാർ, കെ എൻ സുരേഷ് കുമാർ, കെ ആർ ശാന്തിദേവി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ഐ വർഗീസ് വാർഷിക റിപ്പോർട്ടും ട്രഷറർ പി കെ വാസു വരവുചെലവും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി വി എം വിജയകുമാർ (പ്രസിഡന്റ്), കെ ആർ ശാന്തിദേവി (സെക്രട്ടറി), പി കെ വാസു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.