മണ്ണിൽ വിരിയുന്ന ചിത്രങ്ങൾ
കാസർഗോഡ് : നെക്രാൻജെയിൽ നിന്ന് കളിമൺ/ ഡികോപാജ് പരിശീലനത്തിന് ഐ.ആർ.ടി.സി.യിൽ വന്ന 27 പേർക്ക് പരിശീലന നാളുകൾ വ്യത്യസ്തമായ അനുഭവമായി. പുതിയ കാര്യങ്ങൾ പഠിക്കാനും പങ്കു വെയ്കാനും പ്രായമോ പ്രതിസന്ധികളോ അവർക്ക് ഒരു തടസ്സമായില്ല. യന്ത്ര സഹായത്തോടെയുള്ള കളിമൺ പാത്ര നിർമ്മാണം, കളിമൺ ഉപയോഗിച്ചുള്ള ആഭരണ നിർമ്മാണം, അലങ്കാര വസ്തുക്കളുടെ നിർമ്മാണം, ഡെക്കോപാജ് (ചിത്രങ്ങൾ ഒട്ടിച്ചു കൊണ്ട്) ഡിസൈൻ രീതികൾ എന്നിവയ്ക്കുള്ള പരിശീലനമാണ് അവർ നേടിയത്. രണ്ടു വാർഡുകളിൽ നിന്നായി ഏകദേശം 200 ഓളം കുടുംബങ്ങളാണ് കളിമൺ പാത്ര നിർമാണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത്. സൊസൈറ്റിക്ക് സ്വന്തമായി ഒരു കെട്ടിടം നാട്ടിൽ ഉണ്ട്. ഇവിടെ പഠിച്ച കാര്യങ്ങൾ എല്ലാം ഒരു കൂട്ടായ്മയായി അവിടെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, നെക്രാൻജെ സ്വദേശിയും പരിശീലനാർത്ഥിയുമായ പി സുജിത് കുമാർ പറഞ്ഞു. നാലു മക്കളുടെ അമ്മയായ രമണി ബദിയടുക്ക ഏറെ സന്തോഷത്തോടെയാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. കൂടുതൽ ഉത്പന്നങ്ങൾ നിർമിക്കുവാനും അതിലൂടെ വരുമാനം വർധിപ്പിക്കാനും പരിശീലനത്തിലൂടെ സാധിക്കും എന്ന് രമണി സാക്ഷ്യപ്പെടുത്തുന്നു.
“ചോറും കറിയും വെയ്ക്കുന്ന പാത്രങ്ങൾ ഉണ്ടാക്കാൻ മാത്രമേ അറിയുമായിരുന്നുള്ളു. ഇപ്പൊ കുറെ കാര്യങ്ങൾ കൂടെ പഠിച്ചു 58കാരനായ സുധാകരൻ സാക്ഷ്യപ്പെടുത്തി. മൺപാത്ര നിർമ്മാണ രംഗത്തെ ജോലി തന്നെ ഉപേക്ഷിച്ച സുധാകരൻ ഈ ജോലിയിലേക്ക് തിരികെ വന്നതും വർഷങ്ങൾക്ക് മുൻപ് ഐ.ആർ.ടി.സി. ഒരുക്കിയ പരിശീലനത്തിലൂടെ തന്നെ ആയിരുന്നു.
ഐ.ആർ.ടി.സി. മുൻ ഡയറക്ടറും ആയ ശാസ്ത്രജ്ഞയുമായ ഡോ. എം ലളിതാംബികയുടെ നേതൃത്വത്തിൽ ആണ് പരിശീലനം നടക്കുന്നത്. സർക്കാർ സഹായത്തോടെ നടത്തുന്ന പരിപാടിയിൽ കെ ഗീത, സുബേഷ് ബാബു കെ കെ, യശോദ എൻ, രമ ആർ എന്നിവർ ക്ലാസ്സുകൾ നയിക്കുന്നു.
മൺപാത്ര നിർമ്മാണ തൊഴിലാളികൾ സാമ്പത്തികമായും സാമൂഹ്യമായും അനുഭവിച്ച പിന്നാക്കാവസ്ഥയെ അതിജീവിക്കാൻ യന്ത്രനിർമ്മിതിയിലൂടെയും മറ്റും ഇടപടെലുകളിലൂടെയും ഐ.ആർ.ടി.സി. നടപ്പിലാക്കിയ പദ്ധതികളുടെ തുടർച്ചയാണ് പരിശീലന പരിപാടികൾ.