മരട്: സുപ്രീം കോടതി വിധി നടപ്പാക്കണം

0

തീരദേശ നിയമം (1991, 2011, 2019) അനുസരിച്ചു നിർമ്മാണം നടത്താൻ അനുമതിയില്ലാത്ത അതിപ്രധാന പാരിസ്ഥിതിക മേഖലയായ CRZ 1 വിഭാഗത്തിൽ പെടുന്ന കണ്ടൽക്കാടുകളും പൊക്കാളി പാടങ്ങളും നികത്തിയും CRZ III വിഭാഗത്തിൽ പെടുന്ന നിർമ്മാണ രഹിത മേഖല കയ്യേറിയും നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി അടിയന്തിരമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
കായലും കായലോരവും ഉൾക്കൊള്ളുന്ന തീരമേഖല അതിലോല ആവാസ വ്യവസ്ഥകളാൽ സമ്പന്നമാണെന്നും അവയുടെ സംരക്ഷണവും നിലനില്പും തീരജനതയുടെ ഉപജീവന സംരക്ഷണത്തിനും സുരക്ഷയ്ക്കും ആവശ്യമാണെന്നുമുള്ള തിരിച്ചറിവിന്റെ ഫലമാണ് അവയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള 1991ലെ തീരദേശ നിയമം (CRZ 1991). കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കടൽ- കായൽ ജലവിതാന ഉയർച്ചയും തീരമേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് ഇക്കഴിഞ്ഞ പ്രളയങ്ങൾ നമ്മെ പഠിപ്പിച്ചു. റംസാർ തണ്ണീർത്തടം കൂടിയായ വേമ്പനാടു കായലിനേയും കായലോരത്തേയും സംരക്ഷിക്കുന്നതിൽ അവിടെ നടന്ന അനധികൃത കയ്യേറ്റങ്ങളിൽ ചിലതെങ്കിലും ഒഴിപ്പിച്ച് പൂർവ്വസ്ഥിതിയിലാക്കണമെന്നുള്ള സുപ്രീംകോടതി വിധി ഒരു നല്ല തുടക്കമാണ്. കായലോരത്തെ ഏതു നിർമ്മാണത്തിനും അത്യാവശ്യമായ സംസ്ഥാന തീരപരിപാലന അതോറിറ്റിയിൽ (KCZMA) നിന്നുള്ള അനുമതി ഈ നിർമ്മാണങ്ങൾക്കു വാങ്ങിച്ചിട്ടില്ലായെന്നതും ഗുരുതരമായ നിയമലംഘനം തന്നെയാണ്.
2006- 07 ൽ മരടു പഞ്ചായത്ത് കെട്ടിട നിർമ്മാണാനുമതി കൊടുത്തപ്പോൾ തന്നെ നഗരാസൂത്രണ വകുപ്പിൻ്റെ വിജിലൻസു വിഭാഗം തീരദേശ നിയമവും മറ്റു നിയമങ്ങളും ലംഘിച്ചാണ് ഇവിടെ നികത്തലും നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നതെന്നു ചൂണ്ടിക്കാണിച്ചിരുന്നു. ഇതനുസരിച്ചു നിർമ്മാണം നിർത്തി വെക്കാൻ കൊടുത്ത നോട്ടീസ് കോടതി മുഖേന റദ്ദാക്കിയാണു നിർമ്മാണം തുടർന്നത്.
ഈ അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടപ്പോൾ KCZMA 2010-11 ൽ തന്നെ പഠനം നടത്താൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയും അവരുടെ റിപ്പോർട്ടനുസരിച്ചു നിർമ്മാണം നിർത്തി വെയ്പിക്കാൻ പഞ്ചായത്തിനോടു നിർദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് പഞ്ചായത്തു നൽകിയ നോട്ടീസ് ഹൈക്കോടതിയിൽ നിന്നും റദ്ദാക്കി നിർമ്മാതാക്കൾ 2015 ൽ ഉത്തരവു നേടി. KCZMA ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും തീരദേശ നിയമം ലംഘിച്ചു നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള ഉത്തരവു നേടിയെടുക്കുകയും ചെയ്തു. സുപ്രീം കോടതി നിയമിച്ച ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന സമിതിയുടെയും അവരെ സഹായിക്കുന്നതിനുള്ള വിദഗ്ധ സമിതിയുടെയും റിപ്പോർട്ടുകൾ കണക്കിലെടുത്താണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
എന്നാൽ കോടതിവിധി വന്നാലും ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണ് പരിസ്ഥിതി നിയമങ്ങളുടെ കാര്യത്തിൽ കേരളത്തിൽ നിലനിൽക്കുന്നത്. വേമ്പനാടു കായൽ നികത്തി നിർമിച്ച മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 59 ലക്ഷ്വറി വില്ലകൾ വിധി വന്ന് 4 വർഷങ്ങൾക്ക് ശേഷവും പൊളിച്ചു നീക്കാൻ കഴിയാത്തതും മറ്റൊരു ലക്ഷ്വറി ഫ്ലാറ്റ് സമുച്ചയത്തിന് ഒരു കോടി രൂപ പിഴ നിശ്ചയിച്ച് പൊളിക്കലൊഴിവാക്കി കൊടുത്തതും പ്രത്യക്ഷ ഉദാഹരണങ്ങൾ. കയ്യേറ്റക്കാരിലധികവും പണവും സ്വാധീനവും ഉള്ളവരാണെന്നത് നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ?
ഫ്ലാറ്റ് നിർമ്മാണ പ്രവൃത്തികൾ നിയമലംഘനങ്ങളാണെന്നു 2007 മുതൽ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കുമ്പോഴും കോടതിയിൽ വ്യവഹാരങ്ങൾ നടക്കുമ്പോഴുമെല്ലാം നിർമ്മാതാക്കൾ അനധികൃത നിർമ്മാണം തുടർന്നതും മരടു നഗരസഭയുടെ ഒത്താശയോടെ കെട്ടിടങ്ങൾക്കു കുടിപ്പാർപ്പു സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് ഫ്ലാറ്റുകൾ കച്ചവടം നടത്തിയതും നിർമ്മാതാക്കളുടെ ഉത്തരവാദിത്തത്തിലാണ്.
അഞ്ചു നിർമ്മാതാക്കളിൽ ഹോളി ഹെറിറ്റേജ് നിർമ്മാണവുമായി മുന്നോട്ടു പോയില്ലായെന്നു മനസ്സിലാക്കുന്നു.
വ്യത്യസ്ത കാലങ്ങളിൽ രണ്ടു വ്യത്യസ്ത വിദഗ്ധ സമിതികളും നഗരാസൂത്രണ വകുപ്പ് വിജിലൻസു വിഭാഗവും മുൻകാല ഉപഗ്രഹ ചിത്രങ്ങളുൾപ്പെടെ പരിശോധിച്ചു നിയമലംഘനമാണെന്നു കണ്ടെത്തിയതാണു മരടിലെ ചർച്ച ചെയ്യപ്പെടുന്ന നിർമ്മിതികൾ.
കായലോര സാമീപ്യം അത്യാവശ്യമുള്ളതോ പരമ്പരാഗത കായലോര വാസികളുടെ ഉപജീവന പ്രവൃത്തികൾക്കും മാത്രമായി മാറ്റിവെച്ചിട്ടുള്ളതോ ആയ CRZ മേഖല കയ്യേറി താമസിക്കുന്നവരും കുറ്റക്കാർ തന്നെ.
നിർത്തിവെക്കേണ്ട ഘട്ടത്തിൽ ഇടപെട്ടവർ തന്നെയാണ് ഒരു തരത്തിൽ കൂറ്റൻ കെട്ടിടങ്ങൾ പൊളിക്കുന്നതിൻ്റെ പരിസ്ഥിതി ആഘാതങ്ങൾക്ക് ഉത്തരവാദികൾ. ജുഡീഷ്യറിയുടെ പരസ്പരവിരുദ്ധമായ വിധികൾ കാരണം വന്നു ചേരുന്ന പ്രശ്നങ്ങൾ തീർപ്പു കൽപ്പിക്കുമ്പോൾ യാതൊരു മാനുഷിക പരിഗണനയും കാണിക്കാതിരിക്കുന്നതും വിമർശിക്കപ്പെടേണ്ടതുണ്ട്.
തീരദേശ നിയമ ലംഘനങ്ങൾ എല്ലാം കണ്ടെത്തി നടപടിയെടുക്കണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ 2011 ജനുവരിയിലെ നിർദ്ദേശവും വേമ്പനാടു കായൽ മേഖലയിലെ എല്ലാ നിയമലംഘനങ്ങളും കണ്ടെത്തി നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ മുൻകാല ഉത്തരവും നടപ്പാക്കാൻ ഫലപ്രദമായ നടപടികൾ കൂടി ഇതോടൊപ്പം സ്വീകരിക്കേണ്ടതാണ്. വേമ്പനാടു കായൽ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനുള്ള 2010 ലെ കേന്ദ്ര തണ്ണീർത്തട നിയമം ഫലപ്രദമായി നടപ്പാക്കാനും സംസ്ഥാന സർക്കാർ നടപടി എടുക്കണം.
ഈ കേസിൽ കേരള ഹൈക്കോടതിയുടെ നിലപാട് നിഷ്പക്ഷവും യുക്തിസഹവും നിലനിൽക്കുന്ന നിയമങ്ങൾക്ക് ചേർന്നതുമായിരുന്നില്ലെന്ന് സുപ്രീം കോടതി അതിനെ നിരാകരിച്ചതോടെ ബോധ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് അന്ന് വിധി പറഞ്ഞ ന്യായാധിപകർക്കും പങ്കുണ്ട് എന്ന വിമർശനമുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പരിശോധിച്ച്, പാരിസ്ഥിതിക വിഷയങ്ങളിൽ കൂടുതൽ ജാഗ്രത്തും കർശനവും അവധാനതയുമുള്ള നിലപാട്‌ കൈക്കൊള്ളാൻ കീഴ്ക്കോടതികളോട് നിർദ്ദേശിക്കാൻ ബഹുമാനപ്പെട്ട സുപ്രീം കോടതി തയ്യാറാകേണ്ടതുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *