മാറാടി പഞ്ചായത്തില്‍ ജെന്റര്‍ പരിശീലനം
എറണാകുളം: ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല ജെന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ മാറാടി ഗ്രാമപഞ്ചായത്തില്‍ ജൂലായ് 30 ന് മാറാടി മണ്ണത്തൂര്‍ കവല കര്‍ഷകമാര്‍ക്കറ്റ് ഹാളില്‍ ഏകദിന പരിശീലനം നടത്തി. പഞ്ചായത്ത് കുടുബശ്രീ യൂണിറ്റുമായി സഹകരിച്ചാണ് പരിശീലനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവന്‍ ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ രമാ രാമകൃഷ്ണന്‍, വത്സല ബിന്ദുക്കുട്ടന്‍, ജെന്റര്‍ വിഷയസമിതി മേഖല ചെയര്‍മാന്‍ ടി.കെ സുരേഷ്, കെ.ആര്‍ വിജയകമാര്‍, അമ്പിളി ബിജു, ലീല കുര്യന്‍ സുമാഗോപി, ഷൈന്‍ ടി.മണി, സല്ലി ചാക്കോ എന്നിവര്‍ സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകത വിശദീകരിച്ച് സംസാരിച്ചു. പരിഷത്ത് മാറാടി യൂണിറ്റ് പ്രസിഡന്റ് പി.എ. ജോണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെന്റര്‍ കണ്‍വീനര്‍ രേഷ്മ എന്‍.ബി. സ്വാഗതവും യൂണിറ്റ് സെക്രട്ടറി മോഹനന്‍ ഇ.എസ.് നന്ദിയും രേഖപ്പെടുത്തി. പരിശീലനത്തിന് പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.ആര്‍. ശാന്തീദേവി നേതൃത്വം നല്‍കി. സമൂഹത്തില്‍ സ്ത്രീ അഭീമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, അവയുടെപരിഹാരം, അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ത്രീ വിരുദ്ധത, സ്വാതന്ത്ര്യം ഹനിയ്ക്കല്‍, അതിരുവിടുന്ന പുരുഷമേധാവിത്വം, സര്‍ക്കാര്‍ സേവന മേഖലയില്‍ സ്ത്രീ നേരിടുന്ന വിഷമതകള്‍, സ്ത്രീ സൗഹൃദ പൊതു ഇടങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു ഹൃസ്വ സംവാദങ്ങളും ലഘുനാടകാവതരണങ്ങളും നടന്നു. കൂടാതെ സഭാകമ്പം ഇല്ലാതാക്കല്‍, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കല്‍, ക്രോഡീകരണം, തുടങ്ങി നേതൃത്വവികസന പരിശീലനങ്ങളും നടന്നു. ഭാവിപ്രവര്‍ത്തന രൂപരേഖ കെ.കെ. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും തുടര്‍പരീശീലനം നടത്തുന്നതിന് മേഖല കമ്മിറ്റി അംഗം തങ്കച്ചന്റെ നേതൃത്വത്തില്‍ കര്‍മപരിപാടി തയ്യാറാക്കി. പരിശീലനത്തില്‍ 36 പേര്‍ പങ്കെടുത്തു.