മോഡി സർക്കാർ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കില്ല: ഡോ. ടി.ജി.അജിത.
ഡോ.ടി.ജി.അജിത ജന്റർ വിഷയസമിതി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
തൃശ്ശൂർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നിലവിലെ കേന്ദ്രസർക്കാർ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് കരുതേണ്ടെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ നിയമ പഠനകേന്ദ്രത്തിലെ അധ്യാപികയും പ്രമുഖ സാമൂഹികപ്രവർത്തകയുമായ ഡോ.ടി.ജി അജിത പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജന്റർ വിഷയ സമിതി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വടക്കെ ഇന്ത്യയിലിപ്പൊഴും കൂട്ടുകുടുംബവ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഹിന്ദു കോർപ്പറേറ്റ് കൂട്ടുകുടുംബങ്ങളിൽ സ്വത്ത് കൈമാറ്റങ്ങൾക്ക് ഏകീകൃത സിവിൽ നിയമം തടസ്സമാകും. കോർപറേറ്റുകളോട് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാവുന്ന കേന്ദ്രസർക്കാർ അവർക്ക് ഹിതകരമല്ലാത്ത ഒന്നിനും വേണ്ടി മുൻകൈയെടുക്കില്ല. മുത്തലാക്ക് ബിൽ (മുസ്ലിം സ്ത്രീ നിയമം-2017) ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള വൃഥാ വേലയാണെന്നവർ പരിഹസിച്ചു. നിയുക്തബിൽ, മുസ്ലിം സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് അഭിപ്രായപ്പെട്ടതുപോലെ, മുത്തലാക്കിനെ ഗാർഹിക പീഢന നിരോധന നിയമത്തിൽ ഉൾപ്പെടുത്തുകയാണ് വേണ്ടതെന്ന് ഡോ.അജിത ആവശ്യപ്പെട്ടു. വിവിധ സമുദായങ്ങളിലെ സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്തവും മറികടക്കാൻ ലിംഗനീതി ഉറപ്പാക്കുന്ന ഏകീകൃത സിവിൽ കോഡ് അനിവാര്യമാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി എ.പി. സരസ്വതി അധ്യക്ഷത വഹിച്ചു. ‘നിസ’യുടെ സ്ഥാപകയും മനുഷ്യാവകാശ പ്രവർത്തകയുമായ വി.പി.സുഹ്റ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷീല വിജയകുമാർ, എം.എം.ഗ്രേസി, സി.ബി.ഗീത, പി.എസ്.ജൂന, ജന്റർ വിഷയ സമിതി ചെയർപെഴ്സൺ പ്രൊഫ.സി.വിമല, കൺവീനർ അംബിക സോമൻ, എം.ജി.ജയശീ എന്നിവർ സംസാരിച്ചു.