ലിംഗതുല്യതാ നയരേഖകള്‍ തയ്യാറാക്കി
പ്രാദേശിക സര്‍ക്കാരുകളുടെ വികസന – ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ലിംഗതുല്യത ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട ലിംഗതുല്യത നയരേഖയുടെ ജനകീയചര്‍ച്ച ലോകവനിതാ ദിനത്തില്‍ നടന്നു. പരിഷത്ത് ജന്റര്‍ വിഷയസമിതി നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന പ്രദേശിക ഇടപെടല്‍ പ്രവര്‍ത്തനത്തിലൂടെയാണ് ലിംഗതുല്യത നയരേഖകള്‍ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുള്ള അഡ്ഹോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലിംഗതുല്യത നയരേഖ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, സംഘടനകള്‍, തുടങ്ങി വിവിധ സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ച ദ്വിതീയ വിവരങ്ങളുടെ ക്രോഡീകരണവും വിശകലനവുമാണ് രേഖാനിര്‍മ്മിതിയുടെ ആദ്യഘട്ടമായിരുന്നത്. ലിംഗതുല്യതാ സമീപനങ്ങള്‍ക്ക് വിരുദ്ധമായി നിലനില്‍ക്കുന്ന ഭൗതിക – സാമൂഹിക സാഹചര്യങ്ങള്‍, സേവനസംവിധാനം, മനോഭാവം എന്നിവയെപ്പറ്റിയുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് പ്രശ്നനിര്‍ണ്ണയം നടത്തല്‍, പ്രശ്നതീവ്രതയും ലഘുത്വവും തിരിച്ചറിയല്‍, പ്രശ്നങ്ങളുടെ കാര്യ-കാരണബന്ധങ്ങള്‍ സംബന്ധിച്ച നിഗമനങ്ങള്‍ തയ്യാറാക്കല്‍, പ്രശ്നത്രീവ്രതയുടെയും ഗൗരവത്തിന്റെയും അടിസ്ഥാനത്തില്‍ അവയെ അഭിമുഖീകരിക്കുന്നതിനുള്ള സമീപനവും പരിപാടിയും തയ്യാറാക്കല്‍ എന്നിവയാണ് തുടര്‍ന്ന് നടന്നത്. ലഭ്യമായ വിവരങ്ങളും പ്രായോഗികാനുഭവവും തമ്മിലുള്ള അന്തരം ബോധ്യപ്പെട്ട സ്ഥലങ്ങളില്‍ അതിന്റെ കാരണം തിരയുന്നതിന് ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനുകളും നടത്തിയിരുന്നു. പൊതുസമീപനത്തോടൊപ്പം, ഓരോ വിഷയമേഖലകളില്‍ സ്വീകരിക്കേണ്ട സമീപനവും തയ്യാറാക്കിയിരുന്നു.
പൊതുസമീപനവും വിഷയമേഖലാ സമീപനങ്ങളും നിര്‍ണ്ണയിക്കുന്നതിന്റെ തുടര്‍ച്ചയായി ഓരോ വിഷയമേഖലയിലും കൈവരിക്കേണ്ട ലക്ഷ്യങ്ങളെപ്പറ്റി വ്യക്തത വരുത്താനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഹ്രസ്വ – ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നടപ്പാക്കാവുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, പരിപാടികള്‍, പദ്ധതികള്‍ എന്നിവയും നിര്‍ദ്ദേശിക്കപ്പെടുന്നു. ലഭ്യമായ വിദഗ്ധര്‍, ഉദ്ദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ ആലോചനകളില്‍ നിന്നാണ് പദ്ധതികളും പരിപാടികളും നിര്‍ദ്ദേശിക്കപ്പെടുന്നത്. പദ്ധതികളുടെ നിര്‍വ്വഹണത്തിനുവേണ്ടിയുള്ള സ്ഥാപന-സംഘടനാ സംവിധാനങ്ങള്‍ എന്തൊക്കെയെന്നുകൂടി വിശദമാക്കുന്നതാണ് ലിംഗതുല്യതാനയ രേഖയുടെ ഉള്ളടക്കം. പ്രാദേശികസര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കേണ്ട ലിംഗതുല്യതാ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനും ജെന്റര്‍ റിസോഴ്സ് സെന്റര്‍ മുഖാന്തിരം ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍ റിസോഴ്സ് സെന്റര്‍ ഉത്തരവാദിത്തങ്ങള്‍ എന്നിവയും അവസാനഭാഗത്തായി വിശദമാക്കപ്പെടും. പ്രത്യേകമായി സംഘടിപ്പിക്കുന്ന സെമിനാര്‍ ചര്‍ച്ചകളിലൂടെ മെച്ചപ്പെടുത്തുന്ന നയരേഖകളുടെ പൊതു പ്രഖ്യാപനത്തിനും ഗ്രാമപഞ്ചായത്തുകള്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളില്‍ 3 ഗ്രാമപഞ്ചായത്തുകളിലാണ് ജെന്റര്‍ വിഷയസമിതി പിന്തുണയോടെ ആരംഭിച്ചത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട എല്ലാ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും ഒരേ വേഗത്തില്‍ മുന്നേറാനായിട്ടില്ല.