വയനാട് ചുരം ബദല്‍ റോഡുകള്‍ ജനകീയ അംഗീകാരത്തോടെ ഉടന്‍ യാഥര്‍ഥ്യമാക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്
വയനാട്: വയനാട് ചുരം ബദല്‍ റോഡുകള്‍ സംബന്ധിച്ചു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടുകളില്‍ അടിയന്തിര പ്രാധാന്യത്തോടെ തുടര്‍നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവില്‍ അഞ്ച് ബദല്‍ റോഡുകളുടെ നിര്‍ദേശമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയില്‍ ഉള്ളത്: ചിപ്പിലിത്തോട്, നിലമ്പുര്‍-മേപ്പാടി, പടിഞ്ഞാറത്തറ-പൂഴിത്തോട്, ആനക്കാംപൊയില്‍-കള്ളാടി, നിരവില്‍പുഴ-വിലങ്ങാട്, എന്നീ ബദല്‍ റോഡുകളുടെ സാധ്യത സംബന്ധിച്ച പഠന റിപ്പോര്‍ട്ടുകള്‍ ജനകീയ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വേണം പരിസ്ഥിതി ആഘാതം ഏറ്റവും കുറഞ്ഞ പാത തെരഞ്ഞെടുക്കാന്‍.
നിലവിലുള്ള പാതയുടെയും ബദല്‍ പാതയുടെയും രേഖാചിത്രങ്ങള്‍ പ്രസിദ്ധീകരിക്കണം. നിലവിലുള്ള ചുരം പാതയില്‍ ആവശ്യമായ ഇടങ്ങളില്‍ സംരക്ഷണ ഭിത്തി അടിയന്തിരമായി നിര്‍മ്മിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകള്‍ തടയണം. ചുരം റോഡിലെ സ്വകാര്യ കെട്ടിടങ്ങളുടെ നിര്‍മ്മാണ അനുമതി സംബന്ധിച്ച് അന്വേഷണം നടത്തണം. ഭാവിയില്‍ ഒരു നിര്‍മ്മാണത്തിനും അനുമതി നല്‍കരുത്. നിലവില്‍ ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനും തയ്യാറാവണം. കയ്യേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് മാഗി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആര്‍. മധുസൂദനന്‍, പരിസര കണ്‍വീനര്‍ പി.സി.ജോണ്‍, കെ.ബാലഗോപാലന്‍, പി.വി.സന്തോഷ്, പി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.