വിളവെടുപ്പ് ജനകീയ ഉത്സവമായി
കൊടിയത്തൂർ : ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ അനുബന്ധമായി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്തിൽ ഏറെക്കാലമായി കൃഷിയിറക്കാതെ തരിശിട്ട വയലുകളാണ് സമ്മേളനത്തിന്റെ ഭാഗമായി കൃഷിക്കായി തെരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ചാണ് വയലുകൾ കൃഷിയോഗ്യമാക്കിയത്. ചെറുവാടി ഗവ.ഹയർ സെക്കണ്ടറിസ്കൂൾ വിദ്യാര്‍ഥികൾ ഉൾപ്പെടെ സിങ്കപ്പൂരിൽ നിന്നെത്തിയ വിദ്യാര്‍ഥികളും കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ ഇവിടെ നിന്നും പരിശീലനം നേടിയിട്ടുണ്ട്. കൊയ്തുമെതിയന്ത്രം (കംപെയ്ൻ ഹാർവെസ്റ്റർ), വൈക്കോൽകെട്ടുയന്ത്രം (ബെയ്ലർ) എന്നിവയുടെ പരിശീലന ഉദ്ഘാടനവും നടന്നു.
കാർഷിക എഞ്ചിനീയറിംഗ് വിഭാഗം അസി.എക്സി.എഞ്ചിനീയർ അഹമ്മദ് കബീറാണ് യന്ത്രവൽകൃത കൃഷിയിൽ പരിശീലനം നൽകുന്നത്. ജില്ലയിലെ വിവിധ കാർഷികസേനയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുക്കുന്നു. കാർഷിക മേഖലയിൽ ജില്ലയിൽ മികവുതെളിയിച്ച കൃഷി ഓഫീസർ എം.എം.സബീന, കൊടിയത്തൂർ കോ-ഓപ് ബാങ്ക് ഗ്രീൻആർമി എന്നിവരെ അനുമോദിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലോടെ ഈ വയൽപ്രദേശം 150 ഓളം ഏക്കർ നെൽകൃഷിക്ക് തുടക്കമായതും പരിഷത്തിന്റെ അഞ്ചേക്കർ കൃഷിയോടെയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി.അബ്ദുല്ല, ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, കൊടിയത്തൂർ കോ-ഓപ് ബാങ്ക് പ്രസിഡണ്ട് ഇ.രമേശ് ബാബു, കാർഷിക എഞ്ചിനീയറിംഗ് കോളേജ് പ്രൊഫ.പി.ഷാജി ജയിംസ്, കൃഷി അസി.ഡയരക്ടർ ടി.ഡി.മീന, ഗ്രാമപഞ്ചായത്തംഗങ്ങൾ, പാടശേഖരസമിതി തുടങ്ങി വലിയ ഒരു കൂട്ടായ്മയിലാണ് വിളവെടുപ്പ് നടത്തിയത്.