ശാസ്ത്രകലാജാഥ-മൂര്‍ച്ചയേറിയ ഒരു ആശയപ്രചരണായുധം
അണ്ണന്‍ (ആര്‍. രാധാകൃഷ്ണന്‍)
”ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന മുദ്രാവാക്യവുമായി സമൂഹത്തിലേക്കു കടന്നുവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധമണിയിച്ച് സാമൂഹ്യവിപ്ലവത്തിനായി സമരസജ്ജമാക്കാന്‍ പല പല നൂതന ആശയവിനിമയോപാധികള്‍ പ്രയോഗത്തില്‍ വരുത്തുകയുണ്ടായി. അതിന്റെ പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ പരിഷത്ത് ഉപയോഗിച്ചിരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമെല്ലാം ജനങ്ങള്‍ക്ക് ചിരപരിചിതമായിട്ടുള്ള മാധ്യമങ്ങളായിരുന്നു. മാത്രവുമല്ല, അവയ്‌ക്കെല്ലാം എല്ലാ ജനവിഭാഗങ്ങളിലേയ്ക്കും ആശയങ്ങള്‍ എത്തിക്കുവാന്‍ കഴിയുമായിരുന്നില്ല എന്ന പരിമിതിയും ഉണ്ട്. ശാസ്ത്രരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ അറിവുകളെ എങ്ങിനെയാണ് സാധാരണക്കാരിലേക്കെത്തിക്കുക, അതിലൂടെ അവരുടെ ജീവിതഗുണമേന്മയ്ക്ക് ശാസ്ത്രത്തെ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പരിഷത്തിന്റെ ഉല്‍കണ്ഠ. അതിന്റെ ആദ്യപ്രസിദ്ധീകരണമായ ശാസ്ത്രഗതിയുടെ ആദ്യലക്കത്തില്‍ തന്നെ ഈ ചിന്ത പരിഷത്ത് പ്രകടിപ്പിക്കുന്നുമുണ്ട്.
”ശാസ്ത്രത്തെ സാമാന്യജനങ്ങളുടെ ഇടയിലേയ്ക്ക് എത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രജ്ഞരെയും തിരിച്ചുനിര്‍ത്തുന്ന അതിര്‍വരമ്പുകള്‍ തട്ടിമാറ്റുകയും ആണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങള്‍ ശാസ്ത്രം പഠിച്ചാല്‍ മാത്രം പോരാ, അതിനൊത്തു ജീവിക്കുകയും വേണം. ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂര്‍വം സ്വീകരിക്കുക, മനുഷ്യജീവിതത്തില്‍ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക, ശാസ്ത്രീയ രീതിയില്‍ അടിപതറാതെ യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാക്കുക, എല്ലാറ്റിനുമുപരിയായി സമൂഹത്തില്‍ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളര്‍ന്നുകാണുവാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുക. ഇത്രയുമായാല്‍ ശാസ്ത്രീയ വിപ്ലവം വിജയിച്ചു”
അതിനുവേണ്ടിയുള്ള കളമൊരുക്കാന്‍ സംഘടന നടത്തിയ പരിശ്രമത്തില്‍ ഏറ്റവും ഫലപ്രദമായ, ശക്തമായ ഒരു സഹായിയായിട്ടാണ് ശാസ്ത്രകലാജാഥ രൂപപ്പെട്ടുവന്നത്. ശാസ്ത്രബോധനത്തിനായി പരിഷത്ത് കേരളസമൂഹത്തിനു സംഭാവന ചെയ്ത ഏറ്റവും മൂര്‍ച്ചയേറിയ ആശയപ്രചരണോപാധിയാണ് ശാസ്ത്രകലാജാഥ. കഴിഞ്ഞ 37 വര്‍ഷങ്ങളായി ഈ മാധ്യമത്തെ വൈവിധ്യമേറിയ അനേകം കര്‍മരംഗങ്ങളില്‍, കേരളത്തിനകത്തും ഇന്ത്യ ഒട്ടാകെയും ആശയപ്രചാരണത്തില്‍ പരിഷത്ത് സഫലമായും സര്‍ഗാത്മകമായും ഉപയോഗിച്ചുവരുന്നു.
സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സിലേയ്ക്ക് വളരെ ആഴത്തില്‍ എത്ര ഗഹനമായ ആശയത്തേയും കടത്തിവിടാന്‍ ഈ നവീന ഉപാധി സഹായകമായി. വൈചാരികതലത്തിലുള്ള ആശയവിനിമയത്തോടൊപ്പം വൈകാരിക തലത്തിലുള്ള ആശയവിനിമയവും ഫലപ്രദമായി നടക്കുന്നു. ഗാനങ്ങള്‍, നാടകങ്ങള്‍, സംഗീതശില്പങ്ങള്‍ തുടങ്ങിയ അനേകം കലാരൂപങ്ങള്‍ കോര്‍ത്തിണക്കി രൂപപ്പെടുത്തുന്ന കലാജാഥയില്‍ സമൂഹം നേരിടുന്ന എത്രയോ പ്രകൃതിശാസ്ത്രവിഷയങ്ങളും സാമൂഹിക ശാസ്ത്രവിഷയങ്ങളും ഉള്ളടക്കമായി മാറുന്നുണ്ട്.
യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും സാമൂഹികനീതിയിലും അധിഷ്ഠിതമായ മാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട് സമകാലീന കേരള സമൂഹത്തില്‍ കാണുന്ന പല ജനവിരുദ്ധപ്രവണതകളെയും ക്രിയാത്മകമായി വിമര്‍ശിക്കാന്‍ ശാസ്ത്രകലാജാഥകള്‍ ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ സമൂഹസൃഷ്ടിയ്ക്കുതകുന്ന തരത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളും കലാജാഥകള്‍ നല്കിയിട്ടുണ്ട്.
”എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാവണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ് മാറീടാന്‍”
എന്ന ആഹ്വാനം കേരളസമൂഹത്തിന് നവഊര്‍ജം പകരാന്‍ സഹായകമായ ഒരു ഉണര്‍ത്തുപാട്ടായിരുന്നു. ഗ്രാമീണ ജനത വളരെ ആവേശപൂര്‍വം ആ സന്ദേശം സ്വീകരിക്കുവാന്‍ തയ്യാറാകുന്നതു കണ്ടു.
മനുഷ്യന് ആവശ്യമുള്ള എല്ലാം നല്കുന്ന ഭൂമിയെ ലാഭേച്ഛുക്കളായ ഒരുപറ്റം കാപാലികന്മാര്‍ പരിമിതിയില്ലാതെ ചൂഷണം ചെയ്ത് മനുഷ്യവാസ യോഗ്യമല്ലാതാക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയ്‌ക്കെതിരെ കലാജാഥയിലൂടെ ജനങ്ങള്‍ക്ക് ഇപ്രകാരം താക്കീതുനല്‍കാന്‍ പരിഷത്ത് തയ്യാറായി.
‘കരുതുക നിങ്ങളോര്‍ത്തിരിക്കുക
ഓര്‍ത്തിരിക്കുക നിങ്ങളോര്‍ത്തിരിക്കുക
ഗതകാലതലമുറകള്‍ പൈതൃകമായി ഏല്പിച്ചൊരു
തറവാട്ടുധനമല്ല ഭൂമി
വരുമൊരു തലമുറയില്‍ നിന്നും നമ്മള്‍ കടംവാങ്ങിയ
തിരികെ ഏല്പിക്കേണ്ടൊരീ ഭൂമി
ഈ നമ്മളെ ഈ നമ്മളായ് മാറ്റിയ ഭൂമി
ഈ ദുഷ്ടര്‍ മരുഭൂവാക്കും നമ്മുടെ ഭൂമി”
മുന്‍ തലമുറയില്‍ നിന്ന് പൈതൃകമായി കിട്ടിയതാണ് ഈ ഭൂമി എന്ന് സങ്കല്പിക്കുന്നതിനെക്കാള്‍ വരാന്‍ പോകുന്ന തലമുറകളില്‍നിന്ന് കടംകൊണ്ടതാണ് എന്ന് സങ്കല്പിക്കുകയായിരിക്കും കൂടുതല്‍ ശരി. അവരുടെ ജീവിതം ഇരുളടഞ്ഞതാക്കുവാന്‍ ഇന്നത്തെ തലമുറയ്ക്ക് അവകാശമില്ല എന്ന് നാം ”ഭൂമി” എന്ന സംഗീതശില്പത്തിലൂടെ പ്രഖ്യാപിച്ചു.
”സീത” എന്ന നാടകത്തിലൂടെ സമൂഹത്തില്‍ പകുതിയോളംവരുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണത്തിന്റെയും കഷ്ടപ്പാടുകളുടെയും ചിത്രം സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചു. ”അന്തിയോളം പാടത്തും ഓഫീസിലും ഫാക്ടറിയിലും പണിയെടുത്ത് തളര്‍ന്നുവന്ന് കത്താത്ത അടുപ്പിന്റെയും കരിക്കലങ്ങളുടെയും ഇടയില്‍ വെന്തമരുന്ന സ്ത്രീ. ഇതേ സ്ത്രീയെ തന്നെയാണ് ടയറിന്റെയും സിഗററ്റിന്റെയും പരസ്യമോഡലുകളായി നിങ്ങളുടെ മുന്നിലെത്തിക്കുന്നത്. നാമമാത്രമായ വസ്ത്രം ധരിപ്പിച്ച് ക്യാബറെ ആര്‍ട്ടിസ്റ്റുകളായും അരങ്ങിലെത്തിക്കുന്നത്. ഇത് ഭാവശുദ്ധിയുള്ള ഭാരതസ്ത്രീയാണ് സീത. ”വളക്കുഴിയിലെ പുഴുവിനെപ്പോലെ പിടയേണ്ടവളല്ല ഇവള്‍” നറേറ്റര്‍ പ്രസ്താവിക്കുന്നു. എന്നിട്ട് മുഴുവന്‍ ഭാരതസ്ത്രീകളോടുമായി അവര്‍ ആഹ്വാനം ചെയ്തു:
”കയറി നില്‍ക്കുക വലിച്ചിറക്കുക
ഇരിപ്പിടങ്ങള്‍ കയ്യടക്കുക, പോര്‍വിളിക്കുക നിങ്ങള്‍
പുരുഷശക്തിയ്‌ക്കെന്നുമതിനെ പകുതിയാകും ഇണകളായി
പൊരുതിനില്‍ക്കുക നിങ്ങള്‍”
ഇങ്ങിനെ എത്രയെത്രയോ ആശയങ്ങള്‍ ജനങ്ങളെ മുഴുവന്‍ കര്‍മധീരരാക്കുവാന്‍ സഹായകമായ രീതിയില്‍ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിച്ചുകൊണ്ടാണ് ശാസ്ത്രകലാജാഥ മുന്നേറിയത്. 1980-ല്‍ സമാരംഭിച്ച ഈ നൂതന ആശയപ്രചരണോപാധി രണ്ടുമൂന്നു വര്‍ഷംകൊണ്ടുതന്നെ കേരളസമൂഹത്തില്‍ അതിന്റെ ശക്തി ബോധ്യപ്പെടുത്തി.
1983-ല്‍ ആദ്യമായി നമ്മുടെ കലാജാഥകള്‍ക്ക് സംസ്ഥാനാന്തര സന്ദര്‍ശനം നടത്താനുള്ള അവസരം ലഭിച്ചു. ആ വര്‍ഷം നവംബര്‍ 9 മുതല്‍ 12 വരെ ‘തേടല്‍’ സംഘത്തിന്റെ ക്ഷണപ്രകാരം തമിഴ്‌നാട്ടില്‍ ശാസ്ത്രകലാജാഥ പരിപാടികള്‍ അരങ്ങേറി. പിന്നീട് ആ വര്‍ഷം തന്നെ ഡിസംബര്‍ 9 മുതല്‍ 13 വരെ ഡല്‍ഹിയില്‍ കേരള ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പരിപാടികള്‍ നടത്തി. ഡെല്‍ഹി പര്യടനത്തിനിടയില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭവനത്തില്‍ വച്ച് വനനശീകരണത്തിനെതിരായ പരിചമുട്ടുകളി അവതരിപ്പിക്കാന്‍ സന്ദര്‍ഭം ലഭിച്ചു. അന്നത്തെ പരിസരവകുപ്പുമന്ത്രി ദ്വിഗ്വിജയ് സിങ്, ആസൂത്രണകമ്മീഷന്‍ അംഗം എം.ജി.കെ. മേനോന്‍ തുടങ്ങിയവര്‍, കേരളത്തില്‍നിന്നുള്ള എം.പിമാര്‍ എന്നിവരും പരിപാടികണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു.
1984 ഡിസംബര്‍ 2-ന് അര്‍ധരാത്രിയില്‍ ഭോപ്പാല്‍ ദുരന്തം സംഭവിച്ചതില്‍ കുരുതി കൊടുക്കപ്പെട്ട ആയിരങ്ങളുടെ ഓര്‍മയ്ക്കായി ഒരു കലാജാഥ ”ഭാരതവിജ്ഞാന്‍ കലാമോര്‍ച്ച എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ടു. ഹിന്ദി, തെലുങ്ക്, മറാഠി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ കലാപരിപാടികള്‍ രൂപപ്പെടുത്തി. ജാഥയുടെ സംഘാടനത്തിന് അതാതു സംസ്ഥാനങ്ങളിലെ ശാസ്ത്രസംഘടനകള്‍ സഹായിച്ചിരുന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ വ്യാപനത്തിന് ഈ ജാഥ സഹായകമായി. 1985 മേയ് 1-ന് ബംഗ്ലൂരില്‍ വച്ച് അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി ശ്രീ. രാമകൃഷ്ണഹെഗ്‌ഡെ ഉല്‍ഘാടനം ചെയ്ത കലാമോര്‍ച്ച കര്‍ണാടകം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി 83 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
1986-ല്‍ സംസ്ഥാനത്തു അവതരിപ്പിച്ച കലാജാഥ ”ശാസ്ത്രസാംസ്‌കാരികജാഥ” എന്ന പേരിലാണ് സംഘടിപ്പിച്ചത്. വളര്‍ന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീര്‍ണതയുടെയും വര്‍ഗീയതയുടെയും പശ്ചാത്തലത്തില്‍ ഇവയ്‌ക്കെതിരെയുള്ള ശക്തമായ ഒരു ആഹ്വാനമായിരുന്നു ”ശാസ്ത്രസാംസ്‌കാരികജാഥ-86”. കേരള സംസ്‌കാരത്തിന്റെ വളര്‍ച്ചയ്ക്ക് അമൂല്യസംഭാവനകള്‍ നല്കിയ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരുമായും ചരിത്രപ്രധാനകേന്ദ്രങ്ങളുമായും ജാഥയെ ബന്ധപ്പെടുത്താന്‍ ശ്രമിച്ചു. ചെറുശ്ശേരി നഗര്‍ മുതല്‍ തുഞ്ചന്‍പറമ്പുവരെയും ഗുരുവായൂര്‍ മുതല്‍ വൈക്കം വരെയും മണ്ണടി മുതല്‍ വയലാര്‍ വരെയും ആയിരുന്നു നവംബര്‍ 7 മുതല്‍ ഡിസംബര്‍ 7 വരെ ജാഥ നടത്തിയത്. ശാസ്ത്രസംഗീതങ്ങളുടെ ആദ്യത്തെ പരിഷത്ത് കാസറ്റും ആ വര്‍ഷം തയ്യാറാക്കി.
1987-ല്‍ സംഘടിപ്പിക്കപ്പെട്ട ഐതിഹാസികമായ ഭാരതജനവിജ്ഞാനജാഥ അഖിലേന്ത്യാ തലത്തില്‍ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിച്ചു. അതുപോലെ ശാസ്ത്രകലാജാഥ എന്ന ശക്തമായ ജനകീയ മാധ്യമത്തിന് അഖിലേന്ത്യാ തലത്തില്‍ വ്യാപ്തിയും പ്രചാരവും അംഗീകാരവും ഒക്കെ ഉണ്ടാക്കുന്നതിന് ഈ ജാഥയും സഹായകമായി. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും ഒരു മാസം കൊണ്ട് സഞ്ചരിച്ച് നവംബര്‍ 7-ന് ഭോപ്പാലില്‍ സമാപിച്ച അഞ്ചു ജാഥകള്‍ ആശയപ്രചാരണത്തിനു വളരെ ഫലപ്രദമായി. ശാസ്ത്രസാങ്കേതികവകുപ്പ്, എന്‍.സി.എസ്.ടി.സി., 26 ശാസ്ത്രസംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ജാഥാ സംഘാടനം നടത്തിയത്.
ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റെടുത്ത് ഒരു ബൃഹദ്പരിപാടി ആയിരുന്നല്ലോ 1989-ലെ ”എറണാകുളം സമ്പൂര്‍ണ സാക്ഷരതാ പരിപാടി”. ഒരു വര്‍ഷത്തെ കാലയളവില്‍ എറണാകുളം ജില്ലയിലെ നിരക്ഷരത സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ഈ പരിപാടിയുടെ വിജയത്തിലും ശാസ്ത്രകലാജാഥയ്ക്ക് വളരെ നിര്‍ണായകമായ പങ്കുണ്ടായിരുന്നു. സമൂഹത്തില്‍ നിന്ന് നിരക്ഷരത സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യേണ്ടതിന്റെ ആവശ്യകത മുഴുവന്‍ ജനങ്ങളെയും ബോധ്യപ്പെടുത്തുന്നതിനും എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്തുന്നതിനും ആയി നാം മുഖ്യമായി ഉപയോഗിച്ച ഒരു പ്രചരണായുധം ശാസ്ത്രകലാജാഥയായിരുന്നു. ഈ ജനകീയ മാധ്യമത്തിന്റെ ആശയവിനിമയ ശക്തിയും സംഘാടനശേഷിയും പൂര്‍ണമായും വെളിവാക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. തുടര്‍ന്ന് അടുത്ത ഒരുവര്‍ഷം കേരളത്തിലെ മറ്റ് 13 ജില്ലകളിലെയും സാക്ഷരതാ പ്രവര്‍ത്തനത്തിനും ശാസ്ത്രകലാജാഥ ഒരു മുഖ്യപ്രചരണ മാധ്യമമായിരുന്നു. ഇത് ഇവിടം കൊണ്ടുനിന്നില്ല. തുടര്‍ന്ന് ഇന്ത്യയുടെ എല്ലാ ജില്ലകളിലേയ്ക്കും സാക്ഷരതാ പ്രവര്‍ത്തനം വ്യാപിപ്പിച്ചപ്പോള്‍ ശാസ്ത്രകലാജാഥ എന്ന മാധ്യമം വിവിധ ഭാഷകളില്‍ വളരെ ഫലപ്രദമായി വിവിധ സംസ്ഥാനങ്ങളില്‍ പ്രയോജനപ്പെടുത്തിയിരുന്നു.
”ലേ മശാലെ ചല്‍ പഠേ ഹൈ
ലോഗ് മേരെ ഗാവ് കേ
അബ് അന്തേരാ ജീത് ലേംഗെ
ലോഗ് മേരെ ഗാവ് കേ
……………………………………
……………………………………
എറണാകുളം ജീ ഉഠേഗാ
ദേശ് കേ ഹര്‍ ഗാവ് മേം”
(എന്റെ ഗ്രാമത്തിലെ ജനങ്ങള്‍ അറിവിന്റെ തീപ്പന്തമേന്തി മുന്നോട്ടു കുതിച്ചു തുടങ്ങിയിരിക്കുന്നു. ഇനി അവര്‍ അന്ധകാരത്തെ കീഴ്‌പ്പെടുത്തുമെന്ന് തീര്‍ച്ചയാണ്…. ഈ രാജ്യത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും എറണാകുളത്തിന്റെ ആവേശം പുനര്‍ജനിക്കുക തന്നെ ചെയ്യും)
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അലടയിച്ചുയര്‍ന്ന ഒരു ഗാനത്തിന്റെ വരികളാണിവ. ഈ ആവേശക്കുതിപ്പിന്റെ പിറകിലുള്ള ഊര്‍ജസ്രോതസ്സ് കലാജാഥയായിരുന്നു.
1990-ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് യുനെസ്‌കോയുടെ ”കിംഗ് സെജോംങ്” സാക്ഷരതാ അവാര്‍ഡ് ലഭിച്ചപ്പോള്‍ ആ ബഹുമതി പത്രത്തില്‍ പരിഷത്ത് ആശയവിനിമയത്തിനുവേണ്ടി ഉപയോഗിച്ച ശാസ്ത്രകലാജാഥ ഉള്‍പ്പെടെയുള്ള ശക്തമായ ജനകീയ ശാസ്ത്രപ്രചരണോപാധികളെക്കുറിച്ച് അഭിനന്ദിച്ചു പറയുന്നുണ്ട്.
നിരന്തരമായ പഠനപ്രക്രിയയിലൂടെ വനിതാ പ്രശ്‌നങ്ങളെപ്പറ്റി പരിഷത്തിനു ലഭിച്ച കാഴ്ചപ്പാട് ശാസ്ത്രകലാജാഥ വഴി സമൂഹത്തില്‍ വ്യാപിപ്പിക്കണമെന്ന് സംഘടന 1989-ല്‍ തീരുമാനിച്ചു. അങ്ങിനെ സംസ്ഥാനത്തിനകത്ത് ഒരു വനിതാകലാജാഥയുടെ പര്യടനം ആസൂത്രണം ചെയ്തു. രണ്ടു ജാഥകള്‍ക്ക് രൂപംകൊടുത്തു. 21 ദിവസങ്ങളിലായി 135 കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സ്ത്രീസമൂഹത്തിനിടയില്‍ വളരെയധികം ചലനം സൃഷ്ടിക്കാന്‍ ഈ ജാഥയ്ക്കു കഴിഞ്ഞു. പിന്നീട് 1990 ജൂണ്‍ 2 മുതല്‍ 6 വരെ ബോംബെയില്‍ നടന്ന അഖിലേന്ത്യാ വനിതാ നാടകോത്സവത്തിലും പരിഷത്തിന്റെ വനിതാകലാജാഥ പരിപാടികള്‍ അവതരിപ്പിച്ചു. 1990 പെണ്‍കുട്ടികളുടെ വര്‍ഷമായി ആചരിച്ചിരുന്നതുകൊണ്ട് സര്‍ക്കാര്‍ സംഘടിപ്പിച്ച പല പരിപാടികളിലും വനിതാകലാജാഥ ടീമിന് പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം ലഭിക്കുകയുണ്ടായി.
1993 മാര്‍ച്ച് 8-ന് ഭാരതത്തിന്റെ എട്ടു മൂലകളില്‍ നിന്നും സമതാ വനിതാകലാജാഥകള്‍ പ്രയാണം ആരംഭിച്ച് ഏപ്രില്‍ 8-ന് ഝാന്‍സിയില്‍ സമാപിച്ചു. അതില്‍ കേരളത്തില്‍ നിന്നാരംഭിച്ച ജാഥ തിരുവനന്തപുരത്തുനിന്നു തുടങ്ങി 24 കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഏപ്രില്‍ 8-ന് ഝാന്‍സിയില്‍ നടന്ന റാലിയിലും കണ്‍വെന്‍ഷനിലും പങ്കെടുത്തു. ഒറീസയിലെ നാടകസംഘമായ നാട്യചേതന 1996 മാര്‍ച്ച് അവസാന ആഴ്ചയില്‍ കൊണാര്‍ക്കില്‍ വച്ച് സംഘടിപ്പിച്ച തീയേറ്റര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥാ ടീമിനു ക്ഷണമുണ്ടായിരുന്നു. ചുരുക്കത്തില്‍ അഖിലേന്ത്യാതലത്തില്‍ തന്നെ ഈ ജനകീയ മാധ്യമത്തിന്റെ പ്രശസ്തി വര്‍ധിച്ചുവന്നതായി കണ്ടു.
1996 ആഗസ്റ്റ് 17-ന് കേരളത്തില്‍ ആരംഭിച്ച ചരിത്രപ്രധാനമായ ജനകീയാസൂത്രണപ്രസ്ഥാനം ഫലപ്രദമാക്കി നടപ്പില്‍വരുത്തുന്നതിനും ശാസ്ത്രകലാജാഥ ഒരു ശക്തമായ മാധ്യമമായി ഉപയോഗിച്ചു. വികേന്ദ്രീകൃതാസൂത്രണത്തിന് അനുകൂലമായ ഒരു മനോഭാവം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിനു സഹായകമായ പരിപാടികളാണ് കലാജാഥ പരിപാടിയിലൂടെ സംസ്ഥാനത്തിനുടനീളം അവതരിപ്പിച്ചത്.
ഇങ്ങിനെ കഴിഞ്ഞ 37 വര്‍ഷങ്ങളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കാണുന്നത് എല്ലാ വിഭാഗം ജനങ്ങളുടെയിടയിലേയ്ക്കും എന്തു വിഷയത്തിലേയ്ക്കുമുള്ള ആശയം ഫലപ്രദമായി വിനിമയം ചെയ്യണമെങ്കിലും അതിനുവേണ്ടി ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ വിനിമയോപാധി തന്നെയായിരുന്നു ശാസ്ത്രകലാജാഥ എന്നാണ്. 2017 കേരളത്തിലെ വിവിധ ജില്ലകളില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രകലാജാഥാ ടീമുകള്‍ ”നവോത്ഥാന ജാഥ”യേയും അവിസ്മരണീയമാക്കി മാറ്റും എന്നു നമുക്കു പ്രതീക്ഷിക്കാം.