തൃശ്ശൂര്‍ കലാജാഥ സമാപിച്ചു

0
കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ കലാജാഥ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ കലാജാഥ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

 

kalajad-tcr-samapanam
സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

തൃശ്ശൂര്‍: ജനുവരി 31ന് മായന്നൂരില്‍ നിന്ന് ആരംഭിച്ച നവോത്ഥാന കലാജാഥ 39 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച് ഫെബ്രുവരി 10ന് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ സമാപിച്ചു. മായന്നൂരില്‍ വച്ച് കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ, ജാഥാ ക്യാപ്റ്റൻ അംബികാ സോമന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക ആഗോളവൽക്കരണം നടക്കുന്ന ഈ കാലത്ത്, പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളിൽ നിന്ന് കേരളീയ ജനത തിരിഞ്ഞു നടക്കുകയാണെന്ന് ഡോ. മോഹനൻ പറഞ്ഞു. മനുഷ്യൻ ആയിരുന്നു നവോത്ഥാന കാലത്തെ കേന്ദ്രബിന്ദു. അവന്റെ സർവ്വതോന്മുഖമായ വികസനമായിരുന്നു ലക്ഷ്യം.
“അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരേണം” എന്നാഹ്വാനം ചെയ്ത ശ്രീനാരായണ ഗുരു ആയിരുന്നു നവോത്ഥാന മുല്യങ്ങളുടെ മുഴുവൻ പ്രതിപുരുഷൻ. പള്ളിക്കൂടങ്ങളിലും ആരാധനാലയങ്ങളിലും എല്ലാവർക്കും പോകാനും പൊതുവഴിയിലൂടെ നടക്കാനും മാറ് മറയ്ക്കാനുമൊക്കെയുള്ള അവകാശങ്ങൾ നേടിയെടുത്തത് മനുഷ്യർ പരസ്പരം കൈകോർത്ത് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയായിരുന്നു.
എന്നാലിന്ന്, രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ ആഗോളവൽക്കരണം മനുഷ്യരുടെ കൂട്ടായ്മയ്ക്കും സഹകരണത്തിനും എതിരാണ്. വിപണി നിയന്ത്രിക്കുന്ന ഇന്നത്തെ ലോകത്ത് മനുഷ്യൻ അപ്രസക്തനാവുന്നു. അവർ പരസ്പരം തമ്മിലടിക്കുകയും ജാതീയതയുടെ മതിൽക്കെട്ടുകൾ അവരെ വിഭജിക്കുകയും ചെയ്യുന്നു. പൊതു ഇടങ്ങൾ ഇല്ലാതാവുന്നു. ചരിത്രത്തിൽ നിന്ന് ഒരു ജനതയെ അന്യവൽക്കരിക്കുകയും അരാഷ്ട്രീയവൽക്കരിക്കുകയും അവർക്കിടയിലെ സഹകരണം തകർക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഇത്തരം പ്രതിലോമപരമായ നീക്കങ്ങൾ തകർക്കാനും അധ്വാനിക്കുന്ന മനുഷ്യരായി ആളുകളെ പരിവർത്തനം ചെയ്യാനുമുള്ള ബഹുജന വിദ്യാഭ്യാസ പ്രവർത്തനമാണ് പരിഷത്തിന്റെ കലാജാഥകൾ നിർവഹിക്കുന്നത് എന്നദ്ദേഹം ചൂണ്ടിക്കാട്ടി.
പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി.കെ.മീരാഭായ്, ജില്ലാ പ്രസിഡണ്ട് എം.എ.മണി, സെക്രട്ടറി കെ.എസ്.സുധീർ, ജാഥാ മാനേജർ ടി. എ.ഷിഹാബുദീൻ, ക്യാപ്റ്റൻ അംബിക സോമൻ, എം.പി.ഗോവിന്ദൻ, ടി.രവീന്ദ്രൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
39 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഫെബ്രുവരി 10ന് തൃശൂരിലെ സാഹിത്യ അക്കാദമി ബഷീർ വേദിയിൽ വൈകീട്ട് 6ന് ജാഥ സമാപിക്കും. 3 സ്ത്രീകൾ ഉൾപ്പെടെ 9 കലാകാരന്മാരാണ് ജാഥയിൽ ഉള്ളത്. സംഗീതശില്പം, ലഘു നാടകം, നാടൻ കലാരൂപം, ദൃശ്യാവിഷ്കാരങ്ങൾ എന്നിവ ഉൾപ്പെട്ട ഒന്നര മണിക്കൂർ ദൈർഘ്യമുള്ള കലാപരിപാടികൾ ആണ് സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നത്. ആക്ഷേപഹാസ്യത്തിലൂന്നിയ ചാട്ടുളിപോലുള്ള സാമൂഹിക വിമർശനം കലാജാഥയുടെ സവിശേഷതയാണ്. സാധാരണക്കാരുമായി അത് ഫലപ്രദമായി സംവദിക്കുന്നു!
സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിന്റെയും നാരായണ ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെയും ശതവാർഷികമാണ് 2017. ഇത്തരം നിരവധി ചരിത്ര സംഭവങ്ങൾക്കാണ് ഇക്കഴിഞ്ഞ നൂറ് വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. അതിന്റെ ഓർമ്മപ്പെടുത്തലിന് വേണ്ടിയാണ് ഈ വർഷം നവോത്ഥാന ജാഥ ആയി കലാജാഥ നടത്താൻ പരിഷത്ത് തീരുമാനിച്ചത്. മനോജ് നാരായണൻ, എം.എം.സചീന്ദ്രൻ, കോട്ടക്കൽ മുരളി, ബി.ശ്രീകണ്ഠൻ, സുരേഷ് ബാബു ശ്രീസ്ഥ എന്നിവരാണ് ഈ വർഷത്തെ കലാജാഥ അണിയിച്ചൊരുക്കിയിട്ടുള്ളത്.
സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രസിദ്ധീകരണസമിതി കൺവീനർ ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജനറൽ സെക്രട്ടറി പി.മുരളീധരൻ, ജില്ലാ പ്രസിഡണ്ട് എം.എ.മണി, സെക്രട്ടറി കെ.എസ്.സുധീർ, പ്രൊഫ.എം.ഹരിദാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *