സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു പിന്നില്‍

0

രാഷ്ട്രീയമായി വിയോജിപ്പുള്ളവര്‍ക്കുപോലും വളരെ അടുപ്പമുള്ള ഒന്നായിരുന്നു സോവിയറ്റ് യുണിയന്‍. സോവിയറ്റു കഥകളിലൂടെ, ആരേയും ആരാധകരാക്കി മാറ്റുന്ന ബാലസാഹിത്യ പുസ്തകങ്ങളിലൂടെ, മിനുമിനുത്ത കടലാസ്സില്‍ മനോഹരമായ അച്ചയടിയുമായി കടന്നുവരുന്ന സോവിയറ്റ് നാട് പ്രസിദ്ധീകരണത്തിലൂടെയൊക്കെ നമ്മളറിയാതെ രൂപമെടുത്ത ഒരു സ്നേഹബന്ധം. ജീവിതത്തിലൊരിക്കല്‍ പോലും മഞ്ഞ് കണ്ടിട്ടില്ലെങ്കിലും മഞ്ഞുനിറഞ്ഞ സോവിയറ്റ് തെരുവുകളും ചുവപ്പു നക്ഷത്രം ജ്വലിച്ചു നില്‍ക്കുന്ന മോസ്കോ നഗരവും പുല്‍മേടുകളും വോഡ്ക നിറഞ്ഞ ആഘോഷങ്ങളുമെല്ലാം നമ്മളനുഭവിച്ചു.
പണിയെടുക്കുന്നവന്റെ മോചനത്തെ സ്വപ്നം കണ്ടവര്‍ക്ക് സോവിയറ്റ് യൂണിയന്‍ പ്രതീക്ഷയുടെ നാമ്പായിരുന്നു. നാളത്തെ ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷ. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റ് സ്വപ്നക്കാരുടെ മനസ്സുകളില്‍ ആഘാതം സൃഷ്ടിച്ചുകൊണ്ടാണ് 1991 അവസാനത്തില്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടപ്പെട്ടത്.
സോവിയറ്റ് തകര്‍ച്ച ലോകചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഒരേടാണ്. അതോടുകൂടിയാണ് നിയോലിബറല്‍ ആശയങ്ങളുടെയും പ്രവര്‍ത്തനപരിപാടികളുടെയും ധൃതരാഷ്ട്രാലിംഗനത്തിലേക്ക് ലോകം അമരുന്നത്. ഏകധ്രുവലോകത്തിന്റെ കെടുതികളിലൂടെയാണ് ജനകോടികള്‍ ഇന്ന് കടന്നുപോവുന്നത്.
എഴുപത് വര്‍ഷത്തിലധികം നിലനിന്ന സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ പരാജയത്തെ വിലയിരുത്തി നിരവധി ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
ഡേവിഡ് എം കോട്സ്, ഫ്രെഡ്‌വെയ്ര്‍ എന്നിവര്‍ ചേര്‍ന്ന് 1997 ല്‍ പ്രസിദ്ധികരിച്ച പുസ്തകമാണ് Revolution from Above: The Demise of the Soviet system. അതിന്റെ പരിഷ്കരിച്ച പതിപ്പ് 2007 ല്‍ Russia’s path from Gorbachev to Putin: the Demise of the Soviet System and the New Russia എന്ന പേരിലാണ് പുറത്തിറങ്ങിയത്. അതിന്റെ മലയാളം പതിപ്പാണ് ഇയ്യിടെ പുറത്തിറങ്ങിയ ‘മുകളില്‍ നിന്നുള്ള വിപ്ലവം: സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍നാടകങ്ങള്‍’ എന്ന ഗ്രന്ഥം. പ്രസാധകര്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഗ്രന്ഥ രചയിതാക്കളായ ഡേവിഡ് എം കോട്സ് മസാച്ചുസെറ്റ്സ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും ഫ്രെഡ്‌വെയ്ര്‍ മോസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകനുമാണ്.
“സ്റ്റാലിനിസ്റ്റ് സോഷ്യലിസ്റ്റ്‍ മോഡലിനും” നിയോലിബറല്‍ ക്യാപ്പിറ്റലിസത്തിനും ബദലായുള്ള പുതിയ സോഷ്യലിസ്റ്റ് മോഡലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഏറെ പ്രസക്തമാണ്. അതും സോഷ്യലിസമെന്ന ഉദാത്തമായ ആശയത്തെ പിന്തുണച്ചുകൊണ്ടുള്ള അന്വേഷണങ്ങള്‍. അത്തരം അന്വേഷണങ്ങളില്‍ തകര്‍ന്നുപോയ മോഡലിനെക്കുറിച്ചുള്ള വിമര്‍ശനാത്മകനായ അപഗ്രഥനം അടിസ്ഥാനപ്രവര്‍ത്തനമാണ്. അത്തരം അന്വേഷണങ്ങളിലേക്ക് പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ‘മുകളില്‍ നിന്നുള്ള വിപ്ലവം: സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍നാടകങ്ങള്‍’ എന്ന പുസ്തകം.
സോവിയറ്റ് വ്യവസ്ഥ, പെരിസ്ട്രോയിക്കയും സോവിയറ്റ് വ്യവസ്ഥയുടെ അന്ത്യവും, സോവിയറ്റ് പതനത്തിന്റെ ബാക്കിപത്രം, പുതിയ റഷ്യ, സോവിയറ്റ് വ്യവസ്ഥയും സോഷ്യലിസത്തിന്റെ ഭാവിയും എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായാണ് പുസ്തകം വികസിക്കുന്നത്. ഒരേ സമയം സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിശകലനവും സൈദ്ധാന്തികമായ വിശകലനവും ഗ്രന്ഥകര്‍ത്താക്കള്‍ ഉപയോഗിക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനു ശേഷം റഷ്യയ്ക്കകത്തു വളര്‍ന്നു വന്ന അതീവ സമ്പന്നരും അതിശക്തരുമായ വിഭാഗത്തെ പ്രഭുക്കന്മാര്‍ എന്നാണ് ഗ്രന്ഥകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. റഷ്യയില്‍ നടപ്പാക്കിയ ഷോക്ക് ചികിത്സയെ വിശദമായി പുസ്തകം പരിശോധിക്കുന്നു. ഷോക്ക് ചികിത്സ ചികിത്സയില്ലാത്ത ഷോക്ക് ആയി മാറി. മോസ്കോയില്‍ പ്രചരിച്ച പുതിയ ഫലിതങ്ങളിലൊന്ന് ഇങ്ങനെയായിരുന്നത്രേ. ‘70 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിന് സാധിക്കാത്ത എന്ത് കാര്യമാണ് ഒരു വര്‍ഷം കൊണ്ട് മുതലാളിത്തം സാധിച്ചെടുത്തത്?’ ‘അത് കമ്യൂണിസമാണ് നല്ലത് എന്നവര്‍ കാണിച്ചു തന്നു എന്നതാണ്!’
സോവിയറ്റ് അനുഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ എന്ന പേരില്‍ മൂന്ന് കാര്യങ്ങള്‍ ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. “ഒന്ന്: തൊഴിലാളി വര്‍ഗരാഷ്ട്രം എന്ന അവകാശവാദത്തിന് വിരുദ്ധമായി സോവിയറ്റു യൂണിയന്‍ യഥാര്‍ത്തത്തില്‍ ഭരിച്ചത് എല്ലാ അവകാശാധികാരങ്ങളും അനുഭവിച്ചിരുന്ന ഒരു മേലാള വിഭാഗമായിരുന്നു. രണ്ട് : ഈ മേലാളവിഭാഗ ഭരണം യഥാര്‍ത്തത്തില്‍ സ്വേച്ഛാധിപ്ത്യപരമായിരുന്നു. ജനതയുടെ സ്വാതന്ത്ര്യവും അധികാരങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. മൂന്ന് : രാഷ്ട്രത്തിലെ രാഷ്ട്രീയ- സാമ്പത്തിക സ്ഥാപനങ്ങളെല്ലാം അങ്ങേയറ്റം കേന്ദ്രീകൃതവും മേല്‍ കീഴ് ശ്രേണീബദ്ധവുമായിരുന്നു. എല്ലാ തീരുമാനങ്ങളും കേന്ദ്രഭരണത്തിലെ ഒരു ചെറുസംഘം കൈക്കൊള്ളുകയും ഭൂരിപക്ഷം ജനതയും യാതൊരു എതിര്‍പ്പുമില്ലാതെ അത് ശിരസാവഹിക്കുകയും ചെയ്യുന്നതായിരുന്നു പൊതുരീതി.”
വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ഈ പുസ്തകം വടക്കാഞ്ചേരി എന്‍ എസ് എസ് കോളേജ് അധ്യാപകനായ ഡോ കെ പ്രദീപ് കുമാറാണ് മൊഴിമാറ്റം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *