ജനറല്‍ സെക്രട്ടറിയുടെ കത്ത്
മാസികാ പ്രചാരണം ശാസ്‌ത്രാവബോധ പ്രവര്‍ത്തനമാണ്
നമ്മുടെ മൂന്നു മാസികകളും അമ്പതാണ്ടിന്റെ നിറവിലെത്തിയ സാഹചര്യത്തില്‍ മാസികാ വരിക്കാരുടെ എണ്ണം ഇക്കൊല്ലം ഒരു ലക്ഷത്തില്‍ എത്തിക്കണമെന്ന് പത്തനംതിട്ടയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ നാം തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ മാസങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ആശാവഹമല്ല എന്നു തിരിച്ചറിഞ്ഞതിനാലാണ് ഒക്ടോബര്‍ മാസം പൂര്‍ണമായും മാസികാ പ്രചാരണത്തിനായി മാറ്റി വെക്കാന്‍ നിര്‍വാഹക സമിതി തീരുമാനിച്ചത്. നമ്മുടെ അഭിമാനമായ മാസികകളെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവര്‍ക്കുമുണ്ട്. മുഴുവന്‍ പ്രവര്‍ത്തകരേയും ഇതിനായി രംഗത്തിറക്കിയേ മതിയാകൂ. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ മാസം നടക്കേണ്ടത്. ഓരോ മേഖലയ്ക്കും പരമാവധി അതാതു ജില്ലയില്‍ തന്നെയുള്ള ഒരു നിര്‍വാഹക സമിതി അംഗത്തിന് സംസ്ഥാന തലത്തില്‍ ചുമതല നല്‍കിയിട്ടുണ്ട്. ജില്ലാ മേഖലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഇതേപോലെ ചുമതല നല്‍കണം. ജില്ലാ കമ്മിറ്റികളില്‍ ആദ്യ അജണ്ടയായും മേഖലാ കമ്മിറ്റികള്‍ മുഖ്യ അജണ്ടയായും മാസികാ പ്രചരണം ചര്‍ച്ച ചെയ്ത് സൂക്ഷ്മതല പരിപാടികള്‍ ആസൂത്രണം ചെയ്യണം.
നമുക്ക് അമ്പതിനായിരത്തിലധികം അംഗങ്ങളുണ്ട്. അംഗങ്ങള്‍ എല്ലാവരേയും ഏതെങ്കിലും ഒരു മാസികയ്ക്ക് വരിക്കാരാക്കണം. നമ്മുടെ മാസിക നമ്മള്‍ വായിക്കാതെ മറ്റുള്ളവരോട് വരിക്കാരാകാന്‍ പറയുന്നത് ശരിയല്ലല്ലോ. ഒപ്പം അവര്‍ ഒന്നോ രണ്ടോ പേരെ കൂടി വരിക്കാരാക്കുകയും ചെയ്താല്‍ തന്നെ ഒരു ലക്ഷത്തിലധികം വരിക്കാര്‍ എന്ന ലക്ഷ്യം സാധ്യമല്ലേ?! മാസികാ പ്രചാരണത്തിന് ഏറ്റവും നല്ല സാധ്യത ഗൃഹസന്ദര്‍ശനം തന്നെയാണ് എന്നതാണ് നമ്മുടെ അനുഭവം. ഗൃഹസന്ദര്‍ശനത്തിനും വിദ്യാലയ സ്ഥാപന സന്ദര്‍ശനത്തിനും യൂനിറ്റുകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണം. പരമാവധി പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് മുതിര്‍ന്ന പ്രവര്‍ത്തകരെ കൊണ്ട് വിളിപ്പിക്കണം. ഇതിനുള്ള ആസൂത്രണമാണ് മേഖലാ യൂനിറ്റ് കമ്മിറ്റികളില്‍ നടക്കേണ്ടത്.
മേഖലയില്‍ ചുരുങ്ങിയത് 50 പ്രവര്‍ത്തകരെ ലിസ്റ്റ് ചെയ്ത് ഒരാള്‍ മിനിമം 20 മാസികാ വരിക്കാരെ കണ്ടെത്തുമെന്ന് ഉറപ്പാക്കല്‍, എല്ലാ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് വരിക്കാരെ കണ്ടെത്തല്‍, ടീച്ചര്‍ ഏജന്‍സി സാധ്യത പ്രയോജനപ്പെടുത്തല്‍, പഞ്ചായത്തുതല വിജ്ഞാനോത്സവത്തില്‍ പങ്കാളികളായ കുട്ടികളെയെല്ലാം വരിക്കാരാക്കല്‍, വായനശാലകളിലും വിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും സ്പോണ്‍സര്‍ഷിപ്പിലൂടെ മാസിക എത്തിക്കല്‍, ഇങ്ങനെ വിവിധ സാധ്യതകള്‍ നമ്മുടെ മുന്നിലുണ്ട്. ഒക്ടോബര്‍ 27 ന് മുഴുവന്‍ പ്രവര്‍ത്തകരും മാസികാ പ്രചരണത്തിനായി രംഗത്തിറങ്ങണം. ലക്ഷ്യം പൂര്‍ത്തീകരിച്ച്‍ നമ്മുടെ കൂട്ടായ്മയുടെ ആവേശകരമായ അനുഭവങ്ങള്‍ പങ്കിടുന്നതിനും മാസികാ വരിസംഖ്യ ഏറ്റുവാങ്ങുന്നതിനുമായി കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങള്‍ നവംബര്‍ 2, 3, 4 തീയതികളിലൊന്നില്‍ ഓരോ മേഖലകളിലും എത്തുന്നതാണ്.
അതിതീവ്ര മഴയും പ്രകൃതി ദുരന്തങ്ങളും ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ അതിജീവനം എങ്ങനെയായിരിക്കണം എന്ന ചര്‍ച്ച ഉയര്‍ത്തുന്നതിനായി എല്ലാ മേഖലകളിലും ഒരു പഞ്ചായത്ത് കേന്ദ്രീകരിച്ച് വിപുലമായ വികസന ജനസഭകള്‍ നടത്തണമെന്ന് നാം നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചതോ കൂടുതൽ പരിസ്ഥിതി പ്രശ്നങ്ങളുള്ളതോ ആയ ഒരു പഞ്ചായത്ത് ആണ് ഓരോ മേഖലയിലും ഇതിനായി തെരഞ്ഞെടുക്കേണ്ടത്. “ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളും കേരളത്തിന്റെ അതിജീവനവും” എന്നപേരില്‍ ക്യാമ്പയിന്‍ ലഘുലേഖ തയ്യാറായിക്കഴിഞ്ഞു. ഇതിൽ ഊന്നിയാകും ജനസഭയിലെ ആദ്യ അവതരണം. ജിയോളജി, ജ്യോഗ്രഫി, ഹൈഡ്രോളജി, ഫോറസ്ട്രി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്‍ധരെ കഴിയുന്നത്ര സ്ഥലങ്ങളിൽ മുഖ്യ അവതരണം നടത്തിക്കുന്നതിന് ബന്ധിപ്പിക്കണം. ജനസഭ നടക്കുന്ന പഞ്ചായത്തുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ അവതരണം നടക്കേണ്ടത്. അതിനുള്ള റിപ്പോർട്ട് തയ്യാറാക്കാന്‍ സഹായിക്കുന്ന വിവര ശേഖരണ ഫോർമാറ്റ് ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്.
ഒക്ടോബര്‍ മാസം മാസികാ പ്രചാരണത്തിന് ഊന്നല്‍ കൊടുക്കേണ്ടതിനാല്‍ മുന്നൊരുക്കത്തിനുള്ള സമയം കൂടി കണക്കിലെടുത്ത് ജനസഭ നവംബര്‍ 17 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജനസഭയുടെ സംഘാടനത്തിലേക്ക് കടക്കുന്നതിനു മുമ്പ് മാസികാ ക്യാമ്പയിന്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.
പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി