56-ാം സംസ്ഥാന സമ്മേളനം: പ്രസിഡണ്ടിന്റെ ആമുഖഭാഷണം

0

56-ാം സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാ പ്രതിനിധികള്‍ക്കും എന്റെ ഊഷ്മളമായ അഭിവാദനങ്ങള്‍.
ഇക്കഴിഞ്ഞ മെയ് 4ന് ലോകമാകെ വിവിധ നഗരങ്ങളില്‍ ശാസ്ത്രജ്ഞന്മാരുടെയും ശാസ്ത്രസംഘടനകളുടെയും ആഭിമുഖ്യത്തില്‍ ആഗോള സയന്‍സ് മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി. ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരാണ് ഇതില്‍ പങ്കെടുത്തത്. 2017ലെ ഭൗമദിനത്തില്‍ ആരംഭിച്ച ഈ പ്രസ്ഥാനം രണ്ട് വര്‍ഷം കൊണ്ട് വലിയ പങ്കാളിത്തമുള്ള ഒരു ആഗോളപ്രസ്ഥാനമായി മാറുകയായിരുന്നു. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടു. വളരെ ലളിതമായ ഏതാനും ആവശ്യങ്ങളാണ് ശാസ്ത്രസമൂഹം ആഗോളമാര്‍ച്ചിലൂടെ ഉന്നയിച്ചത്.
• തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രനിഗമനങ്ങളെ അംഗീകരിക്കുക.
• ശാസ്ത്രഗവേഷണത്തെ നിരുത്സാഹപ്പെടുത്തുന്ന നയങ്ങള്‍ തിരുത്തുക
എന്നിവയായിരുന്നു മുഖ്യ ആവശ്യങ്ങള്‍. ആദ്യവര്‍ഷം തന്നെ 1.07 മില്യണ്‍ ജനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
ശാസ്ത്രഗവേഷണത്തിന്റെ പറുദീസയായ അമേരിക്കയില്‍ നിന്നാണ് തെളിവധിഷ്ഠിത ശാസ്ത്രത്തെ സംരക്ഷിക്കാനുള്ള പ്രസ്ഥാനം ആരംഭിച്ചത് എന്നത് വളരെ ശ്രദ്ധേയമാണ്. 2012ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടുകൂടി ശാസ്ത്രത്തി നെതിരായ പല നിലപാടുകളും സ്വീകരിക്കുകയുണ്ടായി. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു തുടക്കം. താന്‍ അധികാരത്തില്‍ വന്നാല്‍ കാലാവസ്ഥാവ്യതിയാന ഭീഷണിയെ മുന്‍നിര്‍ത്തി ഒബാമ ഗവണ്മെന്റ് നിര്‍ത്തിവച്ച കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുവരുന്നതിനുള്ള കീ സ്റ്റോണ്‍ എക്‌സ് എല്‍ പൈപ്പ് ലൈന്‍ പദ്ധതി പുനരാരംഭിക്കുമെന്നും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട 2015ലെ പാരീസ് കണ്‍വെന്‍ഷന്‍ ഉടമ്പടിയില്‍ നിന്ന്, 100 ദിവസത്തിനുള്ളില്‍ പിന്‍വാങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ശാസ്ത്രഗവേഷണത്തിനുള്ള ബഡ്ജറ്റ് വെട്ടിക്കുറക്കുക, കാലാവസ്ഥാവ്യതി യാനം സംബന്ധിച്ച് മുഴുവന്‍ ഗവേഷണ വിവരങ്ങളും സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കുക എന്നിങ്ങനെ, ട്രംപിന്റെ ശാസ്ത്രവിരുദ്ധ നിലപാടുകള്‍ തുടര്‍ന്നു. ട്രംപിന്റെ ശാസ്ത്ര ഉപദേഷ്ടാവായ വില്യം ഹാപ്പറും കാലാവസ്ഥാവ്യതിയാനത്തെ തള്ളിപ്പറഞ്ഞതോടെ ഇത് അമേരിക്കന്‍ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാടായി മാറുകയായിരുന്നു. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച വിവരങ്ങള്‍ ഇനിയൊരിക്കലും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ലഭ്യമാവില്ലെന്ന പേടിയില്‍ പല ഗവേഷണസ്ഥാപനങ്ങളും അവ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാരംഭിച്ചു. ട്രംപ് അധികാരമേറ്റതോടെ, 100 ദിവസത്തിനുള്ളില്‍ തന്നെ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുന്നതും നമ്മള്‍ കണ്ടു. ട്രംപ് ഗവണ്മെന്റിന്റെ ആദ്യ ബഡ്ജറ്റ് അമേരിക്കന്‍ സയന്‍സിനെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമാണെന്ന് സയന്‍സ് ഇന്‍സൈഡര്‍ എന്ന പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് വെറുമൊരു പോസ്റ്റര്‍ ആഹ്വാനത്തിലൂടെ ആഗോളസയന്‍സ് മാര്‍ച്ച് ഏതാണ്ട് സ്വയംഭൂവായി ആരംഭിക്കുന്നത്. അതോടെ, അമേരിക്കന്‍ ശാസ്ത്രരംഗത്തെ പ്രമുഖസംഘടനയായ AAAS (American Association for the Advancement of Science) മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വരികയായിരുന്നു.
ശാസ്ത്രവിരുദ്ധത ഇന്ത്യയില്‍
ഭരണകൂടത്തിന്റെ ശാസ്ത്രവിരുദ്ധ സമീപനം കഴിഞ്ഞ 5 വര്‍ഷമായി വളരെ ശക്തമായി അനുഭവപ്പെടുന്ന മറ്റൊരു രാഷ്ട്രമാണല്ലോ നമ്മുടെ ഇന്ത്യ. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ തന്നെ ഈ നയം വ്യക്തമായിത്തുടങ്ങി. 2015 മുതല്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സുകളും നിരവധി സര്‍ക്കാര്‍ പരിപാടികളും സര്‍ക്കാരിന്റെ ശാസ്ത്രവിരുദ്ധ സമീപനങ്ങളുടെ പ്രകടനവേദികളായി. ട്രംപിന്റെ ശാസ്ത്രവിരുദ്ധതയില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ശാസ്ത്രവിരുദ്ധത. ശാസ്ത്രരംഗത്തെ ഇന്ത്യയുടെ യഥാര്‍ത്ഥ നേട്ടങ്ങളെ പരാമര്‍ശിക്കാതെ ഇതിഹാസങ്ങളിലെ കല്പിത കഥകളെ ശാസ്ത്രവസ്തുതകളായി സ്ഥാപിച്ചു കൊണ്ട്, വിശ്വാസാധിഷ്ഠിത സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്രഗവേഷണത്തിനുള്ള ബഡ്ജറ്റ് വിഹിതം വെട്ടിക്കുറക്കാനും ഇതിഹാസ ഭാവനകളെ ശാസ്ത്രസത്യമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഗവേഷണപദ്ധതികള്‍ക്ക് രൂപംനല്‍കാനും സര്‍ക്കാര്‍ തലത്തില്‍ നിരന്തരശ്രമങ്ങള്‍ നടന്നുവരികയാണ്. ഗവേഷണസ്വാതന്ത്ര്യം പരിമിതപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍വകലാശാല ഉത്തരവാണ് ഈ പരമ്പരയിലെ ഒടുവിലത്തെ നടപടി.
ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മം, അന്ധവിശ്വാസങ്ങളുടെ സാമൂഹ്യധര്‍മം
ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മം വിശദീകരിക്കുന്ന ജെ.ഡി ബര്‍ണലിന്റെ വിശ്വപ്രസിദ്ധ കൃതി പ്രസിദ്ധീകരിച്ചിട്ട് 80 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ലോകപുരോഗതിക്ക് അടിസ്ഥാനമായ ശാസ്ത്രം ഇപ്പോഴും ഏറ്റവും വലിയ ചൂഷണോപാധിയായി തുടരുന്നു. സാമൂഹ്യപരിവര്‍ത്തനമാണ് ശാസ്ത്രത്തിന്റെ സാമൂഹ്യധര്‍മമെന്നും ആ ധര്‍മം നിറവേറ്റുന്നതില്‍ ശാസ്ത്രജ്ഞസമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും ബര്‍ണല്‍ രേഖപ്പെടുത്തി. ഇതിനായി ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രകാര്യങ്ങള്‍ ഏറ്റവും ലളിതമായി പ്രതിപാദിച്ചുകൊണ്ട് രചനകള്‍ നടത്തണമെന്നും ജനപങ്കാളിത്തത്തോടുകൂടി ശാസ്ത്രപ്രസ്ഥാനങ്ങള്‍ രൂപപ്പെടുത്ത ണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പരിഷത്തടക്കമുള്ള ജനകീയശാസ്ത്രപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്, ഈ കാഴ്ചപ്പാടോടുകൂടിയാണ്.
അന്ധവിശ്വാസങ്ങള്‍ക്കും ഒരു ‘സാമൂഹ്യധര്‍മമുണ്ടെന്ന്’ കേരള സമൂഹത്തിന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരുന്ന കാലമാണിത്. അന്ധവിശ്വാസത്തിലധിഷ്ഠിതമായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എത്ര എളുപ്പത്തിലാണ്, സമൂഹത്തിന്റെ ബോധത്തെ പ്രതിലോമമായി നിയന്ത്രിക്കുക എന്ന അതിന്റെ ധര്‍മം നിറവേറ്റുന്നത്! ശാസ്ത്രപ്രവര്‍ത്തകരുടെയും ശാസ്ത്രപ്രസ്ഥാനങ്ങളുടെയും വര്‍ധിച്ച ഉത്തരവാദിത്തത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ശാസ്ത്രബോധം വളര്‍ത്താനും ശക്തിപ്പെടുത്താനും അത് സമൂഹത്തിന്റ സാമാന്യബോധമാക്കി മാറ്റാനും കൂടുതലായി എന്തൊക്കെ ചെയ്യാനാവും എന്ന ചിന്തയിലേക്കാണ് ഈ അവസ്ഥ നമ്മെ നയിക്കുന്നത്.

വിദ്യാഭ്യാസത്തിലെ ഇടപെടല്‍ സാധ്യതകള്‍
മതേതരബോധവും സ്വതന്ത്രചിന്തയും ശാസ്ത്രബോധവും ഏറ്റവുമേറെയുള്ള സമൂഹം ഇന്നുള്ളത് സ്‌കാന്റിനേവ്യന്‍ രാജ്യങ്ങളിലാണെന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. ഇതിന്റെ കാരണമാകട്ടെ ഈ പ്രദേശത്തെ രാജ്യങ്ങളില്‍ നടപ്പാക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സവിശേഷതകളാണ്. മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് അവിടങ്ങളിലെ പാഠ്യപദ്ധതി. എന്നാല്‍ ശാസ്ത്രബോധവും മതേതരത്വവും പരിഷ്‌ക്കരണചിന്തയുമൊക്കെ പ്രചരിപ്പിക്കുന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമായിക്കാണുന്ന ഒരു ഭരണഘടനയുള്ള ഇന്ത്യയില്‍, ദൗര്‍ഭാഗ്യ വശാല്‍ അത്തരം പാഠ്യപദ്ധതികള്‍ രൂപപ്പെടുത്താന്‍ നമുക്കാവുന്നില്ല. അഥവാ അങ്ങനെ വല്ല ശ്രമങ്ങളും നടന്നാല്‍ തന്നെ അവയെ തല്ലിക്കെടുത്താന്‍ ഭരണകൂടത്തിന് എത്രയോ വഴികളുണ്ട് എന്ന് ഈയിടെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് അതിപ്രധാനമായ പാഠഭാഗങ്ങള്‍ നീക്കം ചെയ്ത രീതി നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു സമൂഹത്തെയാകെ പുരോഗമനചിന്തയിലേക്ക് നയിക്കാന്‍ പാകത്തില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടു ത്താമെന്ന് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
മേല്‍പറഞ്ഞ ലക്ഷ്യത്തിനായി വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരുപാധിയാണ് വിജ്ഞാനോത്സവങ്ങള്‍. നന്നായി ആസൂത്രണം ചെയ്താല്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല, രക്ഷിതാക്കളെയും അധ്യാപകരെയും ശാസ്ത്രബോധത്തിന്റെ ധാരയിലേക്ക് കൊണ്ടുവരാന്‍ വിജ്ഞാനോത്സവങ്ങള്‍ സഹായിക്കും. അതിനാല്‍ തന്നെ ഇന്നത്തെക്കാളും കൂടുതല്‍ ജനകീയമായി, വ്യാപകമായി, വിജ്ഞാനോത്സവങ്ങള്‍ ജനകീയോ ത്സവങ്ങളായി മാറ്റാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന വിജ്ഞാനോത്സവങ്ങള്‍ പോലെ, തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ബാലശാസ്ത്രമാസികകളുടെ ആഭിമുഖ്യത്തില്‍ വിജ്ഞാനപരീക്ഷകള്‍ നടത്തിവരുന്നുണ്ട്. ലക്ഷക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന വിജ്ഞാനോത്സവങ്ങളും വിജ്ഞാനപരീക്ഷകളും പുതിയ തലമുറയുടെ ശാസ്ത്രീയസമീപനം ശക്തിപ്പെടുത്തുന്നതിന് വലിയൊരു സാധ്യതയാണ് നമുക്ക് നല്‍കുന്നത്. ഹയര്‍സെക്കന്ററി വിദ്യാലയങ്ങളെയും കോളേജ് ക്യാമ്പസുകളെയും കൂടി ഈ ധാരയിലേക്ക് കൊണ്ടുവരിക യാണെങ്കില്‍ വലിയ മാറ്റങ്ങളാണ് അതുണ്ടാക്കുക.
ഔപചാരിക വിദ്യാഭ്യാസത്തില്‍ മാത്രമല്ല, അനൗപചാരിക വിദ്യാഭ്യാസരംഗത്തും വമ്പിച്ച ആവശ്യകതയും സാധ്യതകളുമാണ് ശാസ്ത്രബോധവല്‍ക്കരണത്തിനുള്ളത്. ഇക്കാര്യം 1970കളില്‍ തന്നെ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ഗ്രാമശാസ്ത്ര സമിതികളുടെ പ്രവര്‍ത്തനം. അത്യന്തം അപകടകരമായ രീതിയില്‍, ശക്തമായ വലതുപക്ഷവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളസമൂഹത്തില്‍ ഗ്രാമശാസ്ത്ര സമിതികളുടെ പുതിയൊരു രൂപത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാവുന്നതാണ്. പഴയ ഗ്രാമശാസ്ത്രസമിതികളില്‍ കൃഷിയും കൈത്തൊഴിലും ആരോഗ്യവുമായി ബന്ധപ്പെട്ട ശാസ്ത്രകാര്യങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നതെങ്കില്‍, ഇന്ന് ഗ്രാമീണജീവിതത്തില്‍ അനുഭവവേദ്യമായി അത്തരം നിരവധി മേഖലകളുണ്ട്. എറണാകുളത്തെ തുരുത്തിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ് സെന്റര്‍, കോഴിക്കോട് വെങ്ങേരിയിലെ നിറവ് എന്നിവ പുതിയ തലമുറയിലെ ഗ്രാമശാസ്ത്രസമിതിക്ക് ചില മാതൃകകള്‍ നല്‍കുന്നുണ്ട്. അതോടൊപ്പം പുതിയ സംവാദരീതികളും ആവിഷ്‌കരിക്കുകയാണെങ്കില്‍ കേരളീയ ഗ്രാമങ്ങളെ സംവാദാത്മകമാക്കാനും സമൂഹത്തിലെ വികലമായ പൊതുബോധത്തില്‍ മാറ്റം വരുത്താനും കഴിഞ്ഞേക്കും. കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ അനുബന്ധപരിപാടിയായി നടത്തിയ ”ബരീന്‍, കുത്തിരിക്കിന്‍” എന്ന പേരിലുള്ള ഗ്രാമീണ സംവാദങ്ങളും തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധപരിപാടിയായി നടത്തിയ ”ചായക്കട ചര്‍ച്ചയും” പുതിയ ചില സംവാദ വാതായനങ്ങള്‍ തുറക്കുന്നുണ്ട്. ഒരു പക്ഷെ ”അടുക്കള ചര്‍ച്ചകള്‍” ശാസ്ത്രസംവാദങ്ങള്‍ക്കുള്ള പുതിയൊരു വേദിയാക്കാന്‍ കഴിഞ്ഞേക്കാം. ശാസ്ത്ര കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനു പകരം, അവയുടെ പ്രക്രിയാബന്ധിതമായ ചര്‍ച്ചകളിലേക്ക് നീങ്ങുന്നതുവഴി ശാസ്ത്രബോധവല്‍ക്കരണത്തിന്റെ പുതിയ ചില മാതൃകകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
വേണം, ശാസ്ത്രബോധത്തിനും ശാസ്ത്രസാങ്കേതിക സാക്ഷരതക്കും വേണ്ടിയുള്ള നൂതനപരിപാടികള്‍
അറുപതുകളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കപ്പെടുമ്പോഴുള്ള സാമൂഹ്യാവസ്ഥയില്‍ നിന്ന് നാം ഒരുപാട് മാറിയിട്ടുണ്ട് എന്ന് നമുക്കറിയാം. മാറുന്ന കാലത്തിനനുസരിച്ച് നമ്മുടെ രീതികളും പ്രവര്‍ത്തനങ്ങളും മാറിയിട്ടുണ്ട്. കേരളത്തിന്റെ പൊതുബോധത്തില്‍ ഒരുപാട് തിരുത്തലുകള്‍ ആവശ്യമാണെന്ന് നാം തിരിച്ചറിയുന്നുമുണ്ട്. 70കളിലും 80കളിലും നാം വിഭാവനം ചെയ്തതിനും എത്രയോ അപ്പുറത്ത് ശാസ്ത്രസാങ്കേതിക വികാസം എത്തിയിട്ടുണ്ട്. 80കളില്‍ നാം പ്രസിദ്ധീകരിച്ച ഫ്യൂച്ചറോളജി പുസ്തകവും അക്കാലത്തെ നമ്മുടെ മാസികകളുടെ ഉള്ളടക്കവുമൊക്കെ പരിശോധിക്കുന്നത് രസകരമായ അനുഭവമായിരിക്കും. ഇന്റര്‍നെറ്റ് യുഗത്തില്‍ നിന്നും ബിഗ് ഡാറ്റയിലേക്കും ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സിലേക്കും നിര്‍മിതബുദ്ധിയിലേക്കും മെഷിന്‍ ലേണിങ്ങിലേക്കുമൊക്കെ ത്വരിതഗതിയില്‍ നീങ്ങുന്ന ലോകത്തില്‍, ലാബിനും മാര്‍ക്കറ്റിനുമിടയിലുള്ള കാലഘട്ടം കുറഞ്ഞു കുറഞ്ഞു വരികയാണ്. എല്ലാ ശാസ്ത്രശാഖ കളിലും അത്ഭുതകരമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ തിരിച്ചറിയുമ്പോഴും ശാസ്ത്രം അതിന്റെ സാമൂഹ്യധര്‍മം ശരിയായി നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കാന്‍ നാം ബാധ്യസ്ഥരാണ്. കാരണം ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ അടിസ്ഥാനധര്‍മമാണത്.
നവീന സാങ്കേതികവിദ്യകള്‍ ജീവിതത്തെ മാറ്റിമറിക്കുമ്പോള്‍ത്തന്നെ അവയുടെ ദുരുപയോഗവും ഗണ്യമായി വര്‍ധിക്കുന്നുണ്ട്. ചൂഷണവും വര്‍ധിക്കുന്നുണ്ട്. ആശങ്കകള്‍ വര്‍ധിപ്പിക്കുന്ന വിധത്തിലാണ് electronic surveillance സംവിധാനങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്നത്. ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും ക്യാമറ ക്കണ്ണില്‍പ്പെടാതെ ലോകത്തിലാര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. 1949ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, ജോര്‍ജ്ജ് ഓര്‍വെലിന്റെ പ്രസിദ്ധമായ ‘1984’ എന്ന ഫിക് ഷനില്‍ വിവരിച്ചതുപോലെ big brother is watching you എന്ന് പറയാവുന്ന അവസ്ഥ. നോവലിലെ സംവിധാനങ്ങളൊക്കെ ഭാവനാസൃഷ്ടി എന്നു പറയാമെങ്കിലും അവയെയൊക്കെ വെല്ലുന്ന സാങ്കേതിക സംവിധാനങ്ങളാണ് ഉണ്ടായിവരുന്നത്. ഉദാഹരണമായി മനുഷ്യരുടെ ചിന്തകള്‍ വായിക്കാന്‍ പറ്റുന്ന സംവിധാനങ്ങള്‍ ഓര്‍വെല്‍ അന്ന് വിഭാവനം ചെയ്യുകയുണ്ടായി. അടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട യുവല്‍ നോവ ഹരാരിയുടെ പുസ്തകം ’21 Questions for the 21st century’ വിശദീകരിക്കുന്നത്, മനുഷ്യരുടെ തലച്ചോറിനെ ഹാക്ക് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ വൈകാതെ നിലവില്‍ വരുമെന്നാണ്. അങ്ങനെ വന്നാല്‍ പിന്നെ രഹസ്യമെന്നത് ഇല്ല. തലച്ചോറിനെ ഹാക്ക് ചെയ്യുന്ന കാലത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത് കൗതുകകരം തന്നെ. Virtual Realityയുടെ കാലഘട്ടത്തില്‍, സാമാന്യ സാങ്കേതികവിദ്യകളെക്കുറിച്ചും അവയ്ക്കു പിറകിലുള്ള ശാസ്ത്രത്തെ ക്കുറിച്ചും അജ്ഞരായ ബഹുഭൂരിപക്ഷത്തെ അക്കാര്യങ്ങളില്‍ സാക്ഷരരാക്കുകയും ചൂഷണത്തെ പ്രതിരോധി ക്കുവാന്‍ അവരെ പ്രാപ്തരാക്കു കയും ചെയ്യാന്‍ നമുക്ക് സാധിക്കണമെങ്കില്‍ പുതിയൊരു സാക്ഷരതാ പ്രസ്ഥാനം അനിവാര്യമായിത്തീരും. അതിന്റെ രൂപവും ഭാവവും എന്തായിരിക്കണമെന്ന് ചിന്തിക്കാനും സമയമായിരിക്കുന്നു.
ടി.ഗംഗാധരന്‍
പ്രസിഡണ്ട്,
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

Leave a Reply

Your email address will not be published. Required fields are marked *