57ാം സംസ്ഥാന വാർഷികം മഹാരാജാസില്‍ – സ്വാഗതസംഘം രൂപീകരിച്ചു
എറണാകുളം: അൻപത്തിയേഴാം വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം എം. ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. അജി സി പണിക്കർ ഉദ്ഘാടനം ചെയ്തു. കെട്ടുകഥകളെയും വിശ്വാസങ്ങളെയും ശാസ്ത്രമായും ചരിത്രമായു വ്യാഖ്യാനിച്ചു കൊണ്ടു ജനങ്ങളെ ഭിന്നിപ്പിച്ചു രാജ്യത്തെ പിറകോട്ടു നയിക്കുമ്പോൾ ജനകീയ ശാസ്ത്ര പ്രവർത്തനങ്ങളുടെ പ്രസക്തി ഏറെയാണെന്നും കൂടുതൽ കരുത്തോടെ പരിഷത്തിന്റെ പ്രവർത്തനങ്ങൾ മുന്നേറണമെന്നും അവർ പറഞ്ഞു.
പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ പി മുരളിധരന്റ അദ്ധ്യക്ഷതയിൽ എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കെ രാധൻ ആമുഖാവതരണവും ജില്ലാ പ്രസിഡന്റ് വി എ വിജയകുമാര്‍ ഭാവി പ്രവർത്തനങ്ങളുടെ അവതരണവും നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. എം.എസ്.മുരളി, പു ക സാ ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ, കൊച്ചി സർവ്വകലശാല എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധി ഹരിലാൽ, എൻ ബിജു ( കെ എസ് ടി എ), ഒ സി ജോയി (എംപ്ലോയീസ് കോൺഫെഡറേഷൻ), വി കെ ഷാജി ( ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) തുടങ്ങിയവർ എല്ലാ വിധ പിന്തുണയും അറിയിച്ചു. യോഗത്തിൽ പ്രൊഫ പി കെ രവീന്ദ്രൻ, നിർവാഹക സമിതി അംഗം ടി പി ശ്രീശങ്കർഎന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളുടെ നിർദ്ദേശം നിർവാഹക സമിതി അംഗം ജയ എം അവതരിപ്പിച്ചു ചെയർമാനായി പ്രൊഫ എം കെ സാനു മാസ്റ്ററെയും ജനറൽ കൺവീനറായി ഡോ എൻ ഷാജിയെയും തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി സി.ഐ വർഗീസ് സ്വാഗതവും ജനറൽ കൺവീനർ ഡോ. എൻ ഷാജി നന്ദിയും പറഞ്ഞു .
2020 മെയ് 16,17 തീയതികളിൽ എറണാകുളത്തു വച്ചു നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ 2500 ഹോം ലൈബ്രറികൾ, 1000 ശാസ്ത്രക്ലാസ്സുകൾ പ്രാദേശിക ബാലോത്സവങ്ങൾ, ബാലശാസ്ത്രകോൺഗ്രസ്, ദേശീയതലത്തലുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി നാളത്തെ കേരളം – എറണാകുളവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, വികസനകോൺഗ്രസ്സുകൾ, പ്രാദേശിക സെമിനാറുകൾ, ഗൃഹസന്ദർശന പരിപാടികൾ, പുസതകപ്രചാരണത്തിലൂടെയുള്ള ജനകീയ വിദ്യാഭ്യാസ പരിപാടികൾ, ഭരണഘടനാ സംവാദങ്ങൾ, ശാസ്ത്രബോധന പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.