സമൂഹത്തില്‍ ബൗദ്ധിക മണ്ഡലത്തിനെതിരായ ആക്രമണം വര്‍ധിച്ചു – കെ.പി. അരവിന്ദന്‍
ആലപ്പുഴ : നമ്മുടെ സമൂഹത്തില്‍ ഇന്ന് ബൗദ്ധിക മണ്ഡലത്തിനെതിരായുള്ള ആക്രമണം ശക്തമായിരിക്കുകയാണെന്നും ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗിച്ചും സമൂഹത്തിലെ ഉന്നതന്മാരെ ഉപയോഗിച്ചും ഇത്തരം ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡണ്ട് ഡോ. കെ.പി. അരവിന്ദന്‍ അഭിപ്രായപ്പെട്ടു. ആഗസ്റ്റ് 20ന് SDV ബസന്റ് ഹാളില്‍ വച്ച് ‘ശാസ്ത്രബോധം യുക്തിചിന്ത, ജനാധിപത്യം’ എന്ന വിഷയത്തില്‍ നരേന്ദ്രധബോല്‍ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിനിമാ താരങ്ങളും വിരമിച്ച ഡോക്ടര്‍മാരും ചില രാഷ്ട്രീയ നേതാക്കളും ഈ പ്രചാരണത്തിന് കൂട്ടുനില്‍ക്കുകയാണ്. കമ്പോളവല്‍ക്കരണത്തിന്റെ ഭാഗമായി സമൂഹത്തിലുണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്ക് പരിഹാരം പഴമയിലേക്ക് മടങ്ങലാണ്, പാരമ്പര്യമാണ് പ്രതിരോധം എന്നൊക്കെ പ്രചരിപ്പിക്കപ്പെടുന്നത് ഇതിന്റെ ഭാഗമാണ്. വാക്സിനേഷനെതിരായ പ്രചാരണവും രാസവളത്തിനും കീടനാശിനികള്‍ക്കുമെതിരായ പ്രചാരണവും അശാസ്ത്രീയതയുടേതും അന്ധവിശ്വാസത്തിന്റെതുമായ അതിര്‍വരമ്പുകള്‍ പങ്കുവയ്‌ക്കുന്നുണ്ട്. കുട്ടികളെ ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിക്കാന്‍ പഠിപ്പിക്കലും വിമര്‍ശനാത്മക ബോധനം പരിചയപ്പെടുത്തലുമാണ് ഇത്തരം അപകടങ്ങളെ ഫലപ്രദമായി ചെറുക്കുവാനുള്ള മാര്‍ഗമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിര്‍മൂലന പ്രസ്ഥാനത്തിന്റെ നേതാവും ചിന്തകനും എഴുത്തുകാരനുമായിരുന്ന നരേന്ദ്രധബോല്‍ക്കറുടെ മൂന്നാം രക്തസാക്ഷിത്വം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള ഗ്രന്ഥശാലാ സംഘം, പുരോഗമന കലാസാഹിത്യ സംഘം, വെനീസിയം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ആചരിച്ചു. ജി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. ജോസഫ് ചാക്കോ, സി.വി. ഷാജി, പി.പി. സുമനന്‍, മോഹനന്‍, പി.വി. ജോസഫ്, ബി. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.