സാഹിത്യകാരന്മാർ ശാസ്ത്രസാ വക്ഷരതയുളളവരാകണം -വൈശാഖന്‍

0

തൃശ്ശൂര്‍ : സാഹിത്യകാരന്മാർ ശാസ്ത്രസാക്ഷരതയുളളവരാകണം എന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അഭിപ്രായപ്പെട്ടു. ശാസ്താവബോധ ദിനത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രബോധം, കൂടുതല്‍ സത്യബോധത്തോടെ എഴുതാന്‍ ഉപകരിക്കും. സാഹിത്യ രചനയില്‍ നിഗൂഢവത്കരണവും (Mystification) സ്ഥൂലതയും ഒഴിവാക്കാൻ ഇത് സഹായകമാകും. വലിയ പ്രപഞ്ചസത്യം വിളിച്ചോതുന്ന ഏറ്റവും ചെറിയ അതിമനോഹരമായ കവിതയാണ് E = mc2 എന്ന സൂത്രവാക്യമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യമനസ്സ് ഒരു തേനീച്ചക്കൂട് പോലെയാണെന്ന് സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതില്‍ പുതിയ അറകൾ ഉണ്ടായിക്കൊണ്ടിരിക്കണം. പുതിയ അറകളില്‍ ആണ് തേനീച്ചകൾ തേൻ നിറയ്ക്കുന്നത്. അല്ലെങ്കിൽ അത് ഒരു കാഴ്ചബംഗ്ളാവ് ആയി മാറും. അതിന് നാം അനുവദിച്ചുകൂടാ. പുതിയ ആശയങ്ങള്‍ സൃഷ്ടിക്കലും സ്വീകരിക്കലും സർഗാത്മകതയുടെ ലക്ഷണമാണ്.

ജഡശീലങ്ങളുടെ മരുപ്പറമ്പിൽ, യുക്തിബോധത്തിന് വഴി നഷ്ടപ്പെടാതിരിക്കുന്നത് എവിടെയാണോ, അവിടേക്ക് എന്റെ നാട് ഉണരണേ എന്നാണ് ടാഗോര്‍ ആഗ്രഹിച്ചത്. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡല്‍ ലഭിക്കാൻ കോയമ്പത്തൂരിൽ പൂജ നടത്തിയ കോവില്‍ അലങ്കരിച്ചത് 5 ടൺ പച്ചക്കറി കൊണ്ടായിരുന്നു! 10 ടൺ ഉപയോഗിച്ചിരുന്നുവെങ്കിൽ വെളളിയ്ക്ക് പകരം സ്വർണമെഡൽ ലഭിച്ചേനെ എന്ന് പൂജാരികൾ കരുതിക്കാണുമെന്ന് അദ്ദേഹം പരിഹസിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

‘സൂക്ഷ്മജീവികളും ജനാരോഗ്യവും’ എന്ന വിഷയത്തിൽ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗം അധ്യാപിക ഡോ.കെ.എ.ജാസ്മിൻ,

‘മണ്ണും മനുഷ്യനും സൂക്ഷ്മജീവികളും’ എന്ന വിഷയത്തിൽ കാർഷീക സർവകലാശാല മുന്‍ ഡീൻ ഡോ.ജിം.തോമസ് എന്നിവര്‍ പ്രഭാഷണം നടത്തി. പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.മുരളീധരൻ, ജില്ലാ സെക്രട്ടറി കെ. എസ്.സുധീര്‍, ജോ.സെക്രട്ടറി ടി.സത്യനാരായണൻ എന്നിവര്‍ സംസാരിച്ചു. രാജന്‍ നെല്ലായി ശാസ്ത്ര ഗീതങ്ങള്‍ ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed