മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ -പാരാമെഡിക്കൽ -നഴ്സിങ് വിദ്യാര്‍ഥികൾക്കും ജീവനക്കാർക്കും വേണ്ടി ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് യൂണിറ്റ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “വാക്സിനേഷൻ: വിവാദങ്ങളും വസ്തുതകളും” എന്ന വിഷയത്തിൽ ശിശുരോഗ വിഭാഗം മേധാവി ഡോ. കെ. കെ.പുരുഷോത്തമൻ ക്ലാസ് എടുത്തു.

ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും നടത്തിയ ബോധവത്കരണത്തിന്റെയും ഊര്‍ജിതശ്രമത്തിന്റെയും ഭാഗമായി മലപ്പുറം ജില്ലയില്‍ കുത്തിവയ്‌പ്പ് എടുത്തവരുടെ നിരക്ക് 90% ആയി വര്‍ധിപ്പിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. 2മാസം മുമ്പ് ഇത് 64% മാത്രമായിരുന്നു.

ചില നിക്ഷിപ്തതാല്പര്യക്കാരുടെ കുപ്രചാരണങ്ങളാണ് കുത്തിവയ്‌പ്പ് എടുക്കാതെ ജനം മാറി നില്ക്കാൻ കാരണം. എന്നാല്‍ ഡിഫ്തീരിയ ഉൾപ്പെടെയുളള മാരകരോഗങ്ങൾ തിരിച്ചു വരുന്നത് വാക്സിനേഷന്റെ അഭാവം മൂലമാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അറിവില്ലായ്മ ചൂഷണം ചെയ്ത് കളളപ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തുകയും ജനങ്ങളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കുകയും വേണം. ആധുനിക ചികിത്സയുടെയും പ്രതിരോധ കുത്തിവയ്‌പ്പുകളുടെയും ഫലമായാണ് ജനങ്ങളുടെ ആയുർദൈർഘ്യം ഗണ്യമായി വർധിപ്പിക്കാനായത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിലെ ശരാശരി ആയുസ്സ് കേവലം 32 വയസ്സായിരുന്നു! ഇന്ന് അത് ഇരട്ടിയിലധികമാക്കി വർധിപ്പിക്കാനായതിൽ വാക്സിനേഷന്റെ പങ്ക് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രസിഡണ്ട് ഡോ.എ.സരിൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സത്യനാരായണൻ, യൂണിറ്റ് സെക്രട്ടറി എം.എൻ.ലീലാമ്മ, പ്രിയ കെ നായര്‍, ഡോ.വി.എം.ഇക്ബാൽ, ഇ.മധുസൂതനൻ, കെ.ആർ.ശ്രുതി, ബെബെറ്റോ തിമോത്തി, ആഷ്ലിൻ, എ.എസ്.മഹമൂദ്, ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.