അജൈവമാലിന്യ സംസ്‌കരണത്തിനു നിര്‍ദ്ദേശങ്ങളുമായി പരിഷത്ത് മേഖലാ സമ്മേളനം
കായിക്കര: മാലിന്യത്തെ വ്യാവസായിക അസംസ്‌കൃത വസ്തുവാക്കി മാറ്റാന്‍ കഴിയണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിര്‍വാഹകസമിതിയംഗവുമായ എന്‍ ജഗജീവന്‍. അഞ്ചുതെങ്ങിലെ തീരദേശ ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യവ്യാപനത്തിന് ശാസ്ത്രീയമായി പരിഹാരം കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങല്‍ മേഖലാ വാര്‍ഷികം കായിക്കര ആശാന്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, അഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ അനില്‍, പരിഷത്ത് മേഖലാ പ്രസിഡന്റ് ആര്‍ സുധീര്‍ രാജ്, സെക്രട്ടറി ബിനു തങ്കച്ചി എന്നിവര്‍ സംസാരിച്ചു. മേഖലയിലെ തീരദേശ വാര്‍ഡുകളിലെ ഹരിതസേനാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മാലിന്യമുക്ത പഞ്ചായത്തുകള്‍ എന്ന വിഷയത്തില്‍ പരിശീലന ക്ലാസും വീടുകളില്‍ ശാസ്ത്രീയമായി മാലിന്യ നിര്‍മ്മാര്‍ജനം നടത്തുന്നതിനായിപരിഷത്തംഗങ്ങള്‍ പ്രചാരണ ഗൃഹസന്ദര്‍ശനവും നടത്തി. സമാപനസമ്മേളനത്തിന് പ്രസിഡന്റ് ആര്‍ സുധീര്‍ രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനു തങ്കച്ചി സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ എം ഷൗക്കി വരവുചെലവു കണക്കും ജില്ലാക്കമ്മറ്റിയംഗം ജിനുകുമാര്‍ സംഘടനാ രേഖയും അവതരിപ്പിച്ചു. ഡോ ബിനു കിഴുവിലം, സുനില്‍കുമാര്‍, ഷാന്‍ ഷാക്കിര്‍ എന്നിവര്‍ സംസാരിച്ചു.
ആര്‍ സുധീര്‍ രാജ് (പ്രസിഡന്റ്), എം ഷൗക്കി (സെക്രട്ടറി), പ്രേമ (വൈസ് പ്രസിഡന്റ്),സുനില്‍കുമാര്‍ (ജോ. സെക്രട്ടറി), ബി എസ് സജിതന്‍ (ട്രഷറര്‍) എന്നിവരെ മേഖലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.