ഭരണഘടനാദിനത്തോടനുബന്ധിച്ച് കോലഴി മേഖലയിലെ വിവിധ യൂണിറ്റുകൾ ജനകീയസദസ്സും ചർച്ചാക്ലാസും സംഘടിപ്പിച്ചു; ഭരണഘടനാ കലണ്ടറും ബോധവൽക്കരണ നോട്ടീസും വിതരണം നടത്തി.
ഭരണഘടനാ ദിനത്തിൽ , ഇന്ത്യൻ ഭരണഘടനയുടെ ആമുഖം അച്ചടിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച കലണ്ടർ, കോലഴി യൂണിറ്റ് പ്രദേശത്ത് വിതരണം ചെയ്തു. പരിഷത്ത് കോലഴി യൂണിറ്റ് പ്രവർത്തകർ രാവിലെ മുതൽ വീടുകളും കടകളും സന്ദർശിച്ചാണ് കലണ്ടർ വിതരണം നടത്തിയത്. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അത് അട്ടിമറിക്കപ്പെടുന്ന നീക്കങ്ങൾക്കെതിരെ ജാഗരൂകരാകേണ്ടതിനെപ്പറ്റിയും ജനങ്ങളോട് വിശദീകരിച്ചു…അച്ചടിച്ച നോട്ടീസും നൽകി. പരിഷത്ത് പ്രവർത്തകർക്ക് ആവേശകരമായ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. തങ്ങളുടെ ചുമരുകളിൽ അവർ അഭിമാനപൂർവം ഭരണഘടനാകലണ്ടർ തൂക്കി. കോലഴി ഓട്ടോറിക്ഷാ പേട്ടയിലെ തൊഴിലാളികൾക്ക് നൽകിക്കൊണ്ട് പരിഷത്ത് യൂണിറ്റ് സെക്രട്ടറി ടി.എൻ. ദേവദാസ് ഉദ്ഘാടനം ചെയ്തു. പ്രീത ബാലകൃഷ്ണൻ, ടി.ബാബു, എ.ദിവാകരൻ, കെ.രജിത് മോഹൻ , കെ.വി. ആന്റണി , ടി.സത്യനാരായണൻ എന്നിവർ നേതൃത്വം നൽകി.
പാമ്പൂർ യൂണിറ്റ് ഭരണഘടനാദിനത്തോടനുബന്ധിച്ച് ജനകീയസദസ്സും ചർച്ചാക്ലാസും സംഘടിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പരിഷത്ത് മുൻ സംസ്ഥാന നിർവ്വാഹകസമിതിയംഗം ടി.സത്യനാരായണൻ വിഷയാവതരണം നടത്തി. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനതത്വങ്ങളെ വിശകലനം ചെയ്ത അദ്ദേഹം വർത്തമാനകാല ഇന്ത്യയിൽ ഭരണഘടനാമൂല്യങ്ങളെ അട്ടിമറിച്ച് അന്ധവിശ്വാസങ്ങളും അശാസ്ത്രീയതയും പ്രചരിപ്പിക്കുന്ന ഭരണകൂടഭീകരത തുറന്നുകാട്ടി. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വികസിപ്പിച്ചെടുക്കേണ്ട ആവശ്യകതയിലേക്ക് സത്യനാരായണൻ വെളിച്ചംവീശി. തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുത്ത് ചന്ദ്രകുമാർ കെ.കെ., ബൈജുലാൽ കെ.വി., ജയ്സൺ കെ.ടി., ലെനിൻ എൻ.എൽ., ജയചന്ദ്രൻ സി.സി., പി.പി. രാമകൃഷ്ണൻ, നിഷ എം.സി., ഭാസ്കരൻ കെ.ആർ., വി.ജി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചർച്ചാ ക്ലാസിൽ പങ്കെടുത്തവർക്ക് യൂണിറ്റ് സെക്രട്ടറി വി.ജി. ഗോപാലകൃഷ്ണൻ സ്വാഗതവും ബൈജുലാൽ കെ.വി. നന്ദിയും പറഞ്ഞു.
മുളങ്കുന്നത്തുകാവ് യൂണിറ്റിൽ അരങ്ങഴിക്കുളം പ്രദേശത്ത് ഗൃഹസന്ദർശനവും ഭരണഘടനാ ആമുഖം അച്ചടിച്ച കലണ്ടറിന്റെ വിതരണവും സംഘടിപ്പിച്ചു. തുടർന്ന് വായനാശാലാ പരിസരത്ത് സുകുമാരൻ്റെ വസതിയിൽ വീട്ടുമുറ്റസദസ്സ് സംഘടിപ്പിച്ചു. ഭരണഘടനയുടെ സവിശേഷതകളും വെല്ലുവിളികളും വിശദീകരിച്ചുകൊണ്ട് മേഖലാസെക്രട്ടറി ഐ.കെ.മണി, മേഖലാ ഭാരവാഹികളായ ഡോ.ജിയോ തരകൻ , ടി.ഹരികുമാർ , എന്നിവർ സംസാരിച്ചു. തികച്ചും അനൗപചാരികമായി സംഘടിപ്പിച്ച പരിപാടിയിൽ സുകുമാരൻ എം.ടി, കെ.എസ്. ഷാജി, ഷീബ സുകുമാരൻ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ഡിസംബർ 8 ന് അരങ്ങഴിക്കുളത്ത് എത്തിച്ചേരുന്ന ഗ്രാമശാസ്ത്ര ജാഥയുടെ സ്വീകരണത്തിന് വേണ്ടതായ സഹകരണങ്ങൾ ഉറപ്പ് നൽകിക്കൊണ്ടും ഭരണഘടനയുടെ പ്രാധാന്യത്തെ വിശദീകരിച്ചുകൊണ്ട് പരിപാടി സംഘടിപ്പിച്ചതിന് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടും സജിതാ സജീവ് സംസാരിച്ചു.
അവണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാ കലണ്ടറും ബോധവൽക്കരണ നോട്ടീസും വിതരണം നടത്തി.