ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റ്: അഭിപ്രായം പറയാൻ ജനങ്ങൾക്ക് അവസരമുണ്ടാകണം പരിഷത്ത് സെമിനാർ
തൃശ്ശൂർ: ആരോഗ്യസ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുദ്ദേശിച്ച് നിയമസഭ പാസ്സാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റിൻ്റെ സംവിധാനത്തിൽ അതിൻ്റെ ഗുണഭോക്താക്കളായ ജനങ്ങൾക്ക് അഭിപ്രായപ്രകടനത്തിന് അവസരമുണ്ടാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ആരോഗ്യവിഷയസമിതി ചെയർമാനും ജനകീയാരോഗ്യ പ്രവർത്തകനുമായ ഡോ.മുബാറക് സാനി പറഞ്ഞു.
‘കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്റ്റും പൊതുജനാരോഗ്യവും’ എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കൗൺസിലിലും ജില്ലാകൗൺസിലുകളിലും ജനങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകണം. സ്ഥാപനങ്ങളുടെ ഭൗതികസാഹചര്യം, ജീവനക്കാരുടെ യോഗ്യത, സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കണം. ജീവനക്കാരുടെയും ഡോക്ടർമാരുടെയും യോഗ്യതകൾ രഹസ്യമാക്കി വെക്കണം എന്ന ചിലരുടെ വാദം അംഗീകരിക്കാനാവില്ല. വ്യവസ്ഥകൾ ശക്തവും സുതാര്യവും ഫലപ്രദവുമാകണം. പഠനം, പരിശീലനം, പരീക്ഷ എന്നിവ വഴി ജീവനക്കാരുടെ സ്കിൽ വർധിപ്പിക്കാൻ കഴിയണം. ചികിത്സാച്ചെലവ് കുറയ്ക്കുന്നതിലും ചികിത്സയുടെ ഗുണനിലവാരം ഉയർത്തുന്നതിലും ഇടപെടാൻ കഴിയണം. പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുള്ള ഘടകങ്ങൾ കണ്ടെത്തിയാൽ സ്ഥാപനം നിർത്തിവെക്കണമെന്ന വ്യവസ്ഥ കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു.
തൃശ്ശൂർ ഡപ്യൂട്ടി ഡി.എം.ഒ
ഡോ.എൻ.എ.ഷീജ, ഐ.എം.എ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.പി.ഗോപികുമാർ, ഡോ. ഷൗജാദ് മുഹമ്മദ്, ഡോ.ഡി.ഇന്ദുചൂഡൻ, സി.ബാലചന്ദ്രൻ, ഷൈനി ആൻ്റണി, പ്രമീള ദിലീപ്കുമാർ, അനുരൂപ് രാജ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ വി.മനോജ് കുമാർ സ്വാഗതവും ജില്ലാസെക്രട്ടറി ടി.വി.രാജു നന്ദിയും പറഞ്ഞു.