ലൈംഗീകാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യമനുവദിച്ചു കൊണ്ടുള്ള കോടതിയുത്തര വിലെ വാദിയായ പെൺകുട്ടിയ്ക്കെതിരായ പരാമർശം സംസ്കാരശൂന്യവും അപലപനീയവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു.ലൈംഗീക പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പെൺ കുട്ടി ധരിച്ചിരുന്നതെന്നും അതിനാൽ സെക്ഷൻ 354 . പ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നില നിൽക്കില്ല എന്നുമുള്ള പരാമർശങ്ങൾ പരാതിക്കാരിയെ അപമാനിക്കുന്നതാണ്.നീതി തേടി കോടതിയ്ക്കു മുന്നിലെത്താൻ നിർബന്ധിതരാവുന്ന സ്ത്രീകളെ നിരാശരും നിസ്സഹായരുമാക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളു. ബലാൽ സംഗം നടക്കുന്നത് അതിനിരയായ സ്ത്രീയുടെ പ്രകോപനത്താലാണെന്ന ആൺകോയ്മാപൊതുബോധമാണ് ഇവിടെ കോടതി ഉത്തരവായി വന്നിട്ടുള്ളത്.നൂറ്റാണ്ടുകളായി പുരുഷാധിപത്യത്തിൻ കീഴിൽ അടിച്ചമർത്ത പ്പെട്ട സ്ത്രീസമൂഹം ആത്മവിശ്വാസത്തിലേക്ക് പിച്ചവച്ചു തുടങ്ങിയ ഒരു വേളയിൽ , കാലോചിതമല്ലാത്തതും വിവേചനപരവും അപഹാസ്യവുമായ.ഇത്തരം സമീപനങ്ങൾ നീതിപീഠത്തിൽ നിന്നുണ്ടാവുന്നു എന്നത് അമ്പരപ്പുളവാക്കുന്നതാണ്.ഈ സാഹചര്യത്തിൽ പരാതിക്കാരിക്കൊപ്പം നിൽക്കാനും വിവിധതരത്തിൽ അതിക്രമങ്ങൾക്ക് വിധേയരാവുന്ന മുഴുവൻ സ്ത്രീകളോടും ഐക്യപ്പെടാനും കേരളത്തിന്റെ പൊതുബോധത്തോട് പരിഷത്ത് അഭ്യർത്ഥിക്കുന്നു. ഒപ്പം മേൽപ്പറഞ്ഞ കോടതി പരാമർശത്തോടുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *