സി പി വിജയനും വിട പറഞ്ഞു
c p vfjayan
നഷ്ടങ്ങളുടെ കണക്കെടുപ്പായി മാറുകയാണ് ഓരോ ദിവസവും.
വിജയൻറെ മരണം തീർത്തും അപ്രതീക്ഷിതമല്ല. ഏറെക്കാലമായി പലവിധ അസുഖങ്ങൾ വിജയനെ വിടാതെ പിടികൂടിയിരുന്നു. എങ്കിലും അവസാന ദിവസം വരെ വിവിധ സാമൂഹിക വിഷയങ്ങൾ പഠിച്ചു വിജയൻ എഴുതിക്കൊണ്ടിരുന്നു ഫേസ്ബുക് സുഹൃത്തുക്കൾക്ക് കൃത്യമായ കണക്കുകളോടെ വിവിധ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന സി പി വിജയനെ മാത്രമേ അറിയാൻ സാധ്യതയുള്ളൂ
എന്നാൽ എൺപതുകൾ മുതൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് വിജയൻ അപാരമായ ഒരു ബൗദ്ധിക സ്വാധീനമായിരുന്നു
ഞാനൊക്കെ പരിഷത്തിൽ വരുമ്പോൾ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ശാസ്ത്രത്തിന്റെ അക്കാദമിക് മേഖലയ്ക്ക് പുറത്തു ധാരാളം വായനയും അപഗ്രഥനവും നടത്തുന്ന നൂറുകണക്കിന് സാധാരണ പ്രവർത്തകരെയാണ്
അവർ ജീവിതത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ഉന്നതമായ വായനാ ശീലവും ചിന്തയും പരിശീലിപ്പിച്ചെടുത്തു
അവരിൽ പ്രധാനി ആയിരുന്നു സി പി വിജയൻ
എന്നെ കാണുമ്പോഴൊക്കെ ഒരു പുതിയ പുസ്തകം വിജയൻ കാണിക്കും
“നീ ഇത് വായിച്ചോ?’ എന്ന് ചോദിക്കും
Revolution from above ഒക്കെ ആദ്യം കാണുന്നത് വിജയൻറെ കയ്യിലാണ്
മാത്രമല്ല, ഇവരൊക്കെ, ഗംഭീര സംഘാടകർ കൂടി ആയിരുന്നു
കേരളം മുഴുവൻ യാത്ര ചെയ്തു പരിഷത് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും
ഗ്രാമശാസ്ത്ര ജാഥക്ക് വേണ്ടി നടത്തിയ യാത്രകൾ കെ ടി രാധാകൃഷ്ണൻ മാഷ് ഓർക്കുന്നു
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തിരുവനന്തപുരം മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും വിജയൻ പ്രവർത്തിച്ചു..
“ കോട്ടയം പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങൾ വഴി മലയാളസാഹിത്യത്തിലെ മാത്രമല്ല ലോക സാഹിത്യത്തിലെ പുസ്തകങ്ങൾ പരിചയപ്പെടുത്തിയ വ്യക്തി. ക്യാപിറ്റലിസവും കമ്മ്യൂണിസവും സഹകരണപ്രസ്ഥാനത്തെ പറ്റിയും പരിചയപ്പെടുത്തിയ വ്യക്തി. മണിക്കൂറുകളോളം, സാഹിത്യ, രാഷ്ട്രീയ, രാഷ്ട്രീയ, വിഷയങ്ങളെ പറ്റി ചർച്ച ചെയ്ത് ബൗദ്ധിക ലോകത്തിന്റെ വ്യാപ്തി വർധിപ്പിച്ചു തന്നത് കൊച്ചച്ചനാണ്.
കഥകൾ പറഞ്ഞു ഒരു മായാലോകം കാണിച്ചു തന്നു. Round the world in 80 days പല ദിവസങ്ങളിലായി പറഞ്ഞു തന്നപ്പോൾ വിരിഞ്ഞ ആ മയാലോകം പുസ്തകം പഠിച്ചപ്പോൾ പോലും കിട്ടിയില്ല. പ്രായത്തിൽ വലിയ വ്യത്യാസം ഇല്ലാത്തതുകൊണ്ട് കൊച്ചച്ചൻ എന്നതിലുപരി ഒരു മുതിർന്ന സുഹൃത്ത് ആയിരുന്നു” വിജയനെക്കുറിച്ചു എ ആർ ജയചന്ദ്രൻ എഴുതുന്നു
“ആഴത്തിലുള്ള വായനയും സ്വയം പഠനവും സി.പി.യുടെ സവിശേഷതയാണ്” ജഗജീവൻ എഴുതുന്നു: “ ഓരോ പ്രശ്നത്തേയും ആവശ്യമായ പഠനങ്ങൾ കണ്ടെത്തി – അവയെല്ലാം വിശകലനം ചെയ്ത് ജനപക്ഷ നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ സവിശേഷമായ കഴിവ് സി.പി.ക്കുണ്ടായിരുന്നു. സി.പി.യുടെ മുന്നിൽ എന്തെങ്കിലും അവതരിപ്പിച്ച് പോകാൻ കഴിയില്ല വസ്തുതകളുടെ അടിസ്ഥാനത്തിൽ കൃത്യമായ ചോദ്യങ്ങൾ ചോദിക്കാനും യോജിപ്പും വിയോജിപ്പും മുഖത്ത് നോക്കി പറയാനും സി.പി. മടിക്കാറില്ല. ഈ ശൈലി സുഹൃത്തുക്കൾക്ക് ഒപ്പം സി.പി.യോട് വിയോജിച്ച് നിൽക്കുന്നവരേയും കൂട്ടിയിട്ടുണ്ട്. എന്നാൽ സി.പി. അവരോട് തുടർന്നും സംവദിക്കാൻ ശ്രമിക്കുമായിരുന്നു.”
ഇടക്ക് എപ്പോഴോ വിജയൻ, പുറംലോകവുമായുള്ള ബന്ധം കുറച്ചു
എഴുത്തു ഫേസ്ബുക്കിൽ മാത്രമാക്കി
എന്നാൽ തോമസ് ഐസക്ക് അടക്കമുള്ളവർ വിജയൻറെ കുറിപ്പുകൾ സ്ഥിരമായി വായിക്കുകയും നേരിട്ട് തന്നെ പ്രതികരിക്കുകയും ചെയ്തു
വിജയൻ ഉയർത്തിയ വ്യത്യസ്തമായ ചിന്തകൾ സുഹൃത്തുക്കളെയും സംഘടനയെയും തുടർന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും
പ്രിയ സഖാവെ, വിട
(ജി സാജൻ എഴുതിയത്)