മരുഭൂമിക്കഥകള്‍
By Bjørn Christian Tørrissen – Own work by uploader, http://bjornfree.com/galleries.html, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=17131784
സഹാറ മരുഭൂമിയെപ്പറ്റി കേള്‍ക്കാത്തവര്‍ ചുരുങ്ങും. ഉത്തരാഫ്രിക്കയുടെ വിലങ്ങനെ വ്യാപിച്ചുകിടക്കുന്ന ഈ മരുഭൂമിയുടെ പടിഞ്ഞാറുദിശയില്‍ അറ്റ്‌ലാന്റിക് സമുദ്രവും കിഴക്കേ അതിര്‍ത്തിയില്‍ ചുവന്ന കടലും വടക്കുഭാഗത്ത് മെഡിറ്ററേനിയന്‍ കടലും ആണ്. അന്തരീക്ഷതാപനില 54 ഡിഗ്രിസെല്‍ഷ്യസ് വരെ ഉയരും. മണല്‍പരപ്പില്‍ താപനില 80ഡിഗ്രി. വേണ്ടത്ര സ്ഥലം വെറുതേ തരാമെന്ന് പറഞ്ഞാല്‍പോലും കുടിയേറി പാര്‍ക്കാന്‍ ആരും ഇഷ്ടപ്പെടാത്ത ഒരു പ്രദേശമാണ് സഹാറ. ഭൂരിപക്ഷം മരുഭൂമി ജീവികളും ക്രിപസ്‌കുലര്‍ (Crepuscular) ആണെന്ന് പറയുന്നു. എന്നുവച്ചാല്‍ ‘തമസ്സല്ലോ സുഖപ്രദം‘ എന്നു കരുതുന്നവര്‍. വെട്ടംവീഴുന്നതിനു മുമ്പും അന്തിയ്ക്കും മാത്രം പുറത്തുവരുന്നവര്‍. പകല്‍വെളിച്ചം അവ കാണുന്നില്ല. എന്നാല്‍ സഹാറന്‍ വെള്ളി ഉറുമ്പുകള്‍ (Saharan silver ants) ചുട്ടുപൊള്ളുന്ന നട്ടുച്ചസമയത്തുപോലും മരുഭൂമി മണല്‍പരപ്പുകളിലൂടെ സുഖമായി സവാരിനടത്തും. Cataglyphis bombycina എന്നാണ് ഈ ഉറുമ്പിന്റെ ശാസ്ത്രീയനാമം. എന്തുകൊണ്ട് ഈ ഉറുമ്പുകള്‍, 80ഡിഗ്രി താപനിലയില്‍ ഉള്ള മണലില്‍കൂടി നടക്കുമ്പോള്‍ പോപ്പുകോണ്‍ പൊരിയുന്നതുപോലെ പൊരിഞ്ഞുപോകുന്നില്ല? ശാസ്ത്രജ്ഞര്‍ക്ക് തലവേദന നല്‍കിയ പ്രശ്‌നമായി മാറി അത്. പേര് സൂചിപ്പിക്കുന്നതുപോലെ ഈ ഉറുമ്പുകളുടെ ഉടലിന് വെള്ളിനിറമാണ്. നല്ല തിളക്കം. ചുട്ടുപൊള്ളുന്ന സഹാറന്‍ മരുഭൂമിയില്‍മാത്രം കാണപ്പെടുന്ന സുന്ദരജീവികള്‍.
[box type=”info” align=”” class=”” width=””]എന്തുകൊണ്ട് ഈ വെള്ളി ഉറുമ്പുകള്‍ ഉച്ചവെയിലത്തുതന്നെ സവാരിക്കിറങ്ങുന്നു? മറ്റു മരുഭൂമിജീവികളെപ്പോലെ നിലാവത്ത് പുറത്തിറങ്ങിയാല്‍ പോരേ? ഇരപിടിയന്‍മാരെ ഭയന്നാണ് അവ രാത്രി ഇറങ്ങി നടക്കാത്തത്. നട്ടുച്ചയ്ക്ക് ശത്രുക്കളെല്ലാം മണല്‍പൊത്തുകളില്‍ മയങ്ങിക്കിടക്കുമ്പോള്‍ വെള്ളി ഉറുമ്പുകള്‍ തങ്ങളുടെ തീറ്റതേടി യാത്ര തുടങ്ങുന്നു. യൂണിവേഴ്‌സിറ്റി ഓഫ് സൂറിച്ചിലെ പ്രൊഫസര്‍ റൂഡിഗര്‍ വെഹ്‌നരും (Rudiger Wehner) സഹപ്രവര്‍ത്തകരും വെള്ളി ഉറുമ്പിന്റെ നട്ടുച്ചപ്രയാണത്തെപ്പറ്റി പഠിക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. ഈ ഉറുമ്പുകളുടെ ന്യൂറോഫിസിയോളജി, പെരുമാറ്റരീതി, പ്രത്യേകിച്ച് അവയുടെ കാഴ്ചയിലൂടെയുള്ള പ്രത്യഭിജ്ഞാനം എന്നിവയിലാണ് ശാസ്ത്രജ്ഞര്‍ ആകൃഷ്ടരായത്. 2015 ജൂലൈ ലക്കം സയന്‍സ് മാസികയില്‍, ഈ ചെറുജീവികള്‍, ഉയര്‍ന്ന താപനിലയില്‍പോലും ചൂടേല്‍ക്കാതിരിക്കുന്നതെങ്ങനെ? എന്ന ചോദ്യത്തിന് പ്രൊഫസര്‍ റൂഡിഗര്‍ വെഹ്‌നര്‍ ഉത്തരം നല്‍കുന്നു.[/box]
ശരീരവലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെള്ളി ഉറുമ്പുകള്‍ക്ക് നീണ്ട കാലുകളാണുള്ളത്. അതുകൊണ്ട്, നിലത്തുനിന്ന് 4-5 മില്ലിമീറ്റര്‍ ശരീരത്തെ ഉയര്‍ത്തിനിര്‍ത്താന്‍ കഴിയുന്നു. അതിനാല്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഏതാണ്ട് ഒരു സെന്റിമീറ്റര്‍ വലുപ്പമുള്ള ശരീരം താഴത്തെ മണല്‍പ്പരപ്പിനെയപേക്ഷിച്ച് കുറഞ്ഞ താപനിലയില്‍ നിലനിര്‍ത്തപ്പെടുന്നു. നീണ്ട കാലുകള്‍ ഉള്ളതുകൊണ്ട് വളരെവേഗത്തില്‍ ചലിക്കാന്‍ കഴിയുന്നു. തീനടത്തക്കാര്‍ക്ക് പൊള്ളലേല്‍ക്കാതിരിക്കാന്‍ കാരണം ദ്രുതചലനമാണല്ലോ. തീറ്റതേടിയുള്ള ഉറുമ്പുകളുടെ ഈ ഓട്ടം, അതിമനോഹരമായി വെഹ്‌നറും കൂട്ടരും വീഡിയോയില്‍ പിടിച്ചിട്ടുണ്ട്. മാളത്തില്‍നിന്ന് വളരെ അകലെ ഇരതേടിപോകുന്ന ഈ കുട്ടി ഉറുമ്പുകള്‍ക്ക് എങ്ങനെ വന്നവഴി ഓര്‍ത്തിരിക്കാന്‍ കഴിയുന്നു? തുടക്കസ്ഥലത്തെ കാഴ്ചകളും ഗന്ധവും മസ്തിഷ്‌കത്തില്‍ ശേഖരിച്ചുവയ്ക്കാനുള്ള അപാരകഴിവ് വെള്ളി ഉറുമ്പുകള്‍ക്കുണ്ട്.
ചൂടില്‍നിന്ന് ഇവ രക്ഷപ്പെടുന്നതെങ്ങനെ? അതിശക്തമായ താപക്രമീകരണ സംവിധാനം ഇവയുടെ ശരീരത്തിലുണ്ട്. ശരീരത്തിന്റെ പൃഷ്ടഭാഗത്തും വശങ്ങളിലുമുള്ള നേര്‍ത്ത രജതരോമങ്ങളാണ് ഈ ഉറുമ്പുകള്‍ക്ക് വെള്ളിത്തിളക്കം നല്‍കുന്നത്. ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ചാണ് രോമങ്ങളുടെ രൂപത്തെപ്പറ്റിയുള്ള പഠനങ്ങള്‍ നടത്തിയത്. അറ്റത്ത് എത്തുമ്പോള്‍ നേര്‍ത്തുവരുന്ന മുക്കോണാകൃതിയുള്ള പരിച്ഛേദം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഈ രോമരാജികള്‍ക്ക് ബഹുധര്‍മങ്ങളാണുള്ളത്. ഭൗതികത്തിന്റെ നിയമങ്ങള്‍ കൃത്യമായി ഈ ജീവികളുടെ ശരീരത്തിലും പ്രവര്‍ത്തനത്തിലും പാലിക്കപ്പെടുന്നു. രോമത്തിന്റെ മുക്കോണ ഉപരിതലം, പൂര്‍ണ ആന്തരിക പ്രതിഫലനത്തെ സഹായിക്കുന്നതിനാല്‍, സൗരപ്രകാശ സ്‌പെക്ട്രത്തിലെ ദൃശ്യമേഖലയിലേയും ഇന്‍ഫ്രാറെഡ് മേഖലയിലേയും പ്രതിഫലനശേഷി വര്‍ധിപ്പിക്കുന്നു. സോളാര്‍ പാനലുകളുടെ പ്രവര്‍ത്തനത്തിന് നേരെ വിപരീതമായിട്ടാണ് ഇവിടെ സംഭവിക്കുന്നത്. താപം, ആഗിരണം ചെയ്യുന്നതിനുപകരം ഉറുമ്പിന്റെ സൂക്ഷ്മരോമരാജി താപത്തെ പുറന്തള്ളുന്നു. അതായത് ശരീരത്തില്‍ ചൂടേല്‍ക്കുന്നില്ലെന്നര്‍ഥം. ഉയര്‍ന്ന താപത്തെയും ജലക്ഷാമത്തെയും നേരിടാനുള്ള ശരീരസംവിധാനങ്ങള്‍ മരുഭൂമി ജീവികളില്‍ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഉദാഹരണമായി ചില സഹാറന്‍ എലികള്‍ ഉപാപചയംവഴി ഉല്‍പാദിപ്പിക്കപ്പെടുന്ന ജലംതന്നെ മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. മരുഭൂമിയിലെ ജീവജാലങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ നമുക്ക് വളരെയധികം പ്രയോജനകരമാണ്. തീര്‍ത്തും ഹിതകരമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുവാന്‍ ആവശ്യമായ സംവിധാനങ്ങള്‍ക്ക് രൂപകല്പന നല്‍കുവാന്‍ ഈ പഠനം നമ്മെ സഹായിക്കും.